എന്ത് സുഖം, ജീവിച്ചുപോകുന്നു...
“ഒരു സിംഹം തനിയെ പുൽമേടുകളിൽ വെയിൽ കായുന്നു. തൊട്ടുമുന്പിലാണെങ്കിൽ എണ്ണിയാലൊടുങ്ങാത്ത കലമാനുകൾ ഒന്നിനുപിറകെ ഒന്നായി വളരെ വേഗതയിൽ ഓടുന്നു. കെനിയയിൽ നിന്നും താൻസാനിയയിലേയ്ക്ക് കുടിയേറുന്നതിന്റെ ആവേശത്തി
ലാണവർ. പെട്ടന്നാണ് മറ്റൊരു സിംഹം ആ മാൻകൂട്ടത്തിനിടയിലേയ്ക്ക് ചാടി വീണ് ഓടി കൊണ്ടിരുന്ന ഒരു മാനിന്റെ ചങ്ക് കടിച്ച് പറിച്ചെടുത്തു അവിടെ നിന്ന് വലിച്ചെടുത്തു കൊണ്ടുപോയത്. തങ്ങ
ളിലൊരുവനെ സിംഹം പിടിച്ചുവെന്നറിഞ്ഞിട്ടു പോലും ആ കലമാനുകൾ ഓട്ടം നിർത്തിയിരുന്നില്ല. അവർ ഓടി കൊണ്ടിരുന്നു. രണ്ടു സിംഹങ്ങളും കൂടി കിട്ടിയ ഇരയെ പങ്ക് വെച്ചു.”
കുടിയേറി പാർക്കുന്നത് പ്രകൃതിയിൽ മനുഷ്യൻ മാത്രമല്ല. മൃഗങ്ങളും, പക്ഷികളും ചിലപ്പോൾ ചെടികളുംവരെ തങ്ങളുടെ ആവാസ വ്യവസ്ഥയിൽ നിനച്ചിരിക്കാതെ ആഘാതങ്ങൾ ഉണ്ടാകുന്പോൾ കുറച്ചുകൂടി നല്ലൊരു സ്ഥലത്തേയ്ക്ക് സ്വയം പറിച്ചുനടാൻ ഉള്ള ശ്രമം നടത്തും. ഇന്ന് ലോകം കണ്ടുകൊണ്ടിരിക്കുന്നത് തങ്ങളുടെ ജീവന് സംരക്ഷണം വേണം എന്ന് കൈകൂപ്പി ആവശ്യപ്പെടുന്നവരുടെ, ഒരു തുണ്ട് ഭൂമിയോ, നാണം മറയ്ക്കാൻ വസ്ത്രമോ, ഒരു നേരത്തെ ആഹാരത്തിനുള്ള വകയോ ഇല്ലാത്ത ലക്ഷകണക്കിന് മനുഷ്യജന്മങ്ങളുടെ കൂട്ടപാലായനമാണ്. സിറിയ, ഇറാഖ്, ഇറാൻ, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്ന് ദിനം പ്രതി ലക്ഷക്കണക്കിന് അഭയാർത്ഥികളാണ് അയൽരാജ്യങ്ങളിലേയ്ക്കും, യൂറോപ്പിലേയ്ക്കും പല രീതിയിൽ എത്തികൊണ്ടിരിക്കുന്നത്. തീവ്രവാദവും ഏകാധിപത്യഭരണവും ജീവിതം ദു:സ്സഹമാക്കിയ നാടുകളിൽ നിന്നാണ് ഇവർ വരുന്നത്. ഒരു തെറ്റും ചെയ്യാതെ തന്റെ നിഷ്ക്കളങ്ക ബാല്യം ലോകമനസാക്ഷിക്ക് മുന്പിൽ തീറെഴുതികൊടുക്കേണ്ടി വന്ന അയ്‌ലൻ കുർദി എന്ന മൂന്ന് വയസ്സുള്ള സിറിയൻ ബാലന്റെ ചേതനയറ്റ ശരീരം തുർക്കി തീരത്തണഞ്ഞപ്പോൾ നിരവധി ഉത്തരമില്ലാത്ത ചോദ്യങ്ങൾക്ക് മുന്പിൽ നമുക്കൊക്കെ പകച്ച് നിൽക്കേണ്ടി വന്നു. കളിച്ചും ചിരിച്ചും വളരേണ്ട ബാല്യം പീരങ്കികളുടെയും വെടിയുണ്ടകളുടെയും മുന്നിൽ എന്ത് ചെയ്യണമെന്നറിയാതെ അഭയാർത്ഥികളായി മാറ്റപ്പെടുന്നതിൽ ആരാണ് ഉത്തരവാദികൾ എന്ന് സ്വയം ചോദിച്ചു കൊണ്ടേയിരിക്കുകയാണ് ഇപ്പോഴും നമ്മൾ.
യു.എൻ അഭയാർത്ഥി സമിതിയുടെ കണക്ക് പ്രകാരം ആഭ്യന്തര കലാപം മൂലം നാടുവിട്ട സിറിയൻ അഭയാർത്ഥികളുടെ മാത്രം എണ്ണം 40 ലക്ഷം കവിഞ്ഞിരിക്കുന്നു. നിരന്തരമായി ആയിരക്കണക്കിന് കുടുംബങ്ങൾ ഇന്നും പലായനം ചെയ്തുകൊണ്ടിരി
ക്കുന്നു. വലിയൊരു വിഭാഗം ജനങ്ങളും തുർക്കിയടക്കമുള്ള അയ
ൽരാജ്യങ്ങളിൽ അഭയാർത്ഥികളായി അലയുകയാണ്. ഈ ഒരു കൂട്ടപാലായനം സമീപഭാവിയിൽ തന്നെ ലോകത്തിന്റെയും വിശിഷ്യാ യൂറോപ്പിന്റെയും സന്തുലിതാവസ്ഥയ്ക്ക് കോട്ടം ഉണ്ടാക്കുമെന്ന കാര്യം ഉറപ്പാണ്. യൂറോപ്പ്യൻ യൂണിയനിൽപ്പെട്ട രാജ്യങ്ങൾ അറിഞ്ഞോ അറിയാതെയോ കൊളുത്തിവെച്ച പ്രശ്നങ്ങൾ തന്നെയാണ് ഇത്തരമൊരു അഭയാർത്ഥി പ്രവാഹത്തിന് കാരണമായിരിക്കുന്നത്. സിറിയ പോലെയുള്ള രാജ്യങ്ങളിൽ ഭീകരതയും അഭ്യന്തരയുദ്ധങ്ങളും വളർത്തുവാൻ ലോകപോലീസിനൊപ്പം മിനക്കെട്ടവരാണ് പലരും. അത് ഇപ്പോൾ തിരിച്ചടിക്കുന്നു എന്നു മാത്രം.
സിറിയയിൽ നിന്നും അഫ്ഗാനിസ്ഥാനിൽ നിന്നും എത്തുന്ന അഭയാർത്ഥികൾ മാസിഡോണയും സെർബിയയും കടന്ന് ഹംഗറിയിലേക്ക് എത്തുകയാണ് ചെയ്യുന്നത്. ഇവിടെനിന്ന് ജർമ്മനിയിലേക്കും ആസ്ട്രിയയിലേക്കും എത്താനാണ് ശ്രമിക്കുന്നതെങ്കിലും നിരന്തരമായ പ്രകോപനങ്ങളും താമസപ്രശ്‌നങ്ങളും കാരണം തിരിഞ്ഞോടാൻ ശ്രമിക്കുന്നവരും അനവധിയാണ്.
ജീവൻ കയ്യിൽ പിടിച്ച് അതിസാഹസികമായി മെഡിറ്റേറിയൻ കടൽ കടക്കുന്നവരാണ് അധികംപേരും. അനധികൃതമായി കുടിയേറിപ്പാർക്കുന്നവരുടെ അറ്റമില്ലാത്ത കണക്കുകൾ ഇനിയും പുറത്തുവന്നിട്ടില്ല.
ആരുടെയൊക്കെയോ കൈയിലെ കളിപാവകളായി ലക്ഷകണക്കിന് മനുഷ്യർ മാറുന്പോൾ നഷ്ടപ്പെടുന്നത് മനുഷ്യത്വം തന്നെയാണ്. പലായനം ചെയ്യുക എന്ന ഒരു വഴിയല്ലാതെ മറ്റൊന്നും ഇവർക്ക് മുന്നിൽ തുറക്കപ്പെടുന്നില്ല.
അഞ്ചാം വർഷത്തിലേക്ക് കടക്കുന്ന സിറിയൻ ആഭ്യന്തര യുദ്ധത്തിൽ ഇതിനകം 2,20,000 പേർ മരിച്ചിട്ടുണ്ടെന്നതാണ് അഭയാർത്ഥി സമിതിയുടെ കണക്കുകൾ രേഖപ്പെടുത്തുന്നത്. രക്തരൂഷിതമായ സംഘർഷം വ്യാപിച്ചിട്ടും ഏതെങ്കിലും ഒരുപക്ഷത്തിനുള്ള വിജയമോ ആക്രമണങ്ങൾക്ക് അറുതിയോ ഉണ്ടായിട്ടില്ല എന്ന് പറയുന്പോൾ ഇനിയും എന്തൊക്കെ ഈ ലോകം കാണാനിരിക്കുന്നു എന്നതിനെ പറ്റി ചിന്തിച്ചാൽ ഒരു അന്തവും കിട്ടുന്നില്ല എന്നതാണ് സത്യം!
ലോകമെന്പാടും മനുഷ്യത്വരഹിതമായ ഇത്തരം കാര്യങ്ങൾ നടക്കുന്പോഴും ഒരു വലിയ പ്രകൃതിദുരന്തമോ, അഭയാർത്ഥി പ്രശ്നമോ, ആരോഗ്യപ്രശ്നമോ, അപകടങ്ങളോ, മാറാവ്യാധികളോ, യുദ്ധങ്ങളോ ഇതുവരെ സ്പർശിച്ചിട്ടില്ലാത്ത മലയാളിയോട് “സുഖമാണോ എന്ന് ചോദിക്കുന്പോൾ ആ എന്ത് സുഖം, ഇങ്ങിനെയൊക്കെ ജീവിച്ചുപോകുന്നു” എന്നു പറയുന്നതാണ് ഈ ജീവിതകാലഘട്ടത്തിൽ അനുഭവിക്കുന്ന ഏറ്റവും വലിയ വിരോധാഭാസം എന്നുപറയാതെ വയ്യ !!