നിരത്തിലിറങ്ങും മുന്പ്...
ഓണത്തിന്റെ വിശേഷങ്ങൾക്കൊപ്പം നമ്മെ തേടിയെത്തുന്നത് നാട്ടിലെ ഞെട്ടിക്കുന്ന വാഹനാപകടങ്ങളുടെ വാർത്തകളാണ്. കഴിഞ്ഞ ദിവസം ചേർത്തലയിലുണ്ടായ അപകടങ്ങൾ പോലെ ദാരുണമായ സംഭവങ്ങൾ നമ്മുടെ മനസ്സിനെ വേദനിപ്പിക്കുന്നതാണ്. പ്രവാസിയെന്ന നിലയിൽ നിരീക്ഷിച്ച ഒരു കാര്യം അവധിക്ക് ഇവിടെയെത്തുന്ന പല പ്രവാസി സുഹൃത്തുക്കളും ചെറുതും വലുതുമായ വാഹനാപകടങ്ങളിൽ പെടുന്നുണ്ട് എന്നതാണ്. കണ്ണൂർ ജില്ലയിൽ മാത്രം ഈ ദിവസങ്ങളിൽ വ്യത്യസ്ത വാഹനാപകടങ്ങളിലായിഇത്തരത്തിൽ മരണപ്പെട്ടത് ഗൾഫിൽ ജോലി ചെയ്യുന്ന രണ്ട് ചെറുപ്പക്കാരാണ്. ഒരാളുടെ ബൈക്ക് ബസ്സിനടിയിൽ പോയാണ് അപകടം സംഭവിച്ചതെങ്കിൽ, മറ്റേയാളുടെ കാറാണ് അപകടത്തിൽ പെട്ടത്. സംഭവസ്ഥലത്ത് വെച്ച് തന്നെ മരണം സംഭവിക്കുകയും ചെയ്തു. ഇവർ നാട്ടിലെത്തിയിട്ട് ദിവസങ്ങൾ മാത്രമേ ആയിട്ടുള്ളൂ. ഏറെ നാൾ ആഗ്രഹിച്ച് നാട്ടിലെത്തി ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും കൂടെ ഓണവും അവധിയും ആഘോഷിക്കാൻ വന്ന ഇവർ മരണത്തിന് കീഴടങ്ങുന്നത് ആരുടെയും മനസ് വിഷമിപ്പിക്കുന്ന കാര്യമാണ്.
നമുക്ക് അറിയാവുന്നത് പോലെ നാട്ടിൽ ഏറ്റവുമധികം കൊല നടക്കുന്നത് റോഡുകളിലാണ്. ലക്കും ലഗാനുമില്ലാതെ പാഞ്ഞുവരുന്ന ട്രക്കുകളും, ബസ്സുകളുമാണ് അപകടങ്ങളുടെ പ്രധാന കാരണക്കാർ. പലയിടത്തും ക്യാമറകൾ സ്ഥാപിച്ചിട്ടതിന് ശേഷവും, വലിയ വാഹനങ്ങളിൽ വേഗപ്പൂട്ട് ഇട്ടതിന് ശേഷവും അപകടങ്ങൾ സംഭവിക്കുന്നതിന്റെ പ്രധാന കാരണം അശ്രദ്ധ തന്നെയാണ്. തനിക്ക് മാത്രം അവകാശപ്പെട്ടതാണ് റോഡ് എന്ന ഭാവത്തിലാണ് പല വലിയ വാഹനങ്ങളുടെയും ഡ്രൈവർമാർ വാഹനമോടിക്കുന്നത്. റോഡ് നിയമങ്ങൾ കർക്കശമാക്കുമെന്ന് പറയാറുണ്ടെങ്കിലും പലപ്പോഴും അത് പോലീസിന്റെ കീശ നിറയ്ക്കാനുള്ള ഉപാധി മാത്രമായി മാറുന്ന കാഴ്ച്ചയാണ് നമ്മുടെ നാട്ടിലുള്ളത്. കർക്കിടകം പെയ്ത് തോർന്നതോടെ നിരവധി കുഴികളും ഗർത്തങ്ങളും റോഡിലുണ്ടായിട്ടുണ്ട്. ഇതും ഇരുചക്രവാഹനങ്ങൾ ഓടിക്കുന്നവരെ കുഴപ്പത്തിലാക്കുന്നു. വൈകുന്നേരവും രാത്രിയിലുമാണ് ഇത്തരം അപകടങ്ങൾ ഏറെയും നടക്കുന്നത്. മദ്യപിച്ച് വാഹനമോടിക്കുന്നവരെ പരിശോധിക്കാൻ ഇടയ്ക്ക് നടപടിയുണ്ടാകാറുണ്ടെങ്കിലും അത് സ്ഥിരമായില്ല.
വർഷങ്ങളുടെയോ, മാസങ്ങളുടെയോ ഇടവേളകളിൽ നാട്ടിലെത്തുന്ന പ്രവാസികൾ മിക്കപ്പോഴും വീട്ടിലുള്ള ബൈക്കോ, കാറോ എടുത്ത് പുറത്ത് ഒന്ന് കറങ്ങാനിറങ്ങുന്നത് സാധാരണയാണ്. വാഹനമോടിക്കാൻ ലൈസൻസുണ്ടെങ്കിൽ ഇത് തീർച്ചയായും അനുവദനീയം തന്നെ. പക്ഷെ പലപ്പോഴും പ്രവാസ ലോകത്ത് നിയമപരമായി നല്ല രീതിയിൽ വാഹനമോടിച്ച് ശീലിച്ചവർക്ക് നാട്ടിലെ രീതികൾ പെട്ടന്ന് മനസ്സിലാകണമെന്നില്ല. നാട്ടിൽ നിന്നും ഗൾഫിലേയ്ക്ക് പോയ കാലത്തിന്റെ ഓർമ്മയിലായിരിക്കും പലരും വാഹനമോടിക്കുന്നത്. ആ ഗൃഹാതുരമായ ഓർമ്മകളൊന്നും ഇവിടെ നിരത്തിലിറങ്ങുന്ന കൊലയാളി ഡ്രൈവർമാർക്കില്ല എന്ന് ഓർക്കുക. ഇരുചക്രവാഹനങ്ങൾ ഓടിക്കുന്നവർ ആണെങ്കിൽ അമിത വേഗത ആദ്യമേ വേണ്ടെന്ന് വെയ്ക്കുക. ഹെൽമെറ്റ് ധരിക്കാതെ ബൈക്ക് ഓടിക്കരുത്. വാഹനമോടിച്ചുകൊണ്ടിരിക്കെ മൊബൈൽ ഫോൺ ഉപയോഗിക്കരുത്. ഇത് നിയമപരമായ മുന്നറിയിപ്പുകൾ. ഇനി അതല്ലാത്ത ചില കാര്യങ്ങൾ താഴെ പറയുന്നവയാണ്.
സിഗ്നൽ പച്ചയായാലും മുന്പോട്ട് പോകരുത്. അപ്പുറത്തും ഇപ്പുറത്തുമുള്ള വാഹനങ്ങൾ മുന്പോട്ട് എടുത്താൽ മാത്രം നീങ്ങുക. വലത് വശത്ത് കൂടി മാത്രമേ ഓവർടേക്കിങ്ങ് ഉണ്ടാകൂ എന്ന ധാരണ മാറ്റിവെയ്ക്കുക. ഇടതുവശം ചേർന്ന് ഇരു ചക്രവാഹനങ്ങൾ ഓടി കിതച്ചുവരുന്നുണ്ടാകും. രാത്രി കാലങ്ങളിൽ എതിർവശത്ത് നിന്ന് വരുന്ന വാഹനങ്ങളിൽ നിന്ന് ഡിം ലൈറ്റ് പ്രതീക്ഷിക്കരുത്. അതുകൊണ്ട് തന്നെ കാറാണെങ്കിൽ മുൻ വശത്തെ ചില്ല് നന്നായി തുടച്ച് വെക്കുക. മഴക്കാലത്താണ് പുറത്തിറങ്ങിയതെങ്കിൽ സ്പീഡ് ലിമിറ്റ് 35 മുതൽ 40 വരെ മതി. പേപ്പറുകൾ എല്ലാം ഉണ്ടെങ്കിൽ സമാധാനത്തോടെ പോകാമെന്ന് കരുതി വീട്ടിൽ നിന്ന് ഇറങ്ങണം എന്നില്ല. ഒരു അഞ്ഞൂറ് രൂപയും കൂടി കൈയിൽ കരുതുക. പെറ്റി അടിക്കാൻ അൽപ്പം ‘പുക’ തന്നെ ധാരാളം.
പ്രവാസികൾ നാട്ടിലെത്തുന്നത് അൽപ്പം ചില ദിവസങ്ങളിലേയ്ക്കാണ്. ആത്മവിശ്വാസമില്ലെങ്കിൽ വാഹനം സ്വയം ഓടിക്കാതെ നിങ്ങൾ പൊതുഗതാഗത സംവിധാനത്തെ പ്രത്യേകിച്ച് തീവണ്ടികളെ ആശ്രയിക്കുക. അല്ലെങ്കിൽ പരിചയസന്പന്നനും, മധ്യവയസ്കനുമായ ഒരാളെ തത്കാലം ഡ്രൈവറാക്കി വെയ്ക്കുക. കാരണം തിരികെ ഗൾഫിലേയ്ക്ക് തന്നെ പോകാൻ വന്നവരാണ് നിങ്ങൾ. അത് മറ്റ് എവിടേക്കെങ്കിലും ആയിപോകാതിരിക്കട്ടെ എന്ന പ്രാർത്ഥനയോടെ...!!