സ്വാതന്ത്ര്യം തന്നെയമൃതം....
പ്രദീപ് പുറവങ്കര
ഒരു മനുഷ്യൻ ഏറ്റവുമധികം ആഗ്രഹിക്കുന്ന അവസ്ഥയാണ് സ്വാതന്ത്ര്യം എന്നത്. സ്വാതന്ത്ര്യം എന്ന് അർത്ഥമുള്ള “liber”ലിബെർ എന്ന ലത്തീൻ പദത്തിൽ നിന്നാണ് ലിബർട്ടി അഥവാ സ്വാതന്ത്ര്യം എന്ന വാക്ക് രൂപപ്പെട്ടത്. സ്വാതന്ത്ര്യം എന്നത് പല തരത്തിൽ നിർവ്വചിക്കപ്പെട്ട പദം കൂടിയാണ്. രണ്ട് വശങ്ങളാണ് ഇതിൽ പ്രധാനമായും ഉള്ളത്. അതിലൊന്ന് സ്വാതന്ത്ര്യത്തിന്റെ നിക്ഷേധാത്മക വശമാണെങ്കിൽ മറ്റൊന്ന് അതിന്റെ ക്രിയാത്മകമായ വശമാണ്. സ്വാഭാവിക സ്വാതന്ത്ര്യം, പൗരസ്വാതന്ത്ര്യം, രാഷ്ട്രീയ സ്വാതന്ത്ര്യം, സാന്പത്തിക സ്വാതന്ത്ര്യം, ദേശീയ സ്വാതന്ത്ര്യം എന്നിങ്ങിനെ അഞ്ച് ഇനമായിട്ടാണ് സ്വാതന്ത്ര്യത്തെ തരം തിരിക്കുന്നത്. ഇതിൽ ഒരു രാജ്യത്തെ ജനങ്ങൾ സ്വതന്ത്രരും പരമാധികാരികളുമായിരിക്കുന്ന, അവർക്ക് അവരുടേതായ ഗവൺമെന്റുള്ള രാഷ്ട്രമാണ് സ്വാതന്ത്ര രാഷ്ട്രം. ഒരു രാജ്യം പരിപൂർണ്ണ പരമാധികാര പദവി നേടുന്പോഴാണ് അത് ദേശീയ സ്വാതന്ത്ര്യം ഉള്ളതായി തീരുന്നത്. അത്തരം സ്വാതന്ത്ര്യം അനുഭവിക്കുന്ന ഭൂലോകത്തിലെ അപൂർവ്വം രാജ്യങ്ങളിൽ ഒന്നാണ് നമ്മുടെ ഇന്ത്യയെന്നും അവിടെയാണ് നാം ജനിച്ചതെന്നും അഭിമാനത്തോടെ ഓർക്കാൻ സാധിക്കുന്ന നേരമാണ് ഓരോ സ്വാതന്ത്ര്യ ദിനവും.
നൂറ്റാണ്ടുകളോളം വിദേശ ഭരണാധികാരികളുടെ കാൽക്കീഴിൽ കഴിഞ്ഞിരുന്ന ഒരു ജനസമൂഹത്തെ മുത്തുകൾ ചേർത്ത് വെച്ച് മാലയുണ്ടാകുന്നത് പോലെ ഒന്നിച്ചു കൂട്ടി ഇന്ത്യ എന്ന ചിന്തയുണ്ടാക്കുകയും, ഇവിടെ കഴിയുന്നവർക്ക് സ്വാതന്ത്ര്യം ജീവവായു പോലെ പ്രധാനമാണെന്നും ഓർമ്മിപ്പിച്ച ധീരരായ സ്വാതന്ത്ര്യസമര സേനാനികളെയും ഈ നേരത്ത് ഓർക്കേണ്ടതുണ്ട്. അവർ അനുഭവിച്ച ത്യാഗങ്ങളുടെ, സഹനങ്ങളുടെ ആകെതുകയാണ് ഇന്ന് 125 കോടി ഇന്ത്യക്കാരും അനുഭവിക്കുന്ന ദേശീയ സ്വാതന്ത്ര്യം. സ്വാർത്ഥതയുടെ കൊട്ടാരങ്ങളിൽ സുഖസുഷുപ്തി കൊള്ളുന്ന ഇന്നത്തെ നേതാക്കൻമാരിൽ നിന്നും ത്യാഗോജ്വലമായ പ്രവർത്തനങ്ങൾ കാഴ്ച്ച വെച്ച ആ പഴയ മഹാമനീഷികളിലേയ്ക്ക് മനസ് കൊണ്ട് എങ്കിലും ഒന്നെത്തി നോക്കുന്പോൾ അവരൊക്കെ ഏതൊ പുരാണ ഇതിഹാസങ്ങളിലെ വീര സങ്കൽപ്പ കഥാപാത്രങ്ങളെ പോലെ അവിശ്വസനീയമായി മാറുന്നു. അതിശയങ്ങളായി തീരുന്നു.
ചിലപ്പോഴെങ്കിലും സ്വയം തീർത്ത മതിൽകെട്ടുകൾക്ക് അകത്താണ് ഇന്നത്തെ കാലത്ത് നമ്മളൊക്കെ സ്വാതന്ത്ര്യം അനുഭവിക്കുന്നത്. നമ്മുടേതായ ആ ലോകത്തേയ്ക്ക് പുത്തൻ അധീശ ശക്തികൾ നാം പോലുമറിയാതെ പതിയെ കടന്നുവരുന്നുണ്ട് എന്നതും സത്യമാണ്. എങ്ങിനെ ഭക്ഷണം കഴിക്കണം, എന്ത് ധരിക്കണം, എങ്ങിനെ ജീവിക്കണം, എങ്ങിനെ ചിന്തിക്കണം എന്നൊക്കെ പറഞ്ഞു തരുന്ന പുതിയൊരു ജീവിതക്രമത്തിലേയ്ക്ക് പതിയെ പതിയെ നടന്നുനീങ്ങുന്പോൾ സ്വാതന്ത്ര്യത്തിന്റെ സുഖം അനുഭവിച്ചിരുന്ന പാദങ്ങൾക്ക് മുകളിൽ ഒരു ചങ്ങല പതിയെ മുറുകി വരുന്നുണ്ടോ എന്ന തോന്നൽ ശക്തമാക്കുന്ന കാലത്താണ് മറ്റൊരു സ്വാതന്ത്ര്യദിനം കൂടി നമ്മുടെ മുന്പിൽ എത്തുന്നത്. അതുകൊണ്ട് തന്നെ എന്റെ സ്വാതന്ത്ര്യം എന്റെ ജന്മാവകശമാണെന്ന് ഓർമ്മിപ്പിച്ച മഹാൻമാരെ ഹൃദയത്തിലേറ്റേണ്ട കാലം കൂടിയാണിതെന്ന് ഓർമ്മിപ്പിച്ചുകൊണ്ട്... ഏവർക്കും ഹൃദയം നിറഞ്ഞ സ്വാതന്ത്ര്യദിനാശംസകൾ നേരുന്നു...