അലിഞ്ഞുപോകുന്ന ജീവിതങ്ങൾ...


പ്രദീപ് പു­റവങ്കര

ഇന്നത്തെ ലോകം ഏറ്റവും ഇഷ്ടപെടുന്ന വാക്കുകളിൽ ഒന്നാണ് തിരക്ക് എന്നത്്. തിരക്കില്ലെങ്കിൽ നമുക്കെന്തോ സ്വയം ഒരു വിലയില്ലാത്തത് പോലെയാണ്. അതോടൊപ്പം തന്നെ ബോറടിക്കുന്നു എന്ന വാക്കും പരക്കെ കേൾക്കാം. ഈ രണ്ടു വാക്കുകളും തികച്ചും വിപരീതങ്ങളായ പദങ്ങൾ ആണെങ്കിലും ഇടവിട്ട് നമ്മൾ ഇത് ഉപയോഗിക്കും. സത്യത്തിൽ തിരക്കിട്ട് ഓടുന്നവർ എങ്ങോട്ടാണ് ഈ പോക്കെന്ന് ചിന്തിക്കാറുമില്ല, ബോറടിക്കുന്നവർ ജീവിതം എന്താണെന്ന് മനസ്സിലാക്കിയിട്ടുമില്ല! അതിശയം എന്ന വികാരം നഷ്ടമാകുന്പോഴാണ് ഈ വാക്കുകൾ ഒരാളുടെ ജീവിതത്തിൽ കടന്നുവരിക. ആഗ്രഹിക്കുന്നതെല്ലാം വിരൽ തുന്പിലും, കൈപ്പിടിയിലും ഒതുങ്ങും എന്ന തോന്നൽ അതിശക്തമായി വളരുന്പോൾ നമുക്കാർക്കും പ്രത്യേകിച്ചൊരു അതിശയങ്ങളും ഉണ്ടാകുന്നില്ല. എന്തെങ്കിലും അതിശയം ലഭിച്ചാൽ തന്നെ നിമിഷങ്ങൾക്കകം അതും ബോറടി സമ്മാനിക്കുന്നു. ‘ഓ, ഇതു ഇത്രയേ ഉള്ളു’ എന്നാവും ആ നേരത്തെ മാനസികാവസ്ഥ. പിന്നെ വീണ്ടും അടുത്ത തിരക്കിലേക്കുള്ള മുങ്ങിതപ്പൽ, അടുത്ത അതിശയത്തിനെ കണ്ടു ബോറടിക്കാൻ. 

തിരക്കുകളുടെയും ബോറടിയുടെയും ലോകത്ത് ഉണർന്നിരിക്കുന്പോഴും സ്വപ്നം കാണണം എന്നാണ് മുൻ രാഷ്ട്രപതി എ.പി.ജെ അബ്ദുൽ കലാം നമ്മെ ഓർമ്മിപ്പിച്ചത്. ഇന്നത്തെ തലമുറയിൽ പലരും നന്നായി സ്വപ്നം കാണുന്നവർ ആണെങ്കിലും  വലിയൊരുവിഭാഗം മുകളിലോട്ടു മാത്രം നോക്കി നടക്കുന്നവരും കൂടിയാണെന്ന് പറയാതെ വയ്യ.  ഇങ്ങിനെ നടക്കുന്പോൾ താഴെയുള്ള ഗർത്തങ്ങളെ അവർ കാണാതെ പോകുന്നു. ആകാശം മാത്രം കണ്ടു ശീലിക്കുന്നവർക്ക് ഭൂമിയിൽ എപ്പോഴെങ്കിലും കാലിടറുന്പോൾ വല്ലാത്ത വേദനയുമുണ്ടാകും. അതുപോലെ തന്നെ ഇന്നത്തെ കുട്ടികളോട് ഒരു വരം തരാം എന്ന് പറഞ്ഞാൽ ആദ്യം ചോദിക്കുന്നത് ഒരു സ്മാർട്ട് ഫോണാണ്. തങ്ങൾക്കു നഷ്ടമാകുന്ന സ്മാർട്നെസ് ഈ ഫോണുകൾ തരുമെന്ന് പാവം, അവരും വിശ്വസിക്കുന്നുണ്ടാകണം. അവരെ സംബന്ധിച്ചടുത്തോളം ആപ്പിളും ബ്ലാക്ക്ബെറിയും ഒന്നും വെറും പഴങ്ങളല്ല, മറിച്ച് അവരുടെ മനസാക്ഷിയെ കൊണ്ടുനടക്കുന്ന വിർച്വൽ യന്ത്രങ്ങൾ കൂടിയാണ്. 

തിരക്കുകളിൽ വെറുതെ അലിഞ്ഞു പോകുന്പോഴും, ബോറടിയിൽ സ്വയം നഷ്ടപ്പെടുന്പോളും നമ്മുടെ കാഴ്ച്ചയുടെയോ കാഴ്ച്ചപ്പാടിന്റെയോ പരിമിതി കൊണ്ടാവാം ജീവിതമാണ് ഏറ്റവും വലുതെന്ന് തോന്നിപോകുന്നു. ഈ സഞ്ചാരത്തിനിടയിൽ തങ്ങളുടെ പാദമുദ്രകൾ എവിടെയെങ്കിലും ഒന്നാഞ്ഞ് പതിപ്പിക്കണമെന്ന ചിന്ത ഇല്ലാത്തവർ ഏറെ കുറവാണ്. അതിന് വേണ്ടി ഓടി തളരുന്നവർ തിരിച്ചറിയാത്ത ഒരു കാര്യം ജീവിതത്തിനു ശേഷമാണ് ഒരു വ്യക്തി ഉണ്ടാക്കിയ സ്വാധീനത്തെ പറ്റി മറ്റുള്ളവർക്ക് മനസിലാകുക എന്നതാണ്. ആയിരം വർഷങ്ങൾക്കിപ്പുറവും നമ്മൾ മനുഷ്യർ മനസിലേറ്റി നടക്കുന്ന എത്രയോ പേർ ഉദാഹരണം. അതുപോലെ നേരത്തെ നമ്മുടെ ദുഃഖത്തിനു കാരണമായി എന്നു കരുതുന്ന എന്തെങ്കിലുമായിരിക്കാം ഇന്നു നമ്മുടെ സന്തോഷത്തിന്റെ പ്രധാന കാരണമെന്ന് ഖലീൽ ജിബ്രാൻ ഒരിടത്ത് കുറിച്ചിട്ടുണ്ട്. ഇന്നു സന്തോഷിക്കുന്പോൾ ഇന്നലെ ദുഃഖിച്ചതെന്തിനാണെന്ന് ഓർത്തെടുക്കാൻ പോലും സാധിക്കാത്തവരാണ് നമ്മളെന്ന കാര്യവും തിരക്കിന്റെയും ബോറടിയുടെയും ലോകത്തുള്ള നമ്മളും പലപ്പോഴും ഓർക്കാറില്ലെന്ന് ഓർമ്മിപ്പിച്ചു കൊണ്ട്...

You might also like

Most Viewed