മുൻപിൽ വരേണ്ടത് യുവാക്കൾ


“ഏറ്റവും വേഗം കൂടിയ സിംഹത്തേക്കാൾ ഓട്ടത്തിൽ മുന്പിലെത്തണം അല്ലെങ്കിൽ നശിക്കും എന്നറിഞ്ഞുകൊണ്ടാണ് ആഫ്രിക്കയിലെ ഓരോ പ്രഭാതത്തിലും ഓരോ കലമാനും ഉറക്കത്തിൽ നിന്നും ഉണരുന്നത്. അതേസമയം താൻ ഏറ്റവും വേഗം കൂടിയ കലമാനിനെക്കാൾ വേഗത്തിൽ ഓടണം അല്ലെങ്കിൽ പട്ടിണിയാകും എന്നറിഞ്ഞു കൊണ്ടാണ് ഇവിടെയുള്ള സിംഹങ്ങൾ എന്നും ഉറക്കമുണരുന്നത്. മനുഷ്യ കുലത്തിന്റെ കാര്യം ഇതിൽ നിന്നും വിഭിന്നമല്ല. നിങ്ങൾ സിംഹമായാലും കലമാനായാലും നില നിൽക്കണമെങ്കിൽ മറ്റുള്ളവരേക്കാൾ വേഗത്തിൽ ഓടിയേ തീരൂ”

ദുബൈയുടെ ഭരണാധികാരിയും യു.എ.ഇയുടെ വൈസ് പ്രസിഡണ്ടുമായ ഷെയ്ക്ക് മുഹമ്മദ്‌ ബിൻ റാഷിദ് അൽ മക്തൂം എഴുതിയ ‘എന്റെ ദർശനം’ എന്ന പുസ്തകം ആരംഭിക്കുന്നത് മുകളിൽ പറഞ്ഞ വരികളുമായാണ്. ഓരോ തവണയും ലക്ഷക്കണക്കിന്‌ മലയാളികളടക്കം എത്രയോ വിദേശിയർക്ക് അന്നദാതാവായ ദുബൈയിൽ എത്തുന്പോൾ ഈ വരികൾ ഞാൻ ഓർക്കാറുണ്ട്. കഴിഞ്ഞ ദിവസം ആഫ്രിക്കൻ രാജ്യമായ കെനിയയിലേയ്ക്ക് പോകുന്ന വഴി ദുബൈയിൽ അൽപ്പനേരത്തെ വിശ്രമത്തിനു ശേഷം യാത്ര തിരിച്ചപ്പോൾ ചിന്തിച്ചതും അവിടെ നിലനിൽപ്പിനായി ഓടിക്കൊണ്ടിരിക്കുന്ന കലമാനിനെയും സിംഹത്തെയും തന്നെയാണ്.

നമ്മുടെ നാട്ടിലെ രാഷ്ട്രീയക്കാരുടെ പ്രവൃത്തികൾ കാണുന്പോൾ ഇന്നത്തെ കാലത്ത് തോന്നുന്ന പ്രധാനപ്പെട്ട കാര്യം, എന്നാണ് കൂടുതൽ വേഗതയോടെ ഓടാൻ കഴിയുന്ന ഒരു പുതിയ തലമുറ ഈ രംഗത്ത് വരിക എന്ന് തന്നെയാണ്. രാഷ്ട്രീയത്തിൽ പ്രായം കൂടും തോറും നല്ലതാണെന്ന ധാരണ നമ്മുടെ സമൂഹത്തിൽ പൊതുവേയുണ്ട്. പ്രതിപക്ഷ നേതാവ് വി.എസ് മുതൽ നിരവധി ഉദാഹരണങ്ങൾ നമുക്ക് മുന്നിലുണ്ട് താനും. എങ്കിലും പുതു രക്തങ്ങൾ വളരെ പതുക്കെ മാത്രമാണ് നമ്മുടെ രാഷ്ട്രീയ കേരളത്തിൽ കടന്നു വരുന്നത്. പഴയ തലമുറ തീരെ മോശമാണ് എന്ന് പറയാൻ സാധിക്കില്ലെങ്കിലും അവരിൽ പലതും ഇന്നിന്റെ വക്താക്കൾ ആകുന്നില്ല എന്നതാണ് യാഥാർത്ഥ്യം. ഇന്നലെകളിൽ അവർ നടത്തിയ വീരോതിഹാസങ്ങളാണ് പലപ്പോഴും നമ്മൾ കേൾക്കുന്നത്. പ്രസ്താവനകൾക്ക് അപ്പുറത്ത് ഇന്നിന്റെ ലോകത്തിനു വേണ്ടി അവർ എന്തൊക്കെയാണ് ചെയ്യുന്നത് എന്ന് പൊതു സമൂഹത്തിനു മനസ്സിലാക്കാൻ സാധിക്കുന്നില്ല.

ഇന്നത്തെ ലോകം തന്നെ അതിവേഗതയിലാണ് ഓടുന്നത്. അത്തരമൊരു സാഹചര്യത്തിൽ മുന്നിൽ നിന്നു നയിക്കാൻ ദീർഘ വീക്ഷണങ്ങളുള്ള യുവ നേതാക്കൾ തന്നെയാണ് ഇനി നമ്മുടെ നാടിന്റെ ആവശ്യം. അങ്ങനെ സംഭവിച്ചില്ലെങ്കിൽ ഒരു നാട് തന്നെയാണ് മത്സരത്തിന്റെ ഈ ലോകത്ത് പിന്തള്ളപ്പെടുക. ഇങ്ങിനെ സംഭവിച്ചാൽ ആദ്യം സൂചിപ്പിച്ചത് പോലെ പരാജയപ്പെടുന്ന കലമാനിന്റെ അവസ്ഥയിലേയ്ക്ക് എത്തും നമ്മളും നമ്മുടെ നാടും. 

കേരളത്തിൽ വരാനിരിക്കുന്ന തദ്ദേശ ഭരണ തെരഞ്ഞെടുപ്പിൽ യുവാക്കളുടെ ഒരു പുതിയ നിര സ്ഥാനാർത്ഥികളായി കടന്നു വരേണ്ടതുണ്ട്. അല്ലാതെ തലയും മുടിയും മനസും നരച്ചു പോയവരെ മാത്രം വെച്ചു കൊണ്ട് മത്സരിപ്പിക്കാൻ രാഷ്ട്രീയ കക്ഷികൾ തീരുമാനിച്ചാൽ അതിനെ എതിർക്കാനെങ്കിലും പൊതു സമൂഹം തയ്യാറാകണം.

ചൊവ്വാഗ്രഹത്തിലേയ്ക്ക് ട്രാവൽ പാക്കേജുകൾ ആരംഭിക്കാൻ ചർച്ചകൾ നടക്കുന്ന ഒരു പുത്തൻ കാലഘട്ടത്തിലൂടെയാണ് ലോകം കടന്നു പോകുന്നത്. അതേസമയം ഒരു കാലത്ത് ശാസ്ത്ര വിഷയത്തിൽ അതീവ തത്പരരായിരുന്ന മലയാളിസമൂഹം വീണ്ടും ആ ഇരുണ്ട യുഗത്തിലേയ്ക്ക് തിരികെ പോകാൻ തയ്യാറെടുത്തു കൊണ്ടിരിക്കുന്ന കാഴ്ചയാണ് സമീപ കാല രാഷ്ട്രീയ വിഷയങ്ങളെല്ലാം നമ്മോട് വിളിച്ചു പറഞ്ഞു കൊണ്ടിരിക്കുന്നത്. ഇതിനൊരു യൂടേൺ‍ അത്യാവശ്യമാണ്. പ്രൊഫഷണൽ സമീപനമുള്ള ഈ സേവനം സ്വാർത്ഥതയില്ലാതെ നൽകാൻ താൽപ്പര്യമുള്ള യുവാക്കൾ രാഷ്ട്രീയത്തിലേയ്ക്ക് ഇറങ്ങണം.  വ്യവസ്ഥിതികളോട് ചരിത്രം ഉണ്ടായത് മുതൽ കലഹിച്ചിരുന്നത് യുവത്വമാണ്. ഇന്ന് നമ്മുടെ യുവത്വം മയങ്ങി കിടക്കുകയാണ്. ഇവരെ ഉണർത്തേണ്ടതുണ്ട്. ചരിത്രം ഇടയ്ക്ക് ഓർക്കുന്നതും ആ ദീപ്ത സ്മരണകൾ ഇടയ്ക്കൊക്കെ അറിയുന്നതും നല്ലത് തന്നെ. പക്ഷെ ചരിത്രത്തിൽ ഉടക്കി പോകരുത് ജീവിതം. അങ്ങനെ സംഭവിച്ചാൽ നമ്മുടെ നാട് ഇന്നലെകളിൽ അധികമായി അഭിരമിക്കുന്ന ഒരു സ്ഥലമായി മാറും. ഷെയ്ക്ക് മുഹമ്മദ്‌ ബിൻ റാഷിദിന്റെ പുസ്തകത്തിലെ തന്നെ ആദ്യ പേജിലെ അവസാന വരികൾ കൂടി ഓർക്കട്ടെ, വിജയം ഉറപ്പു വരുത്തുവാൻ നാം മത്സരങ്ങളിൽ പങ്ക് ചേരുകയും വിജയിക്കുകയും ചെയ്തേ മതിയാവൂ. രണ്ടാമതായി ആരാണ് വന്നതെന്ന് ആരും ഒർക്കുകയില്ല. അത് എവറസ്റ്റ് കൊടുമുടി കയറിയ രണ്ടാമത്തെ ആളായാലും, ചന്ദ്രനിൽ നടന്ന രണ്ടാമനായാലും ശരി! യുവാക്കളെ നിങ്ങൾ മടിച്ചു നിൽക്കാതെ കടന്നു വരൂ!!

You might also like

Most Viewed