വീണ്ടും സ്കൂൾ മണിയടിക്കുമ്പോൾ...
കോവിഡ് ബാക്കി വെച്ച ദുരന്തസ്മരണങ്ങളുടെ അവസാന പാദത്തിലേയ്ക്ക് അതിവേഗം എത്തിക്കൊണ്ടിരിക്കുന്ന കാലമാണിത്. മനുഷ്യർ പതിയെ പതിയെ അവന്റെ സധാരണ ജീവിതത്തിലേയ്ക്ക് മടങ്ങിവന്നുകൊണ്ടിരിക്കുന്നു. നമ്മുടെ ചുറ്റുവട്ടങ്ങളിൽ തന്നെ രോഗാണുവുണ്ടെങ്കിലും വാക്സിൻ നൽകിയ പ്രതിരോധം എല്ലാവർക്കും കൂടുതൽ ധൈര്യം നൽകുന്നുമുണ്ട്. പ്രവാസലോകവും വളരെ വേഗം പഴയ നില പ്രാപിച്ചു കൊണ്ടിരിക്കുന്നതും ആശാവഹമാണ്. യഥാർത്ഥത്തിൽ കോവിഡ് ഏറ്റവുമധികം ബാധിച്ചത് പ്രായമുള്ളവരെയും കുട്ടികളെയുമാണെന്ന് പറയാം. പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി മിക്കപ്പോഴും പുറത്ത് ഇറങ്ങാതെ വീട്ടിൽ തന്നെ അടങ്ങി ഒതുങ്ങി കഴിയേണ്ടി വന്നത് ഇവർക്കാണ്. മറ്റുള്ളവർ ജീവിതം മുമ്പോട്ടു കൊണ്ടുപോകാനായി പ്രതിരോധമാർഗങ്ങൾ ഉപയോഗിച്ച് പുറത്ത് ഇറങ്ങിയവരാണ്.
പ്രായമുള്ളവരിൽ മിക്കവരും ഇപ്പോഴും കോവിഡ് ഉണ്ടാക്കിയ ഏകാന്തതയിൽ നിന്ന് മുക്തമാകാൻ സമയമെടുക്കുന്നുണ്ട്. അതേസമയം വിദ്യാലയങ്ങൾ തുറക്കുന്നതോടെ കുട്ടികളിൽ വലിയൊരു വിഭാഗം ഓഫ് ലൈൻ ക്ലാസുകളിലേയ്ക്ക് തിരിച്ചെത്തുമെന്ന് തന്നെയാണ് കരുതപ്പെടുന്നത്. ബഹ്റൈൻ അടക്കമുള്ള ഗൾഫ് രാജ്യങ്ങളിൽ ഇതിനകം ഓഫ് ലൈൻ ക്ലാസുകൾ ആരംഭിച്ചു കഴിഞ്ഞു. വളരെ ചെറിയൊരു വിഭാഗം കുട്ടികൾ മാത്രമാണ് രോഗവ്യാപന ഭീതി കാരണം ഓൺലൈൻ വിദ്യാഭ്യാസത്തിൽ തുടരുന്നത്. അവരും വൈകാതെ ഓഫ് ലൈൻ ക്ലാസുകളുടെ ഭാഗമാകുമെന്ന് തന്നെയാണ് കരുതപ്പെടുന്നത്.
വിദ്യാലയങ്ങളിൽ കൂട്ടുകാരോടൊത്ത് പഠിച്ചു കളിച്ചും രസിച്ചും നടന്ന കുട്ടികൾക്ക് അവരുടെ ചിറകുകൾ താത്കാലികമായെങ്കിലും അരിഞ്ഞ ലോക്ഡൗൺ അപ്രതീക്ഷിത പ്രഹരമാണ് നൽകിയത്. ലോക്ഡൗണിനൊപ്പം ഓൺലൈൻ ക്ലാസുകളുടെ കുട്ടികൾ എങ്ങനെ സ്വീകരിച്ചുവെന്നതും, സ്വന്തം വീടുകളിൽ കഴിയേണ്ടി വന്ന അവർക്ക് മാനസിക സന്തോഷം ലഭിച്ചിട്ടുണ്ടോ എന്നതും വരുംദിവംസങ്ങളിൽ ഏറെ പഠനാർഹമാക്കേണ്ട വിഷയമാണ്. ഇവരുടെ നിത്യ ജീവിതത്തിൽ ഡിജിറ്റൽ മീഡിയ ഉപയോഗം വർധിച്ചത് മാനസിക വളർച്ചയെയും മാനസികാരോഗ്യത്തെയും ഏത് രീതിയിൽ ബാധിച്ചുവെന്നും മുമ്പോട്ടുള്ള കാലമാണ് പറഞ്ഞുതരിക. ഈ കാലത്ത് കുട്ടികളുടെ ജീവിത രീതിയിൽ വലിയ തരത്തിലുള്ള മാറ്റങ്ങളുണ്ടായെന്നാണ് പൊതുവിലുള്ള വിലയിരുത്തൽ.
ഇനി സ്കൂളുകളിൽ മണിയടിക്കുമ്പോൾ ഏറെകാലത്തിന് ശേഷം ആ പഴയ സുഹൃത്തുക്കളെ വീണ്ടും കാണുമ്പോൾ ഏത് രീതിയിലാണ് പെരുമാറേണ്ടത് എന്നു പോലും പലരും മറന്നിരിക്കാം. അതു കൊണ്ട് ശാരീരിക അസ്വാസ്ഥ്യങ്ങൾക്ക് ഉപരി മാനസികമായുള്ള വെല്ലുവിളികൾ ഈ കുട്ടികൾക്ക് ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്. രക്ഷാകർത്താക്കളെ അമിതമായി ആശ്രയിക്കുന്ന മനോഭാവം, ദേഷ്യം, നിസ്സഹകരണം, പേടി, എന്തിൽ നിന്നും ഉൾവലിയുന്ന സ്വഭാവം എന്നിവ പല കുട്ടികളും കോവിഡാനന്തര കാലത്ത് പ്രകടിപ്പിക്കുന്നുണ്ട്. അതു കാരണം രക്ഷിതാക്കളും അദ്ധ്യാപകരും കുട്ടികൾക്ക് പ്രത്യേക പരിഗണന നൽകേണ്ട സമയമാണിത്. അവർ പറയുന്നത് ശ്രദ്ധാപൂർവം കേൾക്കുകയും മനസിലാക്കുകയും വേണം. അവരുമായുള്ള ആശയ വിനിമയങ്ങൾ സുതാര്യമാകണം. ദേഷ്യം, സങ്കടം മുതലായ വികാരങ്ങൾ ശരിയായ രീതിയിൽ പ്രകടിപ്പിക്കാനുള്ള അവസരങ്ങൾ ഒരുക്കണം. അതു പോലെ തന്നെ കുട്ടികൾക്ക് ഒപ്പം മുഴുവൻ സമയവും ചിലവഴിച്ച ആയിരക്കണക്കിന് അമ്മമാരുണ്ട്. അവർക്കും ഏറെ കാലത്തിന് ശേഷമുള്ള, അൽപ്പസമയത്തേക്കുള്ള ഏകാന്തത മാനസിക വെല്ലുവിളികൾ സൃഷ്ടിച്ചേക്കാം.ആവശ്യമെന്ന് തോന്നുന്നുവെങ്കിൽ ഒരു കൗൺസിലിങ്ങിന് പോകാനും മടി കാണിക്കരുത്.
എന്തായാലും വേണ്ട രീതിയിലുള്ള മുൻകരുതലുകൾ സ്വീകരിക്കാത്ത പക്ഷം കോവിഡാനന്തര ലോകം നാം കരുതുന്നത് പോലെ അത്ര എളുപ്പമുള്ള കാലമായിരിക്കില്ല, തീർച്ച.