ലോകജനസംഖ്യ എട്ട് ബില്യണിലെത്തുമ്പോൾ
അങ്ങിനെ ലോക ജനസംഖ്യ എണ്ണൂറ് കോടിയിലെത്തിയിരിക്കുന്നു. ഫിലിപിൻസ് തലസ്ഥാനമായ മനിലയിലെ ടോണ്ടോയിലുള്ള ആശുപത്രിയിൽ ജനിച്ച വിനിസ് മാബൻസാഗാണ് ഔദ്യോഗികമായി ലോകജനസംഖ്യയെ എണ്ണൂറ് കോടിയിലെത്തിച്ചിരിക്കുന്നത്. 1804ൽ അതായത് 218 വർഷങ്ങൾക്ക് മുമ്പ് നൂറ് കോടി മാത്രമായിരുന്ന ലോകജനസംഖ്യയാണ് ഇന്ന് എണ്ണൂറ് കോടിയിലെത്തിയിരിക്കുന്നത്. ഇനി 35 വർഷം കൂടി കഴിയുമ്പോൾ അതായത് 2057ൽ ആഗോളമനുഷ്യരുടെ എണ്ണം ആയിരം കോടിയിലെത്തുമെന്നാണ് കണക്കുകൾ പറയുന്നത്. കഴിഞ്ഞ പന്ത്രണ്ട് വർഷം കൊണ്ടാണ് ലോകജനസംഖ്യ എഴുന്നൂറ് കോടിയിൽ നിന്ന് എട്ട് ബില്യണിലേയ്ക്ക് എത്തിയത്.
മനുഷ്യന്റെ ആരോഗ്യത്തിന്റെയും ദീർഘായുസിന്റെയും പുരോഗതി ആഘോഷിക്കാനുള്ള ഒരുവസരമായിട്ടാണ് ഈ ജനസംഖ്യകണക്കുകളെ ഭൂരിഭാഗം പേരും നോക്കി കാണുന്നത്. 1798ൽ തത്വചിന്തകനും സാമ്പത്തിക വിദഗ്ധനുമായ തോമസ് റോബർട്ട് മാൽതൂസ് പറഞ്ഞത് പെരുകിവരുന്ന മനുഷ്യർക്കും മൃഗങ്ങൾക്കും ഭക്ഷണം നൽകാനുള്ള ശേഷി ഈ ലോകത്തിന് ഇല്ല എന്നായിരുന്നു. എന്നാൽ അതിന് ശേഷം എത്രയോ കോടി മനുഷ്യരാണ് ഇവിടെ ജനിച്ച് വീണത് എന്നതാണ് യാത്ഥാർത്ഥ്യം.
ഇനി വരുന്ന കാലത്ത് ജനസംഖ്യ വളർച്ച എട്ട് രാജ്യങ്ങളെ കേന്ദ്രീകരിച്ചാണ് ഉണ്ടാവുക. ഇതിൽ അഞ്ചെണം ആഫ്രിക്കയിലാണ്. ബാക്കി മൂന്നെണ്ണം ഇന്ത്യ, പാകിസ്ഥാൻ , ഫിലിപെൻസ് എന്നിവിടങ്ങളിലാണ് പ്രവചിച്ചിരിക്കുന്നത്. ചൈനയെ മറികടന്ന് ലോകത്ത് തന്നെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യമായി അടുത്ത വർഷം ഇന്ത്യ മാറുമെന്നാണ് പ്രവചനം.
ആഗോള മനുഷ്യരുടെ എണ്ണത്തിൽ ഇന്ത്യ ഒന്നാമത് എത്തുന്ന സാഹചര്യത്തിൽ ആശങ്കളും ഏറെയാണ്. മനസിലാക്കേണ്ട ഒരു കാര്യം ഇന്ന് നമ്മുടെ നാട്ടിൽ ആരോഗ്യമേഖല വല്ലാതെ മാറി തുടങ്ങിയിട്ടുണ്ട്. കുടുംബഡോക്ടർമാരുടെയും, ചെറിയ ക്ലിനിക്കുകളുടെയും, നഴ്സിങ്ങ് ഹോമുകളുടെയും ഒക്കെ കാലം പതിയ ഇല്ലാതാവുകയാണ്. ഇതിന് പകരം മിക്ക ആതുരാലയങ്ങളും മൾട്ടി സ്പെഷ്യാലിറ്റി, സൂപ്പർ സ്പെഷ്യാലിറ്റി നിലവാരത്തിലേയ്ക്ക് മാറി കഴിഞ്ഞിരിക്കുന്നു. ഇത് ആയുസ് വർദ്ധിപ്പിക്കുന്നുണ്ടെങ്കിലും ജീവിതത്തിന്റെ ഗുണനിലവാരം വർദ്ധിപ്പിക്കുന്നുണ്ടോ എന്ന കാര്യം നമ്മെ ചിന്തിപ്പിക്കേണ്ടതാണ്. ഒരു ഭാഗത്ത് മികച്ച ആരോഗ്യസംരക്ഷണം നൽകി ജനസംഖ്യ നിരക്ക് വർദ്ധിക്കുമ്പോൾ മറുഭാഗത്ത് അതിവേഗം വാർദ്ധക്യം ബാധിക്കുന്നവരുടെ എണ്ണത്തിൽ വലിയ വളർച്ചനിരക്കാണ് ഉള്ളത്. അതേസമയം വയോജന പിന്തുണയിലും പരിചരണത്തിലും ജപ്പാനും യൂറോപ്പുമൊക്കെ സ്വീകരിക്കുന്ന മാതൃകകൾ നമ്മുടെ രാജ്യം ഇനിയും അനുവർത്തിച്ചു തുടങ്ങിയിട്ടില്ല എന്നത് ജനസംഖ്യാ കണക്കെടുപ്പിന്റെ വേളയിൽ നമ്മളെ ആശങ്കപ്പെടുത്തേണ്ട കാര്യമാണെന്നും ഓർമ്മിപ്പിക്കുന്നു.