സെൽഫികൾ പൂക്കുന്ന കാലം...
കസേരയുടെ മുകളിൽ നിൽക്കുകയായിരുന്ന ആ പെൺകുട്ടിയുടെ കുഞ്ഞുടുപ്പ് താഴെ നിന്ന് പതിയെ വലിക്കുന്ന അവളുടെ കുഞ്ഞനിയത്തി. എന്തിനോ വേണ്ടി വാശി പിടിക്കുന്ന അനിയത്തിയെ മൈൻഡ് ചെയ്യാതെ, പെൺകുട്ടി കൈവിരലുകൾ വി ആകൃതിയിലാക്കി, യോ യോ മുദ്ര കാണിച്ച് കണ്ണുകൾ കൂർപ്പിച്ച് ഒരു കൃത്രിമ ചിരി ചുണ്ടിൽ പിടിപ്പിച്ച് പതിയെ തന്റെ കൈയിലെ സെൽഫി സ്റ്റിക്കിന്റെ ബട്ടൺ അമർത്തി. അവളുടെ പിന്നിൽ ഏറെ പുറകിൽ ഒരുക്കിയിരിക്കുന്ന േസ്റ്റജിൽ പ്രശസ്ത ഗായിക പാടുന്നു. ഉടനെ ചിത്രം കന്പ്യൂട്ടർ ജാലകത്തിന്റെ അപ്പുറത്ത് കണ്ണുമിഴിച്ച് ഇരിക്കുന്നവരുടെ ലോകത്തിന്റെ മുന്നിലേയ്ക്ക്. “മി വിത്ത് ശ്രേയാ ഗോഷാൽ”... വലിയ കഷ്ടപ്പാടുകൾക്ക് ഒടുവിൽ ആ ഗുജറാത്തി പെൺകുട്ടി പതിയെ കസേരയിലേയ്ക്ക് ഇറങ്ങി വന്നു. ശല്യപ്പെടുത്തിയതിന് അനിയത്തിക്ക് കിട്ടി തലയ്ക്ക് ഒരു കൊട്ട്.
രാവ് പകൽ വ്യത്യാസമില്ലാതെ സെൽഫികൾ പൂക്കുന്ന ലോകമാണിത്. പ്ലേസ്ക്കൂളിൽ പോകുന്ന കൊച്ചു കുട്ടികൾ മുതൽ അവസാന ശ്വാസം നീട്ടി വലിക്കുന്ന വല്യപ്പച്ചന്‍മാർ വരെ ഒരു മൊബൈൽ ക്യാമറ സ്വന്തം കൈത്തലത്തിൽ വെച്ച് ഫോട്ടോകളെടുക്കുന്നു. പണ്ട് മറ്റുള്ളവരുടെ ഫോട്ടോ എടുക്കാനുള്ള ആവേശമായിരുന്നു നമുക്കുണ്ടായിരുന്നത്. എന്നാൽ അത് മാറി സ്വയം പ്രദർശിപ്പിക്കാനുള്ള അവസരമായിട്ട് സെൽഫികൾ മാറിയിരിക്കുന്നു. മുന്പ് പൊങ്ങച്ചമടിക്കാൻ വട്ടം കൂടിയിരുന്നവർ ഇന്ന് സെൽഫിക്ക് മുന്പിൽ സായൂജ്യമടയുന്നു. ഉണ്ണുന്നതും, ഉറങ്ങുന്നതുമൊക്കെ സെൽഫിയാക്കി സോഷ്യൽ നെറ്റ് വർക്കിംഗ് സൈറ്റുകളിൽ ഷെയർ ചെയ്ത് ലൈക്കുകൾ വാങ്ങി കൂട്ടുന്നവരും അതിന്റെ സന്തോഷത്തിൽ മറ്റെല്ലാം മറന്നുപോകുന്നവരും നമ്മുടെ ഇടയിൽ ഏറി വരികയാണ്.
സെൽഫി വഴി പ്രശസ്തരാകുന്നവരും ഈ കാലഘട്ടത്തിന്റെ പ്രത്യേകതയാണ്. നമ്മുടെ പ്രധാനമന്ത്രി തന്നെ ഇതിന്റെ പ്രഥമ ഉദാഹരണം. മുന്പ് സാമൂഹ്യ മാധ്യമങ്ങൾ വരുന്നതിന് മുന്പ് പത്രത്തിലോ ടെലിവിഷനിലോ ഒന്ന് മുഖം വരുത്താൻ അത്ര എളുപ്പം സാധിക്കുമായിരുന്നില്ല. എന്നാൽ അതിന് പ്രതികാരം ചോദിക്കുന്ന കാഴ്ച്ചയാണ് ഇപ്പോൾ നമ്മൾ കാണുന്നത്. ഫേസ് ബുക്ക് പോലെയുള്ള ഇടങ്ങൾ വന്നപ്പോൾ സ്വന്തം ചിത്രം നാലാളെ കാണിക്കുന്നതിൽ എന്താണ് തെറ്റെന്ന് നമ്മളും ചോദിച്ചുതുടങ്ങി.
എന്ത് കിട്ടിയാലും മലയാളി ആദ്യം ഉപയോഗിക്കുന്നത് അതിന്റെ നെഗറ്റീവ് വശമായിരിക്കും എന്ന് പറയാറുണ്ട്. സെൽഫി എടുക്കാനുള്ള സൗകര്യം വന്നപ്പോൾ നമ്മുടെ ഇടയിൽ സെൽഫികൾ കുറച്ച് വിശാലമായ അർത്ഥത്തിൽ തന്നെ എടുക്കുന്ന ഹോട്ട് മല്ലൂസും നിറയാൻ തുടങ്ങിയത് ഇത് കാരണമായിരിക്കാം. ഒളിക്യാമറകളെക്കാൾ അപകടകാരികളാകും ഇത്തരത്തിലുള്ള ചൂടൻ സെൽഫികളെന്ന് പലപ്പോഴും ചെറുപ്രായത്തിൽ കുട്ടികൾ തിരിച്ചറിയുന്നില്ല. ഒരു കുഞ്ഞുമുറിയും, ഒരാളുടെ സ്വകാര്യതയും ചുമരുകളില്ലാത്ത ലോകത്തിന് മുന്പിലേയ്ക്ക് എത്ര വേഗം തുറക്കപ്പെടുമെന്ന് ഇത്തരം സെൽഫികളെടുക്കുന്നവരിൽ ഭൂരിഭാഗം പേരും തിരിച്ചറിയുന്നില്ല.
ചിലപ്പോൾ ചില സെൽഫി വിദഗ്ദ്ധരെ കാണുന്പോൾ ഇതൊരു രോഗമാണോ ഡോക്ടർ എന്ന ചിന്ത നമ്മിലും ഉയരാറുണ്ട്. നാർസിസം എന്ന സ്വനുരാഗപരമായ രോഗത്തിന്റെ ഒരു മുഖമായി സെൽഫി ഭ്രമത്തെ കാണുന്നവരുമുണ്ട്. അപകടകരമായ സാഹചര്യങ്ങളിൽപോലും സെൽഫിയെടുത്ത് തന്റെ കേമത്തം നാട്ടുകാരോട് വിളിച്ച് പറയാൻ മത്സരിക്കുന്ന ഈ ലോകത്ത് പലപ്പോഴും അത് വിളിച്ചു വരുത്തുന്ന ദുരന്തങ്ങൾ വലിയ വാർത്തകളായി മാറുന്നു. റെയിൽവെ ട്രാക്കിൽ സെൽഫി എടുക്കാൻ പോയി തീവണ്ടിക്കടിയിൽപ്പെട്ട് ജീവൻ നഷ്ടപ്പെട്ടവർ മുതൽ മൃഗശാലയിലെ മൃഗങ്ങൾക്കൊപ്പം സെൽഫി എടുത്ത് അവരുടെ കടി വാങ്ങിയവർ വരെ നമ്മുടെ ഇടയിൽ ധാരാളം. സ്മാർട്ട് ഫോണിന്റെ വല്ലാത്തൊരു ലോകം നമ്മുടെ കുടുംബബന്ധങ്ങളെ വളരെയധികം ബാധിച്ചുതുടങ്ങിയതിനോടൊപ്പമാണ് സെൽഫി പ്രേമവും നമ്മുടെ ഇടയിൽ സജീവമായിരി്ക്കുന്നത്. സെൽഫികൾ പൂക്കുന്ന ഈ കാലത്ത് അമിതമായാൽ അമൃതവും വിഷം എന്ന് മാത്രം ഓർത്തു കൊണ്ട്....
വാൽകഷ്ണം: ഒരു ചടങ്ങിൽ രണ്ട് മണിക്കൂറുകളോളം അടുത്തടുത്ത കസേരയിൽ ആയിരുന്നുവെങ്കിലും ഒന്നും ഉരിയാടാതിരുന്നയാൾ ഒടുവിൽ ഇറങ്ങാറായപ്പോൾ ചോദിച്ചത് എന്റെ വാട്സ്ആപ് നന്പർ ആയിരുന്നു. ഇടയ്ക്കൊക്കെ വാട്സ് ആപ്പിൽ സംസാരിക്കാം എന്ന് അദ്ദേഹം പറഞ്ഞപ്പോൾ, രാവിലെ മുതൽ ഗ്യാലറിയിൽ വന്നു വീഴുന്ന ഫോട്ടോകളെ ഡിലീറ്റ് ചെയ്യുന്ന ദുരവസ്ഥ ആലോചിച്ച് ഞാൻ ചിരിച്ചു. ആ കൂട്ടത്തിൽ ഇനി ഒരാൾ കൂടി എന്നുറപ്പിച്ച് നന്പർ പറഞ്ഞു തുടങ്ങി.. 3645..!!