ആശയങ്ങൾ വഴി മാറുന്പോൾ...
പ്രദീപ് പുറവങ്കര
മനുഷ്യന്റെ വ്യത്യസ്തമായ ആശയങ്ങളാണ് അവന്റെ ആമാശയത്തിന് ആശ്വാസമായി മാറുന്നത്. ജോലി എടുത്താൽ കൂലി കിട്ടുമെന്ന ഒരു ആശയം മനസ്സിൽ വരുന്നത് പോലെ. എല്ലാ ആശയങ്ങളിലും നല്ലതും മോശവും ഉണ്ട്. നല്ല ആശയങ്ങൾ ഒരു സമൂഹത്തെ തന്നെ നിർമ്മലീകരിക്കുന്പോൾ മോശം ആശയങ്ങൾ അത് എത്തുന്ന മനസ്സുകളെ മലിനപ്പെടുത്തുന്നു. കേരളം എന്നും നല്ല ആശയങ്ങളുടെ താവളമായിട്ടായിരുന്നു പൊതുവെ അറിയപ്പെട്ടിരുന്നത്. എഴുത്തും വായനയും നന്നായി അറിയാവുന്ന, സൂര്യന് താഴെയുള്ള എന്ത് വിഷയത്തെ പറ്റിയും സംസാരിക്കാൻ പറ്റുന്ന, കലാ, സാഹിത്യം, സാംസ്കാരിക ബോധം തുളുന്പി നിൽക്കുന്ന, രാഷ്ട്രീയബോധമുള്ള ഒരു ജനത എന്ന അഭിമാനം ഞരന്പുകളിൽ തുടിച്ചവരായിരുന്നു നമ്മൾ മലയാളികൾ. എന്നാൽ സമീപകാലങ്ങളിൽ തെറ്റായ ആശയങ്ങൾ ഈ കൊച്ചു സമൂഹത്തിന്റെ ഇടയിലും വല്ലാതെ പടർന്നുപന്തലിച്ചിരിക്കുന്നു എന്നത് ഇന്നിന്റെ യാത്ഥാർത്ഥ്യമായി മാറിയിരിക്കുന്നു. പാൽപ്പായസത്തിൽ കലരുന്ന വിഷം പോലെയാണ് മലിനമായ ഇത്തരം ആശയങ്ങൾ. മധുരമുള്ള പായസം കുടിച്ചുപോകുന്പോൾ വിഷത്തിന്റെ കയ്പ്പ് പെട്ടന്ന് തിരിച്ചറിയാനുള്ള സാധ്യത കുറവാണ്. ഒടുവിൽ ഈ വിഷം പടരാത്ത ഒരിടവും ശരീരത്തിൽ ബാക്കിയില്ലെന്ന് മനസ്സിലാക്കുന്പോഴേയ്ക്കും നേരം ഏറെ വൈകിയിട്ടുമുണ്ടാകും.
അതുപോലെ പരിഹസിക്കാൻ നല്ല കഴിവുള്ളവരാണ് പൊതുവെ മലയാളികൾ. അക്ഷേപഹാസ്യത്തിന്റെ ചക്രവർത്തി കുഞ്ചൻ നന്പ്യാർ മുതൽക്കുള്ളവർ ഇതിന്റെ ഉദാഹരണം. ഗൗരവമാർന്ന വിഷയങ്ങളെ വളരെ രസകരമായി ശുദ്ധഹാസ്യം ചേർത്ത് കളിയാക്കിയ അത്തരം ഒരു മഹാപാരന്പര്യം നമുക്കുണ്ടായിരുന്നു. ചിന്തകളും ആശയങ്ങളും മലിനീകരിക്കപ്പെട്ടുതുടങ്ങിയപ്പോൾ നമ്മുടെ ഈ കഴിവിലും വ്യത്യാസങ്ങൾ ഉണ്ടായിരിക്കുന്നു. ഹാസ്യം കൊണ്ട് ചെറുതായി കുത്തിനോവിക്കുക എന്നതിന് പകരം കുത്തി കൊല്ലുക എന്ന രീതിയിലേയ്ക്ക് ഇത്തരം പരിഹാസങ്ങൾ മാറിയിട്ടുണ്ട്.
അത്യാഹിതങ്ങളോ, രോഗങ്ങളോ, കരളലയിപ്പിക്കുന്ന സംഭവങ്ങളോ ഒന്നും തന്നെ പുതിയ കാലത്തെ പരിഹാസങ്ങളിൽ പെടാതിരിക്കുന്നില്ല. കനത്ത മഴ കാരണം നാട്ടിൽ പ്രധാനപ്പെട്ട ഒരു അണക്കെട്ട് തുറന്ന് വിടേണ്ട സാഹചര്യത്തെ പോലും ഇത്തരത്തിൽ ട്രോളി ആസ്വദിക്കുകയാണ് വലിയൊരു വിഭാഗം. ആ അണക്കെട്ട് തുറക്കേണ്ടി വന്നാൽ ഉണ്ടാകുന്ന ദുരന്തങ്ങളെ പറ്റി ഒന്നും ആലോചിക്കാതെ പ്രകൃതിയിലെ ഭയപ്പെടേണ്ട അവസ്ഥകളെ പോലും ലളിതവത്കരിച്ച് നിസാരവത്കരിക്കുന്ന ഈ അവസ്ഥ കേരളത്തിലെ മനുഷ്യമനസ്സുകൾക്ക് വന്നു ഭവിച്ച ആശയ മലിനീകരണത്തിന്റെ ഫലമാണെന്ന് പറയാതെ വയ്യ. വെറുപ്പിന്റെ പ്രത്യയശാസ്ത്ര കച്ചവടം നടത്തുന്നവരാണ് ഇത്തരം മലിനപ്പെട്ട ആശയങ്ങളുടെ പ്രചരണത്തിന് പിന്നിലെന്നതും പകൽ പോലെ വ്യക്തമാണ്. അതറിയാൻ മുഖപുസ്തകത്തിലൂടെ ഒന്ന് കണ്ണോടിച്ചാൽ മതി. വിഷം പുരട്ടിയ വാക്കുകൾ കൊണ്ട് പരസ്പരം പോർവിളികൾ നടത്തിയും, അസഭ്യങ്ങൾ എഴുതി ജയിക്കാൻ ശ്രമിക്കുന്നവരും ആണ് ഇതിൽ പലരും. അസത്യങ്ങൾ എഴുതിയും പ്രചരിപ്പിച്ചും മനുഷ്യരെ അവഹേളിക്കാൻ ശ്രമിക്കുന്നവരെ തിരിച്ചറിയോനോ അവരെ എതിർക്കാനോ പുരോഗമനം നടിക്കുന്നവർക്കും സാധിക്കുന്നില്ല എന്ന് മാത്രമല്ല, ചിലപ്പൊഴെങ്കിലും അവരും ഈ കുരുക്കിൽ വീണു പോകുന്നു എന്നതാണ് വർത്തമാനകാല അനുഭവം!!