ഇവരോ തൊഴിലാളികൾ...
രാവിലെ അർക്കരശ്മികൾ കണ്ണിലേയ്ക്ക് അടിച്ചുതുടങ്ങുന്നതിന് മുന്പ് പതിയെ ഞാൻ റോഡിലേയ്ക്കിറങ്ങി ചെന്നു. പൊട്ടി വിരിയുന്ന പ്രഭാതത്തിനെ കാണാനുള്ള വല്ലാത്ത കൊതി കൊണ്ടായിരുന്നില്ല അത്. ഇന്ന് ദേശീയ പണിമുടക്കല്ലെ, നേതാവ് ഒരു ചക്രം പോലും ഓടാൻ പാടില്ലെന്ന് ആജ്ഞാപിച്ചിട്ടുണ്ടല്ലോ. അതുപ്രകാരം റോഡുകളിൽ ഏതെങ്കിലും വാഹനം ഓടുന്നുണ്ടാകുമോ എന്നറിയാനുള്ള അത്യാകാംക്ഷ കൊണ്ടായിരുന്നു പതിവ് തെറ്റിച്ചുള്ള നേരത്തെ എഴുന്നേൽക്കൽ. ഗേറ്റിന്റെ പുറത്ത് നിന്നു നോക്കുന്പോൾ ഇൻഫോപാർക്കിന്റെ റോഡുകളിലൂടെ പതിയെ കുറെ ന്യൂജനറേഷൻ തൊഴിലാളികൾ നടന്നു വരുന്നു. ഈ സമരം നമുക്ക് പുല്ലാണെന്ന് പറഞ്ഞുകൊണ്ട് ജോലി ചെയ്യാൻ അവർ വരുന്നത് കണ്ടപ്പോൾ തന്നെ ആയിരം സൂര്യന്‍മാർ ആകാശത്ത് നിരന്ന് നിൽക്കുന്ന സന്തോഷം എന്റെ മനസ്സിൽ നിറഞ്ഞു. ഇരുചക്ര വാഹനങ്ങളും പതിയെ ഓടുന്നുണ്ട്.
ഇന്നത്തെ അഖിലേന്ത്യാ പണിമുടക്ക് സത്യത്തിൽ എന്തിനാണ് എന്ന ചോദ്യത്തിന് ഉത്തരം തേടി നടന്നപ്പോൾ ആണ് ഫേസ് ബുക്കിൽ അതിന്റെ നോട്ടീസ് ബഹ്റിനിലെ ഒരു സുഹൃത്ത് ഷെയർ ചെയ്തത് കണ്ടത്. വളരെ ആവേശകരമാണ് ഓരോ മുദ്രാവാക്യവും. വിലക്കയറ്റം തടയുക എന്നതാണ് ആദ്യത്തെ മുദ്രാവാക്യം. ഒരു ദിവസം പണിമുടക്കിയാൽ എങ്ങിനെയാണ് വിലക്കയറ്റം തടയാൻ സാധിക്കുക എന്ന ചോദ്യം മനസ്സിൽ ഉയർന്നെങ്കിലും അതിനെ ഞാൻ തള്ളി മാറ്റി. രണ്ടാമത്തെ മുദ്രാവാക്യം അതിലും പ്രസക്തം. തൊഴിലും തൊഴിലവസരങ്ങളും വർദ്ധിപ്പിക്കുക. ആഹാ, അപ്പോൾ പിന്നെഎന്തിനാ ഉള്ള തൊഴിലുകൾ പോലും മുടക്കാൻ ആഹ്വാനം ചെയ്യുന്നത്. ഇങ്ങിനെ ഇടയ്ക്കിടെ മുടക്കുന്നവരാണെങ്കിൽ ആരാണ് നമുക്ക് തൊഴിൽ തരിക. ചോദ്യം പാടില്ലെന്നല്ലെ. മിണ്ടാതിരിക്കാം. തൊഴിൽ നിയമങ്ങൾ കർശനമായി നടപ്പാക്കുക എന്നതാണ് മൂന്നാമത്തെ ആവശ്യം. നടപ്പാക്കുന്നില്ലെങ്കിൽ അതിനല്ലെ കോടതികൾ. അവരെ സമീപിക്കുന്നതല്ലെ ജനജീവിതം സ്തംഭിപ്പിക്കുന്നതിലും നല്ലത്. ശൂ.. മിണ്ടരുത്. അസംഘടിത തൊഴിലാളികൾക്ക് സാമൂഹ്യസുരക്ഷ ഉറപ്പാക്കണമെന്നത് അടുത്ത ആവശ്യം. പാവപ്പെട്ട ജനങ്ങൾക്ക് നോക്കുകൂലി ഉൾപ്പടെയുള്ള സാമൂഹ്യദ്രോഹ നടപടികളിൽ നിന്ന് എന്തെങ്കിലും സുരക്ഷ കിട്ടാൻ സാധ്യതയുണ്ടോ എന്നതിന് ‘കന്പിളിപുതപ്പ്’ എന്ന മറുപടി. പൊതുമേഖല തകർക്കരുത് എന്ന് ആവശ്യം. അത് നല്ല കാര്യം. പക്ഷെ സേവനം നൽകുന്നതിന് പകരം സമരം ചെയ്ത് പൊതുമേഖല പൂട്ടിക്കുന്നത് ആരാണെന്നറിയാൻ ബി.എസ്.എൻ.എൽ പോലെയുള്ള പൊതുമേഖല സ്ഥാപനങ്ങൾ ഇടയ്ക്ക് ഒന്ന് സന്ദർശിക്കുന്നത് നന്നായിരിക്കുമെന്ന് പറഞ്ഞാൽ തൊഴിലാളി വിരുദ്ധൻ. കരാർ തൊഴിലാളികൾക്കും സ്ഥിരം തൊഴിലാളികളുടെ കൂലിയെന്നതാണ് അടുത്ത ആവശ്യം. ഇത് തികച്ചും ന്യായമായ ആവശ്യം. ചെയ്യുന്ന ജോലിക്ക് എല്ലാവർക്കും ഒരേ കൂലി കൊടുക്കണം. അത് ഒരു പോലെ തന്നെയാകട്ടെ. മിനിമം കൂലി മാസത്തിൽ 15,000 രൂപ ആക്കുക എന്നതാണ് അടുത്ത ആവശ്യം. ജോലി ചെയ്യാൻ ഉദ്ദേശിക്കുന്ന ആർക്കും കേരളനാട്ടിൽ ഇന്ന് കുറഞ്ഞത് അഞ്ഞൂറ് രൂപ ദിവസം കൊടുക്കേണ്ടേ. കൊടുത്താൽ തന്നെ വരാൻ ആളുണ്ടോ എന്ന ചോദ്യത്തിനും ഉത്തരമില്ല. ഇതോടൊപ്പം പി.എഫ്, ഗ്രാറ്റിവിറ്റി പരിധി വർദ്ധിപ്പിക്കുക, എല്ലാവർക്കും പെൻഷൻ നൽകുക, ടി.യു റെജിസ്ട്രേഷൻ വൈകിപ്പിക്കരുത്, വിവിധ തൊഴിൽ നിയമങ്ങളിൽ നടപ്പാക്കാൻ ലക്ഷ്യമിടുന്ന ഭേദഗതികൾ പിൻവലിക്കുക, ഭൂനിയമഭേദഗതി പിൻവലിക്കുക തുടങ്ങിയവയാണ് മറ്റ് ആവശ്യങ്ങൾ.
ചിലതൊക്കെ ന്യായമായ ആവശ്യങ്ങൾ തന്നെയാണ്. പക്ഷെ കേരളത്തിലെ മൂന്നര കോടി ജനതയിൽ ഒരു ദിവസം മുന്നൂറ് രൂപ വെച്ചെങ്കിലും ലഭിക്കുന്ന ഒരുകോടി ആളുകൾ പണിമുടക്കിയാൽ സംസ്ഥാനത്തിന്റെ വരുമാനനഷ്ടം അനേകായിരം കോടികൾ കവിയും എന്നു കൂടി മനസ്സിലാക്കേണ്ടതുണ്ട്. ആ നഷ്ടത്തിന് ആരാണ് ഉത്തരവാദി. ചുമട്ടു തൊഴിലാളി മുതൽ ബാർബർ ഷോപ്പ് യൂണിൻ വരെയുള്ള സർവ്വ യൂണിയനുകളുടെയും ഏതെങ്കിലും ഒരു നേതാവിന്റെ ഖദറിൽ എപ്പോഴെങ്കിലും ചുളിവ് വീണ ചരിത്രമുണ്ടോ. ഒരുതുള്ളി വിയർപ്പ് ഇവർ ജോലി ചെയ്ത് ഉറ്റിച്ചിട്ടുണ്ടോ. തങ്ങൾ പ്രതിനിധാനം ചെയ്യുന്ന ഓരോ തൊഴിൽ മേഖലയും അനുഭവിക്കുന്ന യഥാർത്ഥ പ്രയാസങ്ങളെ പറ്റി ഇവരെപ്പോഴെങ്കിലും ബോധവാൻമാർ ആയിട്ടുണ്ടോ. കേരളമങ്ങോളമിങ്ങോളം വഴി നീളെ ഫ്ളെക്സ് ബോർഡുകളിൽ വെളുക്കെ ചിരിക്കുന്ന ഇവരൊക്കെയാണോ നമ്മുടെ തൊഴിലാളി നേതാക്കൾ തുടങ്ങിയ ചിന്തകളും ഈ നേരത്ത് പരസ്പരം പകരേണ്ടതുണ്ട്.
ഇന്നത്തെ തൊഴിലാളി നേതാക്കൻമാർ തൊഴിലാളികളല്ല, മറിച്ച് ഇവിടെയുള്ള മുതലാളിമാരുടെ കാണപ്പെട്ട ദൈവങ്ങളാണെന്ന് തിരിച്ചറിയുന്ന ഒരു പ്രഭാതത്തെ സ്വപ്നം കാണേണ്ടിയിരിക്കുന്നു. അതു വരേയ്ക്കും നമുക്കും ഒത്ത് ചേർന്ന് മുദ്രാവാക്യം വിളിക്കാം, “സ്തംഭിപ്പിക്കും... സ്തംഭിപ്പിക്കും... പുറത്തിറങ്ങിയാൽ കുത്തികുടലെടുക്കും...