ബഹളം വെച്ചില്ലെങ്കിലും കേൾക്കും...
നിശബ്ദതയാണ് ഏറ്റവും വലിയ പ്രാർത്ഥനയെന്നും മൗനത്തിന് സംസാരിക്കാൻ പറ്റുന്നത്ര ശക്തിയോടെ മറ്റൊന്നിനും സംവേദിക്കാൻ സാധിക്കില്ലെന്നും എത്രയോ ദാർശനികന്മാർ നമ്മോട് പറഞ്ഞിട്ടുണ്ട്. ജീവിതം അർത്ഥശൂന്യമായ വെറും ശബ്ദകോലാഹലമാണെന്ന ഷെയ്കസ്പിയറുടെ വാക്കുകളും ഈ നേരത്ത് നമുക്ക് ഓർക്കാം എന്നാൽ അബദ്ധവശാൽ ശബ്ദമുണ്ടാക്കിയാണ് ശക്തി തെളിയിക്കേണ്ടതെന്ന് നമ്മിൽ പലരും വിചാരിക്കുന്നു. ഇത് തെളിയിക്കുന്നതിന്റെ മാതൃകകളാണ് രാഷ്ട്രീയ സംഘടനകൾ നടത്താറുള്ള ശക്തിപ്രകടനങ്ങൾ. മതവും ഒരു തരത്തിൽ രാഷ്ട്രീയം തന്നെയാണെങ്കിലും പലപ്പോഴും അത് രാഷ്ട്രീയ പ്രവർത്തനത്തെക്കാൾ കവച്ചുവെക്കുന്ന രീതിയിൽ വളർന്നു പന്തലിക്കാറുണ്ട്. അപ്പോഴാണ് മതവും ശബ്ദമുഖരിതമാകുന്നത്. ശക്തി തെളിയിക്കാനുള്ള ഈ തത്രപ്പാടിൽ ബലിയാടാകുന്നത് പാവം ജനങ്ങൾ തന്നെ.
വർഷത്തിൽ ഒരിക്കൽ നടക്കുന്ന ഉത്സവങ്ങളും, പെരുന്നാളുകളും അതോടനുബന്ധിച്ച് ഉണ്ടാകുന്ന ആഘോഷങ്ങളും നമുക്ക് മനസ്സിലാക്കാൻ സാധിക്കുന്ന കാര്യമാണ്. എന്നാൽ അത് ദിവസവും സംഭവിക്കുന്പോൾ അംഗീകരിക്കാൻ പ്രയാസമാകും. നമ്മുടെ നാട്ടിൽ ഇത്തരം ഒരു സാഹചര്യം നിലനിൽക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ കഴിഞ്ഞ ദിവസം മുസ്ലീം ലീഗിന്റെ അദ്ധ്യക്ഷൻ ഹൈദരാലി ശിഹാബ് തങ്ങൾ ചന്ദ്രിക ദിനപത്രത്തിലൂടെ എഴുതിയ ഒരു ലേഖനം ഏറെ പ്രശംസനീയമാണെന്ന് പറയാതിരിക്കാൻ വയ്യ. പള്ളികളിൽ ഉച്ചഭാഷിണി ഉപയോഗം നിയന്ത്രിക്കണമെന്നും ബാങ്ക്‌വിളികൾ പരിസരവാസികൾക്ക് അസഹ്യമുണ്ടാക്കരുതെന്നുമാണ് വിശ്വാസി സമൂഹത്തോട് അദ്ദേഹം നിർദ്ദേശിച്ചത്. ഉത്തരകേരളത്തിലെ നിരവധി മുസ്ലിം ആരാധനാലയങ്ങളുടെ ഖാസിസ്ഥാനമുള്ള ഹൈദരാലി ശിഹാബ് തങ്ങളുടെ അർത്ഥവത്തും അവസരോചിതവും ആയ ഈ ആഹ്വാനം കേരളത്തിലെ ഇതര മതവിശ്വാസികളും ഗൗരവത്തോടെ കാണേണ്ടതാണ്. ഉച്ചഭാഷിണികൾ മാർക്കറ്റിങ്ങ് ടൂളായി ഉപയോഗിക്കുന്പോൾ ഇന്നത്തെ കേരള സാഹചര്യത്തിൽ അത് ഗുണം ചെയ്യണമെന്നില്ല. ദൈവം ചെവി കേൾക്കാൻ പറ്റാത്ത ആളാണെന്ന രീതിയിൽ ഭക്തിവ്യാപാരികൾ അവർ ഏത് മതത്തിലായാലും അലറിക്കൊണ്ട് അവരവരുടെ വിശ്വാസങ്ങളെ പ്രതിഫലിപ്പിക്കാൻ ശ്രമിക്കുന്പോൾ അത് ബഹുസ്വരങ്ങളെ ഒന്നിച്ച് കൊണ്ടു പോകുന്ന ഒരു സമൂഹത്തിൽ സൃഷ്ടിക്കുന്ന അലോസരങ്ങൾ ചില്ലറയല്ല എന്ന തിരിച്ചിറവാണ് അദ്ദേഹത്തിനുണ്ടായിരിക്കുന്നത്. പറയുന്ന വാചകകങ്ങളിൽ സ്നേഹവും നന്മയും ഉണ്ടെങ്കിൽ കേൾക്കുന്ന മനുഷ്യർ അതിനായി കാത് കൂർപ്പിച്ചുകൊള്ളും എന്ന തത്വത്തെ മനസ്സിലാക്കിയുള്ള ഈ ഒരു ആഹ്വാനത്തെ ജാതിമതഭേദമന്യേ സ്വീകരിച്ചാൽ അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന വർഗ്ഗീയമനസ്സുകൾക്ക് അത് തിരിച്ചടിയാകുമെന്നത് ഉറപ്പാണ്.
ഈശ്വര സാന്നിദ്ധ്യമുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന ഇടങ്ങളിലാണ് വിശ്വാസികൾ ഒത്തുകൂടുന്നത്. അവിടെ അവർ ആഗ്രഹിക്കുന്നത് ശാന്തിയും സമാധാനവും ആശ്വാസവുമാണ്. അതോടൊപ്പം നല്ല പ്രഭാഷണങ്ങൾ കേൾക്കാനുള്ള അവസരങ്ങൾ ലഭിക്കുമെങ്കിൽ ആത്മീയമായ തലത്തിൽ അവർ അത് ആസ്വദിക്കും. പക്ഷെ ആരാധനാലയങ്ങളുടെ മതിൽക്കെട്ടിനപ്പുറത്തുള്ളവർ ഇത്തരം ആശ്വാസ വചനങ്ങളെ ആഗ്രഹിക്കാത്തവരോ, അല്ലെങ്കിൽ അവരുടെ വിശ്വാസപ്രമാണങ്ങൾക്ക് എതിരോ ആയി വരുമ്പോൾ അവർ അതിനെയൊക്കെ കണ്ടു തുടങ്ങുന്നത് ശത്രുതാ ഭാവത്തിലായിരിക്കും.
തൊട്ടപ്പുറത്തുള്ള അമ്പലത്തിൽ പി.ലീല പാടുന്ന സുപ്രഭാതം എത്ര തന്നെ മധുരതരമാണെങ്കിലും രാവിലെ എഴുന്നേറ്റ് പഠിക്കാൻ ശ്രമിക്കുന്ന ഒരു കുട്ടിയുടെ ദിവസം നശിപ്പിക്കുന്നതാകുമ്പോൾ അത് പുണ്യമാകുന്നില്ല, മറിച്ച് വലിയ പാപങ്ങളിലൊന്നായി മാറും തീർച്ച. ഇതിൽ താത്പര്യമുള്ളവർ രാവിലെ എഴുന്നേറ്റ് തീർച്ചയായും അമ്പലത്തിലെത്തിയിരിക്കും.
മതങ്ങളെ പോലെ തന്നെ രാഷ്ട്രീയ പാർട്ടികളും ഇത്തരമൊരു നിലപാട് സ്വീകരിക്കേണ്ടതുണ്ട്. വരാനിരിക്കുന്ന തദ്ദേശഭരണ തെരഞ്ഞെടുപ്പിൽ കേരളം മുഴുവൻ ഓരോ കവലകളിലും പരസ്പരം വെല്ലുവിളിക്കുന്ന, തൊണ്ട പൊട്ടിക്കുന്ന രാഷ്ട്രീയനേതാക്കൾ നിറയും. ദയവ് ചെയ്ത് അവിടെ പഠിക്കുന്ന കുട്ടികളെ പറ്റിയെങ്കിലും നിങ്ങൾ ഓർക്കണം. സംസ്‌കാരമെന്ന വാക്കിന്റെ വലിയ അർത്ഥം അന്യരെപ്പറ്റിയുള്ള കരുതൽ എന്നാണ്. അക്കാര്യം പലപ്പോഴും മറന്നുപോകുന്നതുകൊണ്ടാണ് നമ്മുടെ സമൂഹത്തിൽ ഞാനും എന്റെ കൂട്ടരും എന്ന സ്വാർത്ഥ താത്പര്യം വളർന്നു വരുന്നത്. കേരളം പോലെ നാനാജാതി മതസ്ഥർ സ്നേഹത്തോടെ ജീവിച്ച് വരുന്ന ഒരിടത്ത് അത് മാറ്റി മറിക്കാൻ ശ്രമിക്കുന്നവരെ തളർത്താൻ ഇത്തരം ആഹ്വാനങ്ങൾ സഹായിക്കും എന്നതുറപ്പാണ്. ഇത്തരം നിയന്ത്രണങ്ങൾ വരുന്നില്ലെങ്കിൽ വരും നാളുകളിൽ സൗണ്ട് പ്രൂഫ് ചുമരുകളെ തേടി മലയാളികൾ പോകുന്ന കാലം വിദൂരമല്ല !!