കെനിയ ഓർമ്മിപ്പിക്കുന്നത്


“എന്റെ വീട്ടിലേക്ക് സ്വാഗതം”, കെനിയയിലെ മാസിമാറ ദേശീയ വനത്തിനുള്ളിൽ തന്നെയുള്ള ഒരു ആദിവാസി ഗ്രാമത്തിലെത്തിയപ്പോഴായിരുന്നു കാതിൽ കടുക്കനും, തലയിൽ മെടഞ്ഞിട്ട മുടിയും, മഞ്ഞപ്പല്ലുമുള്ള ആ കാപ്പിരി സുഹൃത്ത് സ്നേഹത്തോടെ ഞങ്ങളെ അദ്ദേഹത്തിന്റെ ആ കുഞ്ഞുവീട്ടിലേയ്ക്ക് ക്ഷണിച്ചത്. അദ്ദേഹത്തിന്റെ കൈ പിടിച്ചു കൊണ്ട് വീടിനകത്തേയ്ക്ക് കയറാൻ തുടങ്ങിയപ്പോൾ തല താഴ്‌ത്തി നടക്കുവാൻ ഉപദേശം. കയറിയപ്പോൾ ആദ്യം വരവേറ്റത് നല്ല ഇരുട്ടായിരുന്നു. പതിയെ ഒരു ജനലിലൂടെ ചെറിയ വെളിച്ചം അകത്തേയ്ക്ക് കയറി വരാൻ തുടങ്ങി. ചുവരിനോട് ചേർത്ത് വെച്ച പലകയിൽ ഇരുന്നു. വീടിനകത്ത് ഉണ്ടായിരുന്ന രണ്ട് സഹോദരന്മാരെയും അദ്ദേഹം പരിചയപ്പെടുത്തി. രണ്ടു കിടപ്പു മുറികളാണ് ഈ കുഞ്ഞ് വീടിനുള്ളത്. തീവണ്ടികളിലെ രണ്ടു ബർത്തുകൾ ചേർത്ത് വച്ചാൽ ലഭിക്കുന്ന വിസ്തീർണ്ണത്തിൽ ഉള്ള അറയാണ് ഇവിടുത്തെ കട്ടിലുകൾ. മേൽക്കുരയ്ക്ക് ഉപയോഗിച്ചിരിക്കുന്നത് ഇലകളും ചാണകവുമായിരുന്നു. തറ മണ്ണ് തന്നെ. രണ്ടു മുറികളുടെയും നടുക്ക് ഒരു അടുപ്പ്. അതിൽ കഴിക്കാനുള്ള ഉച്ചഭക്ഷണം വേവിക്കുന്നു. സ്ത്രീകളാണ് ഇവിടെ വീടുകൾ നിർമ്മിക്കുന്നത്. പഴങ്ങൾ തീരെ കഴിക്കാത്ത ഇവരുടെ പ്രിയ ഭക്ഷണം പാലും, പശുവിന്റെ ചോരയും മാംസവുമാണ്. ഒരു ആൺ‍കുട്ടി പ്രായമായാൽ അവനെ കാടുകളിലേയ്ക്ക് അയക്കും. അവിടെ ദിവസങ്ങളോളം കാത്ത് നിന്ന് ഒരു സിംഹ കുഞ്ഞിനെ കീഴടക്കി അതിന്റെ തല ഗ്രാമത്തിലേയ്ക്ക് കൊണ്ട് വന്നാൽ മാത്രമേ ആ കുട്ടി മുതിർന്ന ആളായി എന്ന് പ്രഖ്യാപിക്കുകയുള്ളു. അതിനു ശേഷം പത്ത് പശുക്കളെ സന്പാദിച്ചാൽ ആദ്യത്തെ വിവാഹം കഴിക്കാം. പിന്നീട് മുപ്പത് പശുക്കളെ ഓരോ തവണയും സ്വന്തമാക്കിയാൽ പുതിയൊരു പെൺ‍കുട്ടിയെ കൂടി വിവാഹം കഴിക്കാം. ഇങ്ങനെ അഞ്ച് ഭാര്യമാർ വരെ ഇവർക്കുണ്ടാകും. ഓരോ ഭാര്യക്കും അവരിലുണ്ടാകുന്ന കുട്ടികൾക്കും വേറെ വേറെ വീടുകൾ. ഗോത്രമായി ജീവിക്കുന്നത് കൊണ്ട് തന്നെ ഗോത്ര തലവന്റെ വാക്കുകളാണ് അവസാന വാക്ക്. അടുത്തുള്ള സ്‌കൂളിൽ പോകാൻ ഇവർ മടികാണിക്കുന്നില്ല. അതുകൊണ്ട് തന്നെ ഇംഗ്ലീഷ് അടക്കമുള്ള നാല് ഭാഷകളിലും ഇവർക്ക് പ്രാവീണ്യമുണ്ട്.

കുറച്ച് നേരം ഇവർക്കൊപ്പം ആ വീടുകളിൽ ഇരുന്നതിനു ശേഷം പതിയെ പുറത്തേയ്ക്ക് ഇറങ്ങിയപ്പോൾ ഞാൻ ചിന്തിച്ചത്, തങ്ങളുടെ സംസ്കാരത്തെ മറക്കാതെ തന്നെ ആധുനികതയുടെ ഭാഷയും, സംസ്കാരവും മനസ്സിലാക്കാൻ അവർ കാണിക്കുന്ന ഉത്സാഹത്തെ പറ്റിയുമാണ്. പണം ആധുനിക സമൂഹത്തിൽ സൃഷ്ടിക്കുന്ന ചതികളിലൊന്നും വീഴാതെ ഇവർ ഈ ചെറിയ മൺ‍ വീടുകളിൽ മൃഗങ്ങൾക്കൊപ്പം സുഖമായി ജീവിക്കുന്നു എന്നത് ജീവിതത്തെ പറ്റിയുള്ള ഇതുവരെയുള്ള നിരീക്ഷണങ്ങളെ അട്ടിമറിക്കുന്നതായിരുന്നു എന്ന് പറയാതെ വയ്യ.

യാത്ര എന്നത് ഒരു മനുഷ്യൻ നിരന്തരം ചെയ്തുകൊണ്ടിരിക്കേണ്ടതാണ് എന്ന സത്യം ഒരിക്കൽ കൂടി ഉറപ്പിക്കുന്നു മൂന്ന് ദിവസങ്ങളിലെ കെനിയൻ യാത്ര.  ഒരു സ്ഥലത്ത് തന്നെ കെട്ടിക്കിടക്കുന്ന വെള്ളം ദുർഗന്ധ പൂരിതമാണെന്നു പറയാറുണ്ട്. അതുകൊണ്ട് തന്നെ മനുഷ്യ ജീവിതം ഒഴുകുന്ന വെള്ളം പോലെയായിരിക്കണം ഒരിക്കലും ഒരു സ്ഥലത്ത് തന്നെ കുറെയേറെ കാലം നിൽക്കരുതെന്ന് ബേപ്പൂർ സുൽത്താൻ വൈക്കം മുഹമ്മദ്‌ ബഷീർ ഒരിക്കൽ പറഞ്ഞത് ഓർക്കുന്നു. കുറേക്കാലം അങ്ങനെ നിന്നാൽ, നമ്മൾ നിൽക്കുന്ന ആ സ്ഥലത്തിനു ചുറ്റുമാണ് ലോകത്തിലെ ബാക്കിയെല്ലാം കറങ്ങുക എന്ന തെറ്റായ ഒരു ധാരണ നമുക്കുണ്ടാകും എന്നതാണ് അദ്ദേഹം അതിനു പറഞ്ഞ ന്യായം. വോയ്സ് ഓഫ് കേരളയുടെ ക്ഷണപ്രകാരമായിരുന്നു അന്പതിലധികം പേരുടെ കൂടെ കെനിയയിലെത്താനുള്ള അവസരം ലഭിച്ചത്. രണ്ട് രാത്രികൾ കാടിനകത്തും, ഒരു രാത്രി നഗര മധ്യത്തിലും. യാത്രയ്ക്ക് പുറപ്പെടും മുന്പ് കെനിയയെ പറ്റിയും ആഫ്രിക്കയെ പറ്റിയും ഉണ്ടായിരുന്ന എല്ലാ മുൻ വിചാരങ്ങളും മാറി എന്നതാണ് സത്യം. ബോക്കോ ഹറം പോലുള്ള കൊടും തീവ്രവാദികൾ നീട്ടിപിടിച്ച തോക്കുമായി കാത്തു നിൽക്കുന്ന ഇടങ്ങളായിരിക്കും ഇവിടങ്ങൾ എന്ന ധാരണയെ തട്ടിത്തെറിപ്പിച്ചു കൊണ്ട്, നമ്മെക്കാൾ നന്നായി സംസാരിക്കുന്ന, ലോകത്തിലെ എല്ലാ വിഷയങ്ങളിലും സ്വന്തമായി അഭിപ്രായമുള്ള നല്ല മനുഷ്യരായിട്ടാണ് ഓരോ കെനിയൻ പൗരനും ഞങ്ങളുടെ മുൻപിൽ പരിചയപ്പെടാൻ എത്തിയത്. ടൂറിസം പ്രധാനമായ വരുമാന മാർഗ്ഗമാണ് ഇവർക്കും. എങ്കിലും ഒരിടത്ത് പോലും പ്രകൃതിയെ വേദനിപ്പിച്ചു കൊണ്ടോ, പരിസരം വൃത്തികേടാക്കി കൊണ്ടോ ഇവർ ടൂറിസം വളർത്തുന്നില്ല. ഓരോ ഇടവും ഏറ്റവും വൃത്തിയായി വെച്ചിരിക്കുന്നത് കണ്ടപ്പോൾ സത്യത്തിൽ ദൈവത്തിന്റെ സ്വന്തം നാട് എന്ന് ആവശ്യത്തിനും അനാവശ്യത്തിനും നമ്മൾ വിളിക്കുന്ന കേരളനാടിന്റെ ദുരവസ്ഥ ആലോചിച്ച് ദുഃഖം തോന്നി. എന്നാണു നമ്മുടെ നാട് കെനിയയെ പോലെ പ്രകൃതി സൗന്ദര്യം നിലനിർത്തി ആർക്കും ഭയക്കാതെ കയറി വരാൻ പറ്റുന്ന പരിസര ശുചിത്വമുള്ള ഒരിടമായി മാറുക എന്ന ചിന്ത സഹയാത്രികരോട് പങ്ക് വെച്ചപ്പോൾ എല്ലാവരുടെയും മുഖത്ത് പുച്ഛം എന്ന വികാരം മാത്രമായിരുന്നു തെളിഞ്ഞത്. ഒപ്പം ഒരു സുഹൃത്തിന്റെ പരിഹാസവും. “ഗോഡ്സ് ഓൺ കണ്ട്രി” അല്ല ഇനി വിളിക്കേണ്ടത് “ഡോഗ്സ് ഓൺ‍ കണ്‍ട്രി” എന്നല്ലേ!

തെരുവ് പട്ടികളെ പേടിച്ച് നാട്ടുകാർക്ക് പുറത്തിറങ്ങാൻ പോലും പറ്റാത്ത നമ്മുടെ നാടിനെ പിന്നെ എന്താണ് വിളിക്കേണ്ടതെന്ന സുഹൃത്തിന്റെ ചോദ്യത്തിന് മുൻപിൽ പകച്ചു പോയി എന്റെയും ആ നിമിഷങ്ങൾ.

You might also like

Most Viewed