ഓണത്തിനിടയ്ക്ക് ഒരു കാര്യം...
കർക്കിടകം പെയ്യാൻ മറന്നു പോയ അൽപ്പം ചില മഴതുള്ളികൾ കൂടി കഴിഞ്ഞ ദിവസം പെയ്ത് തോർന്നു. ഇനി ചിങ്ങ വെയിലാണ്്. ചിങ്ങം പിറന്നാൽ കേരളക്കരയ്ക്ക് ആഘോഷങ്ങളുടെ നാളുകളാണ്. വിവാഹമായും, ഗൃഹപ്രവേശമായും, ഒക്കെ ഏറെ മംഗള കർമ്മങ്ങൾ നമ്മുടെ നാട്ടിൽ അരങ്ങേറുന്ന മാസമാണിത്. ഒപ്പം പ്രവാസ ലോകത്തും അവധിയായതുകൊണ്ട് നാടെങ്ങും ഗൾഫ് മലയാളികളെ കൊണ്ട് നിറഞ്ഞിരിക്കുന്നു. എറണാകുളത്ത് ഓണവുമായി ബന്ധപ്പെട്ട് നിരവധി ഓണച്ചന്തകളും, ഉത്സവ പരിപാടികളും അരങ്ങേറുന്നുണ്ട്. ഇവിടെയാണ് ഓണമെന്ന ഐതിഹ്യവുമായി ബന്ധപ്പെട്ട പേരുകളായ മാവേലിപുരവും, പാതാളവും, തൃക്കാക്കരയും ഒക്കെയുള്ളത്. അതുകൊണ്ട് തന്നെ ഇത്തവണ കൊച്ചിയിലെ ഓണം പുതുമ നിറഞ്ഞതായിരിക്കും എന്ന പ്രതീക്ഷയിലാണ് ഞാൻ.
ആഘോഷങ്ങളുടെയും, ഉത്സവങ്ങളുടെയും വാർത്തകൾ വായിക്കുന്നതിനിടെയാണ് സൗദി അറേബ്യയിൽ നിന്നും പ്രവാസിയെന്ന രീതിയിൽ വിഷമിപ്പിക്കുന്ന ഒരു റിപ്പോർട്ട് കണ്ണിൽ പെട്ടത്. അവിടെ നിന്ന് ഡിപ്ലോമക്കാരായ ജനറൽ നഴ്സുമാരെ പിരിച്ചുവിടാനുള്ള നടപടികൾ ആരംഭിച്ചിരിക്കുന്നു എന്നതാണ് വാർത്ത. ഇവരുടെ തൊഴിൽ കരാർ പുതുക്കില്ലെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ തീരുമാനം. ലോകാരാഗ്യ സംഘടനയുടെപുതിയ ആരോഗ്യനയം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം ആരംഭിച്ചിരിക്കുന്നത്. രണ്ട് മാസത്തിൽ താഴെ കരാർ കാലാവധി ബാക്കിയുള്ള നഴ്സുമാർക്കാണ് ഉടനെ തന്നെ പിരിച്ചുവിടുമെന്ന അറിയിപ്പ് കിട്ടിയിരിക്കുന്നത്. സ്വാകാര്യ ആശുപത്രികളും ഈ നിയമം കർശനമായി നടപ്പിലാക്കണമെന്ന് ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് നടപ്പിലായാൽ മലയാളികളടക്കം നിരവധി പേർ അടുത്ത ദിവസങ്ങളിൽ നാട്ടിലെത്തുമെന്നാണ് വാർത്തകൾ സൂചിപ്പിക്കുന്നത്. ഇത് നേരത്തേ നിതാഖത്തിനെ പേടിച്ചത് പോലെയല്ല. ആ തീരുമാനം കൊണ്ട് മലയാളികൾക്ക് സത്യത്തിൽ നേട്ടമാണ് ഉണ്ടായത്. തങ്ങളുടെ ജോലി നിയമപരമായി മാറ്റാനുള്ള അവസരമാണ് നിതാഖത്ത് പ്രവാസികൾക്ക് നേടികൊടുത്തത്. എന്നാൽ നഴ്സിംഗ് രംഗത്ത് നിന്നുള്ള തിരിച്ചുവരവ് അങ്ങിനെയല്ല എന്നത് ആശങ്ക ജനിപ്പിക്കുന്ന കാര്യമാണ്.
പ്രവാസ ലോകത്തെ മിക്ക ആശുപത്രികളുടെയും പ്രധാനപ്പെട്ട വിഭാഗമാണ് മലയാളികളായ നഴ്സുമാർ. ഇവരുടെ സേവന തത്പരതയും, സഹജീവികളോടുളള സഹാനുഭൂതിയും അവിടെയുള്ള എല്ലാ വിഭാഗം ജനങ്ങളും അനുഭവിച്ച് മനസിലാക്കിയിട്ടുള്ളതാണ്. സൗദി അറേബ്യയ്ക്ക് പിന്നാലെ മറ്റുള്ള ഗൾഫ് രാജ്യങ്ങളും ജനറൽ നഴ്സുമാരെ ഒഴിവാക്കാനുള്ള ശ്രമത്തിലാണെന്ന് ഊഹാപോഹങ്ങൾ ഇപ്പോൾ പ്രചരിക്കുന്നുണ്ട്. നഴ്സിംഗ് ബിരുദധാരികൾക്ക് മാത്രം ഈ മേഖലയിൽ ജോലി ലഭിക്കുന്ന സാഹചര്യം ഉണ്ടാകുന്പോൾ രണ്ടോ മൂന്നോ വർഷം കൊണ്ട് ജനറൽ നഴ്സിംഗ് മേഖലയിൽ പ്രവർത്തിക്കുന്ന നാലോ അഞ്ചോലക്ഷം പേർ തിരികെ വരേണ്ടി വരുമെന്നാണ് അനദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നത്. ബിരുദധാരികൾക്ക് തന്നെ രണ്ട് വർഷത്തിന് മേൽ പ്രവർത്തി പരിചയമുണ്ടെങ്കിൽ മാത്രമേ ഗൾഫ് രാജ്യങ്ങളിൽ ജോലി ലഭിക്കാൻ സാധ്യതയുള്ളൂ.
സ്വദേശികൾക്ക് ഈ രംഗത്ത് കൂടുതൽ അവസരങ്ങൾ നൽകാനും ഈ നിയമങ്ങൾ കൊണ്ട് ഗൾഫ് രാജ്യങ്ങൾക്ക് സാധിക്കും. വൈദ്യശാസ്ത്ര പഠന രംഗത്ത് സ്വദേശികൾക്ക് കൂടുതൽ സൗകര്യങ്ങൾ ചെയ്തു കൊടുക്കാൻ വിവിധ ഗൾഫ് രാജ്യങ്ങൾ ഇപ്പോൾ തന്നെ പരസ്പര ധാരണയിലെത്തിയിട്ടുണ്ട്. പലയിടത്തും പ്രതിമാസം ഒരു ലക്ഷത്തോളം ഇന്ത്യൻ രൂപ വരെ പ്രതിഫലമായി ലഭിക്കുന്ന ജനറൽ നഴ്സുമാർ ജോലി നഷ്ടപ്പെട്ട് തിരികെ വന്നാൽ ഏറ്റവും കൂടിയത് 10,000 രൂപയായിരിക്കും ഇവിടെയുള്ള ആശുപത്രികളിൽ ലഭിക്കുക എന്നതാണ് വേദനിപ്പിക്കുന്ന കാര്യം.
ഓണത്തിനിടയ്ക്ക് പുട്ടുകച്ചവടം എന്നു പറയുന്നത് പോലെ എഴുതിയതല്ല ഇന്നത്തെ തോന്ന്യാക്ഷരം. ആർഭാടത്തിന്റെ മഞ്ഞളിപ്പിൽ ഓണം പോലെയുള്ള ആഘോഷങ്ങൾക്കായി കൈയയച്ച് പ്രവാസ ലോകത്ത് നിന്ന് പണം അയക്കുന്പോൾ ഒരു ചെറിയ തുക അവിടെ മാറ്റി വെക്കുക. ഓർക്കുക, ഓണം കഴിഞ്ഞാൽ, പൂക്കളങ്ങൾ മാഞ്ഞു തുടങ്ങിയാൽ, സദ്യ കഴിച്ച് ഏന്പക്കം വിട്ടു തുടങ്ങിയാൽ മാവേലി എന്നും തനിച്ചാണ് പാതാളത്തിൽ തിരികെ പോവുക... കൂടെ ആരും കാണില്ല !!