ഇമ്രാൻഖാൻ കളി തുടങ്ങുന്പോൾ...
പ്രദീപ് പുറവങ്കര
ഒരിന്ത്യക്കാരൻ എന്ന നിലയിൽ നമ്മളിൽ മിക്കവർക്കും ഏറെ താത്പര്യമുള്ള കാര്യമാണ് പാക്കിസ്ഥാനിലെ രാഷ്ട്രീയം. അധികാര കൊതിയൻമാർക്ക് വേണ്ടി ഒരു ജനതയെ വെട്ടിമുറിച്ച് രണ്ട് രാജ്യങ്ങളാക്കിയതിനോടൊപ്പം ഇവിടെ കഴിയുന്നവരെ കൊടിയ ശത്രുക്കളാക്കി മാറ്റാനും നൂറ്റാണ്ടുകളോളം ഭരിച്ച് മുടിച്ച ബ്രിട്ടീഷുകാർക്ക് സാധിച്ചു. അതിർത്തിയിൽ ഓരോ തവണയും വെടി പൊട്ടുന്പോൾ വിദ്വേഷത്തിന്റെ രാഷ്ട്രീയം രണ്ട് രാജ്യങ്ങളിലും കത്തിപടരുന്നു. സ്വന്തം രാജ്യത്തിന് വേണ്ടി സ്വജീവിതം ബലി കൊടുത്ത രക്തസാക്ഷികളുടെ കഥ സിനിമകളായും, നോവലുകളായും, ജീവചരിത്രങ്ങളായും പിന്നീട് നമ്മൾ പഠിക്കുന്നു. ജനാധിപത്യ രാജ്യങ്ങളായ ഇന്ത്യയിലും പാക്കിസ്ഥാനിലും തെരഞ്ഞെടുപ്പ് മാമാങ്കങ്ങൾ അരങ്ങേറുന്ന കാലത്ത് പരന്പരാഗതമായി ലഭിച്ച കൊടിയ വൈര്യത്തിന്റെ ഇടയിലും സമാധാനത്തിന്റെ വെള്ളരിപ്രാവുകൾ രണ്ട് രാജ്യങ്ങൾക്കിടയിൽ പറക്കുമെന്ന വിശ്വാസം രൂഢമൂലമാകുന്നു. അത്തരമൊരു മൂഢവിശ്വാസം പാറികളിക്കുന്ന നേരമാണിത്.
കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി നിലനിന്ന് പോരുന്ന രാഷ്ട്രീയ അന്തരീക്ഷത്തിൽ നിന്ന് വ്യക്തമായ ഒരു ഗതിമാറ്റമാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ അവിടെ ഉണ്ടായിരിക്കുന്നത്. പരന്പരാഗതമായി ഇവിടെ ആധിപത്യം പുലർത്തിയിരുന്ന പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടി, പാക്കിസ്ഥാൻ മുസ്ലീം ലീഗ്- എന്നിവയെ പിന്തള്ളിയാണ് മുൻ അന്താരാഷ്ട്ര ക്രിക്കറ്റ് താരം ഇമ്രാൻഖാന്റെ പാക്കിസ്ഥാൻ തെഹ്രിക് ഇ ഇൻസാഫ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറി എന്നതാണ് ആ വ്യത്യാസം. 272 അംഗ നാഷണൽ അസംബ്ലിയിൽ ഒറ്റയ്ക്ക് ഭൂരിപക്ഷം നേടാൻ കഴിഞ്ഞില്ലെങ്കിലും ചെറുപാർട്ടികളുടെയും സ്വതന്ത്രരുടെയും പിന്തുണയോടെ സർക്കാർ രൂപീകരിക്കാനാവുമെന്ന ആത്മവിശ്വാസമാണ് ഇമ്രാൻ ഖാൻ പ്രകടിപ്പിക്കുന്നത്.
അതിർത്തി പ്രശ്നങ്ങളിൽ ഇന്ത്യയുമായി ചർച്ചക്കും വിട്ടുവീഴ്ചയ്ക്കും തയ്യാറാണെന്ന സൂചന നൽകുന്പോൾ തന്നെ കശ്മീർ പ്രശ്നത്തിൽ പരന്പരാഗതമായി അവലംബിച്ചുപോന്ന നിലപാടുകളിൽ അയവുവരുമെന്നുള്ള യാതൊരു പ്രതീക്ഷയും ഇമ്രാൻഖാൻ നൽകുന്നില്ല എന്നതാണ് വാസ്തവം. ഇതിന് കാരണമായി വിമർശകർ ചൂണ്ടികാണിക്കുന്നത് ഇമ്രാന്റെ വിജയത്തിന് പിന്നിൽ സൈന്യത്തിന്റെ ഇടപെടലുണ്ട് എന്നതാണ്. പാക് സൈന്യത്തിന്റെ താൽപ്പര്യത്തിനു വിരുദ്ധമായി സിവിലിയൻ ഭരണകൂടത്തിന് അവിടെ യാതൊന്നും ചെയ്യാനാവില്ല എന്നതും വാസ്തവമാണ്. അതുകൊണ്ട് തന്നെ ക്രിക്കറ്റ് താരമെന്ന നിലയിൽ ഇമ്രാൻഖാൻ ഇന്ത്യയിൽ വലിയൊരു വിഭാഗം ജനങ്ങൾക്ക് സുപരിചിതനാണെന്നത് കൊണ്ട് മാത്രം അതിർത്തി തർക്കങ്ങളിൽ മഞ്ഞുരാകാനുള്ള സാധ്യതയും കാണുന്നില്ല.
ഇന്ത്യയും ചൈനയും പാക്കിസ്ഥാനും ഉൾപ്പെടുന്ന ഭൂപ്രദേശം ലോകരാഷ്ട്രീയത്തിന്റെ ഗതിവിഗതികളെ നിർണ്ണയിക്കുന്ന അതിപ്രധാനമേഖലകളിൽ ഒന്നാണ്. ലോകത്ത് ദാരിദ്ര്യവും പട്ടിണിയും തൊഴിലില്ലായ്മയും ഏറെ നടമാടുന്ന മേഖലകളിൽ ഒന്നുകൂടിയാണിത്. ലോകജനസംഖ്യയുടെ മൂന്നിലൊന്നിനെ ഉൾക്കൊള്ളുന്ന ഈ മേഖല എന്നും സംഘർഷാവസ്ഥയിൽ നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്ന ആഗോള ശക്തികളും ഏറെയാണ്. അതുകൊണ്ട് തന്നെ കരുതലോടെയും വിവേകപൂർണവുമായ രാഷ്ട്രീയ, നയതന്ത്രസമീപനങ്ങൾക്ക് മാത്രമേ ഈ മേഖലയിൽ ശാന്തിയും സമാധാനവും ഉറപ്പുനൽകാനാവൂ എന്നു മാത്രം ഓർമ്മിപ്പിക്കട്ടെ...