കോടാലിയും ന്യൂ ജനറേഷൻ പോക്രിത്തരങ്ങളും
ഇത്തവണത്തെ ഓണാഘോഷപരിപാടികളിൽ പ്രേമത്തിലെ ജോർജാകാനാണ് കേരളത്തിലെ ചെറുപ്പകാരുടെയും, ചെറുപ്പം നിലനിർത്താൻ കഷ്ടപ്പെടുന്നവരുടെയും ശ്രമമെന്ന് തോന്നും ഏതൊരു റോഡിലേക്കും ഒന്നിറങ്ങിയാൽ. നൂറിൽ തൊണ്ണൂറ് പേരും കറുപ്പ് ഷർട്ടും, മുണ്ടും ധരിച്ചാണ് ഓണാഘോഷത്തിനൊരുങ്ങി വരുന്നത്. പെൺകുട്ടികളും ഇതേ സിനിമയിലെ മേരിയും, മലരുമൊക്കെ ആകാൻ ആവത് പണിപ്പെടുന്നുണ്ട്. സിനിമ പോലുള്ള കലാരൂപങ്ങളാണ് ഇന്നത്തെ കാലത്ത് ട്രെൻഡുകളും, പുതിയ ഫാഷനും നമ്മുടെ ഇടയിൽ കൊണ്ടു വരുന്നത്. അതിൽ വലിയ തെറ്റില്ല തന്നെ. എന്നും ഒന്ന് തന്നെ കണ്ടുകൊണ്ടിരിക്കാൻ ആർക്കാണ് അല്ലെങ്കിലും താത്പര്യം. പക്ഷെ ഈ ഫാഷൻ സങ്കൽപ്പങ്ങൾ മാറുന്നത് പോലെ മനുഷ്യന്റെ ചിന്താശേഷിയും, ഭാവനയും സിനിമകൾ കാരണം മാറുന്നുണ്ടെങ്കിൽ അത് അപകടം തന്നെയാണ്. കഴിഞ്ഞ ദിവസം ഓണാഘോഷത്തിനിടയിൽ തിരുവനന്തപുരം സി.ഇ.ടി എഞ്ചിനീയറിംഗ് കോളജിൽ ഉണ്ടായ നരഹത്യ അത്തരമൊരു ക്രൂരമായ വിനോദമായിരിക്കാമെന്ന് നമ്മുടെ പോലീസ് മേധാവി തന്നെ പറയുന്പോൾ അതിൽ എവിടെയെക്കെയോ ഒരു സത്യമുള്ളതായി തോന്നുന്നു.
തെസ്നി ബഷീർ എന്ന പാവം പെൺകുട്ടിയെ തട്ടിതെറിപ്പിച്ചത് ഒരു കൂട്ടം തെമ്മാടികൾ ഓടിച്ചിരുന്ന തെമ്മാടി ജീപ്പാണ്. രാത്രികളിലും, ആഘോഷവേളകളിലും ഈ ജീപ്പ് ക്യാന്പസിലൂടെ ചീറിപായുമെത്രെ. ഓണാഘോഷത്തിന്റെ പേരിൽ നടത്തിയ മരണപ്പാച്ചിലാണ് സഹപാഠിയായ പെൺകുട്ടിയുടെ ജീവനെടുത്തത്. അടിമുടി ദുരൂഹമാണ് കാഴ്‌ചയിൽ തന്നെ ഭീകരത ധ്വനിപ്പിക്കുന്ന ഈ ജീപ്പിന്റെ ദൃശ്യം. വശങ്ങളിൽ കോടാലി, മഴു, മൺവെട്ടി, വടിവാൾ തുടങ്ങിയ മാരകായുധങ്ങൾ ഘടിപ്പിച്ച രീതിയിലാണ് ഈ വാഹനം ഡിസൈൻ ചെയ്തിരിക്കുന്നത്. ഹോസ്റ്റലിലെ നാലാംവർഷ വിദ്യാർത്ഥികളാണ് ജീപ്പിന്റെ പരന്പരാഗത അവകാശികൾ. അവസാനവർഷ വിദ്യാർത്ഥികൾ ഹോസ്റ്റൽ വിട്ടിറങ്ങുന്പോൾ തൊട്ടടുത്ത ജൂനിയേഴ്സിന് ജീപ്പിന്റെ കീ കൈമാറും. കോളേജ് യൂണിയൻ പ്രവർത്തനങ്ങൾക്കെന്നാണ് വെയ്പ്. അഞ്ചുപേർ കയറേണ്ട ജീപ്പിൽ 25 പേരെ വരെ കുത്തിനിറച്ച് അലറി ബഹളം വച്ച് മിന്നൽവേഗത്തിൽ ചെത്തി നടക്കാനാണ് ഇതിനെ പ്രധാനമായും ഉപയോഗിക്കുന്നത്. രേഖകളില്ലാത്തതിന് മൂന്നുതവണ ജീപ്പ് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഈ ജീപ്പിനു പുറമേ ആഘോഷവേളകളിൽ ആട് തോമയുടെ ലോറി പോലെ ‘‘ചെകുത്താൻ”എന്നെഴുതിയ തുറന്ന ലോറിയും വാടകയ്ക്കെടുത്ത് കൊണ്ടുവരാറുണ്ടത്രെ.
മുന്പ് അമിത ശങ്കർ എന്ന ഒരു വിദ്യാർത്ഥി സമാനമായ സാഹചര്യത്തിൽ മരണപ്പെട്ടതിന് ശേഷം ഈ കോളേജിൽ വാഹനങ്ങൾക്ക് നിയന്ത്രണം കൊണ്ടുവന്നെങ്കിലും ആഘോഷങ്ങളുടെ ദിവസങ്ങളിൽ ആരും അത് കണക്കിലെടുക്കാറില്ല. ലോറി മുതൽ മണ്ണു മാന്തിയന്ത്രം വരെ ഈ ക്യാന്പസിനുള്ളിൽ ആഘോഷത്തിനായി കയറ്റിയിട്ടുണ്ട്. ഓടികൊണ്ടിരിക്കുന്ന ഇത്തരം വാഹനങ്ങളിൽ നിരവധി വിദ്യാർത്ഥികൾ കയറിനിന്ന് കാണികളെ അഭ്യാസം കാണിക്കുന്നതാണ് ഇവിടുത്തെ രീതി. വിദ്യാർത്ഥികൾ അല്ലാത്തവരാണ് പലപ്പോഴും ഇതിനായി ക്യാന്പസിനകത്തേക്ക് വരുന്നത്. യൗവ്വനം ആഘോഷിക്കപ്പെടേണ്ടത് തന്നെയാണ്. പക്ഷെ അത് മറ്റൊരാളുടെ സ്വപ്നങ്ങളും, ആഗ്രഹങ്ങളും ചവുട്ടിമെതിച്ചു കൊണ്ടാവരുത്. തെസ്നിക്ക് സംഭവിച്ചത് ഇനി ആർക്കും സംഭവിക്കരുത്. ഈ മരണത്തിന് ഉത്തരവാദികൾ നേരിട്ട് കോളേജ് അധികൃതരെ പഴിചാരാമെങ്കിലും, നമ്മുടെ പൊതുസമൂഹം തന്നെ ഇതിൽ പ്രതികളാണ് എന്ന് രഹസ്യമായി സമ്മതിക്കേണ്ടി വരും. ന്യൂ ജനറേഷൻ രീതികൾ എന്ന പേരിട്ട് എന്ത് പോക്രിത്തരത്തിനെയും വക വെച്ചു
കൊടുക്കുന്ന നമ്മുടെ സമൂഹത്തിന്റെ മനസ് മാറേണ്ടതുണ്ട്. ഇല്ലെങ്കിൽ ഇനിയും തെസ്നിമാർ ഇവിടെ മരിച്ചു വീഴും, കോടാലിയുടെയും ചെകുത്താന്റെയും കൈകളാൽ. സംശയം വേണ്ട.
തെസ്നിയുടെ പിതാവ് ദോഹയിലാണ് ജോലി ചെയ്യുന്നത്. അദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും വേദനയിൽ പങ്കുചേരുന്നു, ഒപ്പം ഒരു പിടി കണ്ണുനീരും...