എന്നും വിശ്വസ്തമായിരിക്കട്ടെ...


ഗൾഫ് എന്നത് മലയാളികളെ സംബന്ധിച്ചടുത്തോളം എത്രയോ കാലമായി സ്വപ്ന ഭൂമിയാണ്. സ്വർണം കുഴിച്ചെടുക്കുന്ന ഇടമായിട്ടാണ് ഇന്നും സാധാരണ മലയാളികൾ ഈ രാജ്യങ്ങളെ കാണുന്നത്. അതിന് കാരണമായത് കുറേ മനുഷ്യരാണ്. കൈയിൽ ഒരു കാലണ പോലുമില്ലാതെ കപ്പൽ കയറി പോയ ഇവർ വർഷങ്ങൾക്ക് ശേഷം അറബികഥയിലെ സുൽത്താൻമാരെ പോലെ തിരികെ വന്നപ്പോൾ മലയാളികൾക്ക് അറബി നാട് ഇഷ്ട ഇടമായി മാറി. നാട് വിട്ട് മറ്റൊരു നാടായി ഈ മരുഭൂമി മാറി. 

ഇവിടെ വന്ന് സന്പന്നതയുടെ പരകോടിയിലെത്തി, ദാരിദ്ര്യത്തിന്റെ പടുകുഴിയേല്ക്ക് വീണു പോയവർ ധാരാളമുണ്ട്. ഇത്തരം വീഴ്ച്ചകൾ എന്നും ആഘോഷിക്കപ്പെടുന്നവയാണ്. പ്രത്യേകിച്ച് നമ്മൾ മലയാളികൾക്ക് അത്തരം വാർത്തകൾ പങ്കുവെക്കുന്നതിൽ ഒരു തരം വാസന തന്നെയുണ്ട് എന്ന് പറയാം. സ്വന്തം വീട്ടിൽ വൈദ്യുതി ഇല്ലെങ്കിൽ വീടിന് പുറത്ത് ഇറങ്ങി തൊട്ടപ്പുറത്തെ വീട്ടിലും വൈദ്യുതി ഇല്ലെന്ന് ഉറപ്പ് വരുത്തി സമാധാനം നേടുന്നവരാണ് നമ്മളിൽ ഭൂരിഭാഗവും. അതിന് പകരം അയൽവാസിയെയും കൂട്ടി ആ പ്രശ്നത്തിന് പരിഹാരം കാണാൻ ശ്രമിക്കുന്നവർ നമ്മുടെ ഇടയിൽ തുലോം കുറവാണെന്ന് പറയാതിരിക്കാൻ വയ്യ. 

കഴിഞ്‍ഞ രണ്ടു മൂന്നു ദിവസങ്ങളിലായി ഓൺലൈൻ മാധ്യമങ്ങളിലും പ്രമുഖ ഇംഗ്ലീഷ് പത്രത്തിലും വല്ലാതെ കത്തികയറുന്ന ഒരു വാർത്തയാണ് അറ്റ്ലസ് എന്ന വലിയ ജ്വല്ലറി ഗ്രൂപ്പിന്റെ ഉടമയായ ശ്രീ രാമചന്ദ്രൻ വലിയൊരു തുകയുടെ കടബാധ്യത വരുത്തി ദുബൈയിൽ നിന്നും മറ്റൊരിടത്തേയ്ക്ക് പോയി എന്നത്. എന്നാൽ യഥാർത്ഥത്തിൽ എന്താണ് അദ്ദേഹത്തിന് സംഭവിച്ചതെന്ന് ഇപ്പോഴും ആർക്കും തന്നെ വ്യക്തമല്ല. തന്റെ ബുദ്ധി കൊണ്ടും, കഠിന പ്രയത്നം കൊണ്ടും ആരെയും ഉപദ്രവിക്കാതെ വളരെ നന്മയോടെ തന്റെ ബിസിനസ് സാമ്രാജ്യം വളർത്തി കൊണ്ടുവന്ന മനുഷ്യസ്നേഹിയാണ് ശ്രീ രാമചന്ദ്രൻ എന്നാണ് അദ്ദേഹത്തൊടൊപ്പം എത്രയോ തവണ വളരെ അടുത്ത് ഇടപഴകിയപ്പോഴൊക്കെ ഞാൻ മനസിലാക്കിയത്. കുവൈത്തിലെ ഒരു ബാങ്കിൽ സാധാരണ ജോലിക്കാരനായി ജീവിതം ആരംഭിച്ച് ഏതൊരു ഗൾഫ് വ്യവസായിയെയും പോലെ വളരെ ശ്രദ്ധയോടെയാണ്  തന്റെ ജ്വല്ലറി വ്യവസായം ഗൾഫിലും ഇന്ത്യയിലും അദ്ദേഹം വളർത്തിയത്. എത്രയോ പ്രമുഖ ജ്വല്ലറിക്കാരുെട പേരുകൾ പലപ്പോഴും വിവാദങ്ങളിൽ പെട്ടപ്പോഴും അറ്റ്ലസിന്റെ പേര് അതിലേയ്ക്കൊന്നും തന്നെ കടന്നുവന്നില്ല. സിനിമയോടും, കലകളോടും ഉള്ള തന്റെ ഭ്രമം മറച്ച് വെക്കാതെ പ്രകടിപ്പിച്ചത് മാത്രമായിരുന്നു അദ്ദേഹത്തിന് ബിസിനസുകാരൻ എന്നതിലുപരിയായി ഉണ്ടായിരുന്ന വ്യത്യസ്തത. ഒരു കലാകാരൻ എന്ന രീതിയിൽ അറിയപ്പെടുന്നത് അദ്ദേഹത്തിന് ഏറെ താത്പര്യമുള്ള കാര്യവുമായിരുന്നു. കലയോടുള്ള ഈ അതിമോഹമാണ് അദ്ദേഹത്തിന്റെ വ്യവസായത്തിന് അൽപ്പം ക്ഷീണമുണ്ടാക്കിയെതെന്നാണ് ഇപ്പോൾ പറയുന്നത്. 

ജ്വല്ലറിക്ക് പുറമേ ആരോഗ്യരംഗത്തും അറ്റ്ലസിന്റെ സാന്നിധ്യം ഇന്നും സജീവമാണ്. ഒമാനിൽ ഓൺലൈനിലൂടെ പല കാരുണ്യപ്രവർത്തനങ്ങളും ചെയ്യുന്ന സരസ്വതി മനോജ് ഇന്ന് കാലത്ത് ഫേസ്ബുക്കിൽ കുറിച്ച വാക്കുകൾ തന്നെ പലതും നമ്മോട് പറയുന്നു. “അറ്റ്‌ലസ് രാമചന്ദ്രൻ എന്ന ബിസിനസുകാരന്റെ വീഴ്ച (അങ്ങനെ ഉണ്ടായോ എന്ന് അറിയില്ല), വല്ലാതെ ആഘോഷിക്കുന്നവർ അവരുടെ ആശുപത്രിയിൽ നടക്കുന്നത് കൂടി അറിയണം. ഇപ്പോഴും ഒരു വലിയ തുക, ഞാൻ ഉൾപ്പെട്ട, കൊച്ചു സംഘടന  ഈ ആശുപത്രിയിൽ അടയ്ക്കാൻ ഉണ്ട്. ആ നന്മ ഒന്നും കാണാനും അറിയാനും ആരും ഇല്ല. ഇനി അഥവാ ഏതെങ്കിലും തരത്തിൽ ഉള്ള സാന്പത്തിക പ്രതിസന്ധി അദ്ദേഹത്തിന് ഉണ്ടായിട്ടുണ്ട് എങ്കിൽ, ഈ സ്ഥാപനത്തിന്റെ നന്മ, ഈ പ്രതിസന്ധി നേരിടാൻ മാർഗം തെളിയിക്കും. ആശുപത്രി അടച്ചു പൂട്ടുന്നു തുടങ്ങി കഥകൾ ഇറക്കുന്നവരോട്, ഞങ്ങൾ ഇന്നും പോയിരുന്നു അവിടെ എന്നറിയക്കട്ടെ”. 

ഇത് ആശുപത്രിയുടെ മാത്രം കാര്യമല്ല. അറ്റ്ലസിന്റെ പല ശാഖകളും ഇതെഴുതുന്നത് വരെയും തുറന്നു പ്രവർത്തിക്കുന്നുണ്ട് എന്നാണ് മനസിലാക്കാൻ സാധിക്കുന്നത്. ഗൾഫ് മേഖലയിലുണ്ടായിരിക്കുന്ന പ്രതിസന്ധികളും, സ്വർണനിരക്കിലുണ്ടായ മാറ്റങ്ങളുമൊക്കെ ചിലപ്പോൾ ഇദ്ദേഹത്തിന്റെ ബിസിനസിനെ പ്രതികൂലമായി ബാധിച്ചിരിക്കാം. അത് കൊണ്ട് തന്നെ പണം കടമെടുത്തിരിക്കുന്ന ബാങ്കുകളിലെ അടവുകൾ മുടങ്ങിയിരിക്കാം. പക്ഷെ അത് തിരിച്ച് നൽകാനുള്ള സ്വത്ത് വകകൾ ഈ ഗ്രൂപ്പിന് ഇന്നുണ്ടെന്ന് തന്നെ വേണം വിശ്വസിക്കാൻ. അതു കൊണ്ട് തന്നെ ഗൾഫിലെ ഒട്ടുമിക്ക മലയാളി സംഘടനകളെയും, എത്രയോ പാവപ്പെട്ടവരെയും  സന്പത്ത് ഉണ്ടായപ്പോൾ കൈ അയച്ച് സഹായിച്ചിരുന്ന രാമചന്ദ്രനെ കാട്ടുകള്ളൻമാരെ പോലെ ചിത്രീകരിക്കാതെ, അദ്ദേഹത്തിന് പറയാനുള്ളത് കൂടി കേൾക്കാനുള്ള ക്ഷമ നമ്മൾ മലയാളികളെങ്കിലും കാണിക്കണം. മുന്പ് ഒമാനിലുണ്ടായിരുന്ന വലിയൊരു വ്യവസായി ഒരു കേസിൽ പെട്ട് ജയിലിൽ ആയപ്പോൾ അത് നമ്മൾ കാണിച്ചതാണ്.  ഇന്ന് ഒരു രാമചന്ദ്രനെ നമ്മൾ മലയാളികൾ ഓൺലൈനിലൂടെ ഇല്ലാതാക്കാൻ ശ്രമിക്കുന്പോൾ അദ്ദേഹത്തിന് പിറകിൽ ഉള്ള ആയിരകണക്കിന് തൊഴിലാളികളെയും അവരുടെ കുടുംബത്തെയും ഓർക്കേണ്ടതുണ്ട്. 

ജനകോടികളുടെ വിശ്വസ്ത സ്ഥാപനം അങ്ങിനെ തന്നെയായി നിലനിൽക്കട്ടെ എന്ന് പ്രാർത്ഥിച്ച് കൊണ്ട്...

You might also like

Most Viewed