എരിയുന്ന വയറാണ് പ്രശ്നം
ദക്ഷിണേന്ത്യയിലെ തന്നെ സുഖവാസ കേന്ദ്രത്തിൽ പ്രധാനപ്പെട്ട ഒരു സ്ഥാനമുള്ള മൂന്നാർ, രാഷ്ട്രീയ കേരളത്തെ പലപ്പോഴും പിടിച്ചുലച്ച് പുതിയ ചിന്തകൾ സമൂഹത്തിനു പകർന്നു നൽകിയ ഇടം കൂടിയാണ്. സ്ഥലം കയ്യേറ്റവുമായി ബന്ധപ്പെട്ട് പഞ്ചനക്ഷത്ര ഹോട്ടലുകൾ ജെ.സി.ബി ഉപയോഗിച്ച് തകർത്തതും മൂന്നാറിൽ തന്നെയായിരുന്നു. ഇത്തവണ മൂന്നാർ രാഷ്ട്രീയ കേരളത്തിനെ ഞെട്ടിച്ചത് രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയോ ട്രെയ്ഡ് യൂണിയനുകളുടെയോ പിൻബലമില്ലാതെ തോട്ടം തൊഴിലാളികളായ വനിതകൾ നടത്തിയ സമരമാണ്. ഇത് കേരളത്തിൽ നിലനിന്ന് പോരുന്ന ട്രെയിഡ് യൂണിയൻ രാഷ്ട്രീയ നേതൃത്വങ്ങൾക്ക് വലിയൊരു തിരിച്ചടിയാണെന്ന് പറയാതിരിക്കാൻ വയ്യ. പഞ്ചായത്ത്തല തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ ഉയർന്നു വന്ന സ്ത്രീ ശക്തിയാണ് ഈ സമരം. ഇതിൽ നിന്നും ആവേശം ഉൾക്കൊണ്ട് പലയിടത്തേക്കും സമരം വ്യാപിക്കുകയാണ്.
മുതലാളിമാരുമായുള്ള ട്രെയ്ഡ് യൂണിയൻ നേതാക്കളുടെ അവിശുദ്ധ കൂട്ടുകെട്ടുകൾ തിരിച്ചറിഞ്ഞ് അവരെ മാറ്റി നിർത്തികൊണ്ട് സമരം ചെയ്തു എന്നതാണ് മൂന്നാർ സമരത്തിന്റെ പ്രത്യേകത. ഓരോ സമരവും തങ്ങളുടെ സ്വാർത്ഥ താത്‌പര്യങ്ങൾ സംരക്ഷിക്കാനുള്ള വിലപേശൽ വേദികളായി മാറ്റുന്നതിൽ ഏറെ കഴിവുകൾ പ്രകടിപ്പിക്കാറുള്ള ട്രേയ്ഡ് യൂണിയൻ നേതാക്കൾക്ക് മുഖമടച്ചുള്ള ഒരു അടി തന്നെയായി മാറി ഈ സമരം. തൊഴിലാളി സമരത്തിനു നേതൃത്വം നൽകേണ്ടത് പുരുഷന്മാർ മാത്രമായിരിക്കണമെന്ന ധാരണയും ഈ സമരത്തോടെ ഇല്ലാതായി. സമരം ഉദ്ഘാടനം ചെയ്യാൻ എം.പിയോ എം.എൽ.എയോ ഒക്കെ വേണമെന്ന വിശ്വാസവും ഇവർ തകിടം മറിച്ചു. സമരങ്ങളെ വെറുതെ വന്ന് അഭിവാദ്യം ചെയ്ത് അത് പബ്ലിസിറ്റിക്ക് വേണ്ടി ഉപയോഗിക്കുന്ന രാഷ്ട്രീയക്കാരെയും ഇവർ അടിച്ചോടിച്ചു. കോടിക്കണക്കിന് രൂപയുടെ ആസ്ഥിയുള്ള നിരവധി പേർ അണികൾ ആയുള്ള മുഖ്യ പ്രതിപക്ഷ കക്ഷി ആഹ്വാനം ചെയ്യുന്ന സമരങ്ങൾ പോലും പരാജയപ്പെടുന്ന കേരളത്തിൽ അത്തരം മേനി പറയാൻ ഒന്നുമില്ലാതിരുന്ന ഒരു സമരം വിജയിച്ചതും വിപ്ലവത്തിന്റെ ചോരച്ചാലുകൾ നീന്തി കടന്നു വന്നവർക്കും തീർച്ചയായും പുതിയ സംഭവമാകും എന്നുറപ്പാണ്. തങ്ങൾ നടത്തുന്ന സമരമല്ലെങ്കിൽ ബാക്കിയൊക്കെ തീവ്രവാദമാണെന്ന് പറയാൻ മടി കാണിക്കാത്ത ട്രെയ്ഡ് യൂണിയൻ നേതാവിനെ കേരള ജനത ഒട്ടാകെ കടന്നാക്രമിച്ചതും ഈ ദിവസങ്ങളിൽ തന്നെ. ആകെ ഗോളടിച്ചത് പ്രതിപക്ഷ നേതാവ് വി.എസ് അച്ചുതാനന്ദൻ മാത്രം. ശരിയായ സമയത്ത് ശരിയായ നീക്കം നടത്താൻ അദ്ദേഹത്തിന് ഒരിക്കൽ കൂടി കഴിഞ്ഞിരിക്കുന്നു. ഇനിയും ഏറെ കാര്യങ്ങൾ അദ്ദേഹത്തിൽ നിന്നും പഠിക്കാൻ ഉണ്ടെന്നും തെളിയിക്കുന്നതായിരുന്നു ആ പ്രകടനങ്ങൾ.
ഭൂരിപക്ഷത്തെ വളരെ ചെറിയൊരു ന്യൂനപക്ഷം അനാവശ്യമായി ചൂഷണം ചെയ്തു തുടങ്ങിയപ്പോഴാണ് നമ്മുടെ ഇടയിൽ വർഗ്ഗ ബോധം വളർത്തി ട്രെയിഡ് യൂണിയൻ പ്രസ്ഥാനങ്ങൾ ഉണ്ടായത്. ഭരണത്തിൽ ഉണ്ടായിരുന്നവരുടെ തണലിലാണ് പണ്ട് മുതലാളിമാർ ഈ ക്രൂരതകൾ നടത്തി വന്നത്. ആദ്യകാലത്ത് തങ്ങളുടെ സഹപ്രവർത്തകർക്കൊപ്പം അദ്ധ്വാനിച്ചവർ തന്നെ യൂണിയന്റെ കാര്യങ്ങൾ നിയന്ത്രിച്ചിരുന്നു. പിന്നീട് കാലം മാറി വന്നപ്പോൾ യൂണിയൻ നേതാക്കൾ തങ്ങളുടെ വെട്ടിത്തിളങ്ങുന്ന ഖദറിൽ കറ പുരളാത്തവരായി മാറി. അവർ അദ്ധ്വാനിക്കാതെ എ.സി മുറിയിൽ ഇരുന്ന് ആജ്ഞാപിക്കുന്നവരായി മാറി. ഒപ്പം ആർക്കെതിരെയാണോ യൂണിയനുകൾ ഉണ്ടായത്, അവർക്കൊപ്പം തോളോട് തോൾ ചേർന്ന് നിന്ന് സ്വന്തം വർഗ്ഗത്തെ ഒറ്റിക്കൊടുക്കാൻ ട്രെയ്ഡ് യൂണിയൻ നേതാക്കൾ എന്ന് വിളിക്കപ്പെടുന്നവർ രാഷ്ട്രീയ ഭേദമന്യേ ഒരുമിച്ചു. അത്തരമൊരു സാഹചര്യത്തിലാണ് മൂന്നാറിൽ ഉണ്ടായത് പോലെ പുതിയ സമരങ്ങൾ കേരളത്തിൽ ഉണ്ടായിരിക്കുന്നത്. ഇതൊന്നും സമരത്തിനു വേണ്ടിയുള്ള സമരങ്ങളല്ല എന്ന് കൂടി പറയേണ്ടിയിരിക്കുന്നു. ഏറി വരുന്ന ചിലവുകൾ താങ്ങാൻ വയ്യാതെ ആത്മഹത്യയുടെ വക്കിൽ എത്തി നിൽക്കുന്ന തൊഴിലാളികളാണ് നേരിട്ട് സമരരംഗത്ത് ഇറങ്ങുന്നത്. ഇവർക്ക് ചിലപ്പോൾ സോഷ്യലിസത്തെ പറ്റിയോ യൂണിയൻ രാഷ്ട്രീയത്തെ കുറിച്ചോ ഒന്നും അറിവുണ്ടാകില്ല. ദാസ് ക്യാപിറ്റലോ വൈരുദ്ധ്യാത്മക ഭൗതിക വാദമോ വായിച്ചു പഠിച്ചിട്ടുണ്ടാകില്ല. പക്ഷെ ജീവിതം നൽകുന്ന കഠിനമായ ബുദ്ധിമുട്ടുകളെ പറ്റി അവർക്കറിയാം. പണ്ട് കവി പറഞ്ഞത് പോലെ എരിയുന്ന വയർ തന്നെയാണ് ഇവരുടെ പ്രശ്നം. ഇതറിയാനുള്ള ഒരവസരമായി നമ്മുടെ രാഷ്ട്രീയ പാർട്ടികളും ട്രെയ്ഡ് യൂണിയനുകളും ഈ സമരത്തെ കാണുമെന്ന പ്രത്യാശയോടെ...