നന്ദി ...
പ്രദീപ് പുറവങ്കര
പ്രിയരെ, നിങ്ങൾക്കറിയാവുന്നത് പോലെ ബഹ്റിൻ എന്ന മനോഹരമായ രാജ്യത്ത് അധിവസിക്കുന്ന മൂന്ന് ലക്ഷത്തോളം നന്മനിറഞ്ഞ മലയാളികൾക്ക് വായനയുടെ പുതിയൊരു അർത്ഥതലം സമ്മാനിച്ച്, മാധ്യമചരിത്രത്തിൽ തന്നെ പുതിയ പാഠങ്ങൾ എഴുതി ചേർത്തുകൊണ്ട്, ജാതി മത വർഗ്ഗ ലിംഗ ഭേദമന്യേ വായനയെ, അറിവിനെ, ചിന്തകളെ പരസ്പരം പങ്ക് വെയ്ക്കാനും അത് രേഖപ്പെടുത്താനുമുള്ള അവസരം എഴുത്തിന്റെ വരേണ്യവിഭാഗത്തിൽ മാത്രം ഒതുക്കിവെക്കാതെ ജനകീയമാക്കിയ ഫോർ പിഎമ്മിന്റെ അച്ചടി വിഭാഗം താത്കാലികമായി ഒരു അവധിക്ക് പോവുകയാണ്. ഈ ചെറിയ പത്രത്തിന്റെ തേരോട്ടം ആരംഭിച്ചത് 2012ലായിരുന്നു. വായന മരിച്ചു പോകുന്നു എന്ന് വേവലാതിപ്പെട്ടിരുന്ന ആ കാലത്ത് ബ്രാൻഡ് വാല്യു ഉള്ള എഴുത്തുകാരുടെയോ പത്രപ്രവർത്തകരുടെയോ പിൻബലവുമില്ലാതെ, ഒരു സായാഹ്ന പത്രം തുടങ്ങിയാൽ എങ്ങിനെ വിജയിക്കാൻ എന്ന് ചോദിച്ച കൂട്ടുകാരെയാണ് ഇപ്പോൾ ഓർത്തുപോകുന്നത്. സ്നേഹക്കൂടുതൽ കാരണം അങ്ങിനെ ഉപദേശിച്ച ആ സുഹൃത്തുക്കൾക്കാണ് എന്റെ ആദ്യ നന്ദി. ഇതെന്ത് പത്രമാണ് ഭായി.. നിങ്ങൾക്കെന്ത് നിലപാടാണ് ഉള്ളത്... ഇതൊക്കെ പത്രമാണോ, തുടങ്ങി ധാരാളം ചോദ്യങ്ങൾ ഈ കാലത്തൊക്കെ ഞങ്ങളുടെ മുന്പിൽ ഉയർന്നുവന്നിരുന്നു. വായിച്ചു ശീലിച്ച മാധ്യമങ്ങളിൽ നിന്ന് വ്യത്യസ്തമായി, സാധാരണക്കാരുടെ കാഴ്ച്ചപ്പാടുകൾ ഫോർ പിഎമ്മിന്റെ താളുകളിൽ പ്രസിദ്ധീകരിച്ചപ്പോൾ ഇവർക്കൊക്കെ ഒരു പത്രത്തിൽ എഴുതാൻ എന്ത് അർഹത എന്ന് ചോദിച്ച മാധ്യമസുഹൃത്തുക്കളും, എഴുത്തുശിരോണമികളും ധാരാളം. പത്ര ഉടമകൾക്കെതിരെ വരെ വന്ന എഴുത്തുകൾ അതുപോലെ എഡിറ്റ് ചെയ്യാതെ പ്രസിദ്ധീകരിച്ചതും വായനക്കാർക്ക് പുതുമയായി. വ്യത്യസ്തകരമായ ആശയങ്ങളെയും ചിന്തകളെയും ഒരേ പ്രതലത്തിൽ ഇങ്ങിനെ കൊണ്ടുവരാൻ സാധിച്ചത് പ്രിയപ്പെട്ട ആ എഴുത്തുകാരുടെ സഹകരണം കൊണ്ട് മാത്രമാണ്. അവർക്കുള്ള നന്ദിയും അകൈതവമാണ്.
തുടക്കം മുതൽ ഞങ്ങൾക്കൊപ്പം ഒത്ത് ചേർന്നത് ബഹ്റൈനിലെ ബഹുമാന്യരായ മലയാളി കുടുംബങ്ങളാണ്. ചൂടേറിയ വാർത്തകളും, അതിലേറെ ബഹ്റിനിലെ ഓരോ സ്പന്ദനങ്ങളും ഫോർ പിഎം ഇവർക്ക് എത്തിച്ചു കൊടുത്തപ്പോൾ വൈകുന്നേരങ്ങളിലെ ചായക്കൊപ്പം മലയാളി മനസ്സുകൾ ഞങ്ങളെയും ശീലമാക്കി. കേവലം നന്ദിക്ക് പകരം അവരെ ഹൃദയത്തോട് ചേർത്ത് നിർത്തുന്നു. അതോടൊപ്പം കേരളത്തിലും, ബഹ്റിനിലും, മറ്റ് ഗൾഫ് രാജ്യങ്ങളിലുമുള്ള ഞങ്ങളുടെ കുടുംബംഗങ്ങളായ ജീവനക്കാർ, ചെയർമാൻ പി. ഉണ്ണികൃഷ്ണൻ, ബഹുമാന്യരായ മാനേജ്മെന്റ് ബോർഡ് അംഗങ്ങൾ, ബഹ്റിനിലെ അൽ അയാം പബ്ലിക്കേഷൻസ്, ഭരണകൂടം, പരസ്യദായകർ എന്നിവർക്കും തുടക്കം മുതൽ ഇന്ന് വരെ മാനേജിങ്ങ് എഡിറ്റർ എന്ന ചുമതല പരമാവധി സത്യസന്ധതയോടെ നിർവ്വഹിക്കാൻ നൽകിയ സഹകരണത്തിന് നിറഞ്ഞ സ്നേഹം അറിയിക്കുന്നു. ഗൾഫ് നാടുകളിൽ പ്രത്യേകിച്ച് ബഹ്റിനിലെ പ്രവാസി മലയാളികൾ ഏറ്റവുമധികം സെർച്ച് ചെയ്യുന്ന ഓൺ ലൈൻ പത്രമാണ് ഇന്ന് ഫോർ പിഎം ന്യൂസ് എന്നതും ഈ നേരത്ത് ആഹ്ലാദം നൽകുന്ന കാര്യമാണ്. അച്ചടിയിൽ എടുക്കുന്ന അവധി ഈ ഓൺലൈൻ ഇടങ്ങൾ നികത്തും എന്ന ശുഭപ്രതീക്ഷ തന്നെയാണ് ഞങ്ങൾക്ക് ഉള്ളത്. എല്ലാദിവസവും നാല് മണിക്ക് പത്രം മൊബൈലുകളിൽ അയച്ചു തരാനും, വ്യാഴാഴ്ച്ചകളിൽ അച്ചടിച്ച പ്രത്യേക പതിപ്പ് വായനക്കാർക്ക് എത്തിക്കാനുള്ള ക്രമീകരണങ്ങളും ചെയ്തു കഴിഞ്ഞു. ബഹ്റൈനിലെ കലാസാംസ്കാരിക പ്രവർത്തകർക്ക് ഏറെ പരിചിതനായ അഡ്വ. ജലീൽ അബ്ദുള്ള മാനേജിങ്ങ് എഡിറ്ററായും, പത്ര ഡിസൈനിങ്ങ് രംഗത്തെ മുടിചൂടാമന്നൻ സൈനുൽ ആബിദും ചേർന്ന നല്ലൊരു ടീമാണ് പുതിയ ഭാവത്തിലും രൂപത്തിലും ഫോർ പിഎമ്മിനെ വായനക്കാർക്ക് മുന്പിൽ എത്തിക്കാൻ മുൻകൈയെടുക്കുന്നത്. വാർത്തയ്ക്ക് പുറകിലെ വൃത്താന്തങ്ങളും കാഴ്ച്ചപ്പാടുകളുമായി ഇനിയുമേറെ ദൂരം ഞങ്ങൾക്ക് സഞ്ചരിക്കേണ്ടിയിരിക്കുന്നു എന്ന് തിരിച്ചറിയുന്നതിനോടൊപ്പം അതിന് കൈത്താങ്ങാവേണ്ടത് നിങ്ങളാണെന്നും ഈ നേരത്ത് ഓർമ്മിപ്പിക്കുന്നു. യു ആർ നോട്ട് എലോൺ എന്ന് പറഞ്ഞ് എന്നും ഞങ്ങൾക്കൊപ്പം ഉള്ള നിങ്ങളുടെ ആ സ്നേഹം മാത്രം അഭ്യർത്ഥിച്ചു കൊണ്ട് നിങ്ങളുടെ സ്വന്തം പ്രദീപ് പുറവങ്കര...