വൈറൽ ആകാതെ പോകുന്ന ജീവിതങ്ങൾ...
പ്രദീപ് പുറവങ്കര
മൂന്ന് ദിവസത്തെ ഓൺലൈൻ കോലാഹലങ്ങളുടെ ഒടുവിൽ ഹനാൻ എന്ന പെൺകുട്ടിയുടെ നന്മയെ മലയാളികളിൽ ബഹുഭൂരിഭാഗം പേരും തിരിച്ചറിഞ്ഞിരിക്കുന്നു. ഒപ്പം നമ്മുടെ മുഖ്യമന്ത്രിയടക്കമുള്ള പ്രമുഖർ അവളെ അനുകൂലിച്ചും രംഗത്ത് വന്നിരിക്കുന്നു. തീർച്ചയായും ഏറെ സന്തോഷിപ്പിക്കുന്ന കാര്യം തന്നെയാണ് ഇത്. വരും നാളുകളിൽ ആ കുട്ടിയുടെ ഭാവി കുറേ കൂടി ശോഭനമായി മാറട്ടെ എന്നും ആഗ്രഹിക്കുന്നു.
ഇനി ഇവിടെ പറയാനുള്ള കാര്യം ഓൺലൈൻ ഇടങ്ങളെ പറ്റിയാണ്. എന്തും ഏതും ഓൺലൈനിലൂടെ ലഭിക്കുന്പോഴോ അറിയുന്പോഴോ മാത്രമാണ് പ്രതികരണങ്ങൾ ഉണ്ടാകുന്നത് എന്ന ഒരു അവസ്ഥ നമ്മുടെ സമൂഹത്തിൽ പതിയെ ഉണ്ടായി വരുന്നുണ്ട്. വീട്ടിൽ അമ്മയ്ക്ക് സുഖമില്ലെങ്കിൽ അതു പോലും ഫേസ് ബുക്ക് ലൈവിലൂടെ അമ്മ അറിയിച്ചാൽ മാത്രമേ മക്കൾ എന്തെങ്കിലുമൊക്കെ ചെയ്യൂ എന്ന ഈ ഒരു അവസ്ഥ ആശങ്ക ഉണ്ടാക്കുന്നതാണ്. പ്രവാസലോകത്ത് പ്രത്യേകിച്ച് ബഹ്റൈനിൽ അടുത്ത കാലത്ത് നിരവധി മലയാളികൾ ഹൃദയാഘാതം കാരണം മരിച്ചു പോയിട്ടുണ്ട്. ഇതേ പറ്റി അന്വേഷിച്ച് പോയപ്പോൾ ശാരീരിക അസ്വസ്ഥതകൾക്ക് പുറമേ മാനസികമായ സമ്മർദ്ധങ്ങളാണ് പലരെയും ബുദ്ധിമുട്ടിച്ചതെന്ന് മനസിലാക്കാൻ സാധിച്ചു. സാന്പത്തിക ബുദ്ധിമുട്ടുകളിൽ പെട്ട് നട്ടം തിരിയുന്നവരായിരുന്നു ഇതിൽ ഭൂരിഭാഗം പേരും. ശന്പളം സമയത്ത് ലഭിക്കാത്തത് കൊണ്ടും, ബിസിനസ്സിൽ നഷ്ടം കുമിഞ്ഞുകൂടുന്നത് കൊണ്ടുമൊക്കെ ബ്ലേഡ് പലിശയ്ക്ക് തല വെച്ച് കൊടുത്തവർ. തിരികെ കൊടുക്കാൻ മാർഗമില്ലാതെ മനസ് നെരിപ്പോടാക്കിയവർ. ഇവർക്ക് മരണം ഒരാശ്വാസമായി മാറിയപ്പോൾ ഓൺലൈൻ ഇടങ്ങളിൽ മരിച്ചവരെ പറ്റിയുള്ള വികാരനിർഭരമായ ഓർമ്മകുറിപ്പുകളും, അതിന്റെ ഷെയറുകളും, ലൈക്കുകളും, പിന്നെ സങ്കട ഇമോജികളുമൊക്കെ നിറഞ്ഞു. ആർഐപി എന്നും, ആദരാജ്ഞലികൾ എന്നുമെഴുതി തങ്ങളുടെ കടമ അവസാനിപ്പിച്ച ഈ കൂട്ടുക്കാർ ഒരിക്കലെങ്കിലും മരിച്ചു പോയ സുഹൃത്തിനോട് ഹൃദയം തുറന്ന് ഒന്ന് സംസാരിച്ചിരുന്നെങ്കിൽ ഇങ്ങിനൊയൊരു സഹതാപ സീനുകളുടെ ആവശ്യം തന്നെ ഉണ്ടാകുമോ എന്ന കാര്യം സംശയമാണ്. മരിക്കുന്നതിന് മുന്പെ തന്റെ കഷ്ടപ്പാടും, ബുദ്ധിമുട്ടും മൊബൈൽ ഫോണിലുള്ള നൂറ് കണക്കിന് ഗുഡ്മോണിങ്ങ്, ഫിലോസഫി ഗ്രൂപ്പുകളിലേയ്ക്ക് അയക്കാൻ പരേതന് തോന്നിയതുമില്ല.
ഇതുപോലെ തന്നെ ഹനാൻ എന്ന ആർജ്ജവമുള്ള പെൺകുട്ടി അദ്ധാനിച്ച് അവളുടെ ജീവിതം കണ്ടെത്തുന്പോൾ മുഖ്യമന്ത്രിയടക്കമുള്ളവർ അന്വേഷിക്കണ്ട പ്രധാനപ്പെട്ട മറ്റൊരു കാര്യം കേരളത്തിലെ ഭിക്ഷാടന മാഫിയകളെ കുറിച്ചാണ്. ഹനാനെ കണ്ടെത്തിയ എറണാകുളത്ത് തന്നെ പാലാരിവട്ടത്തും, കാക്കനാടും, കല്ലൂരുമൊക്കെ രാത്രിനേരത്ത് തെരുവുവിളക്കിന്റെ അരണ്ട വെളിച്ചത്തതിൽ നിരത്ത് വക്കിൽ ചാക്ക് വിരിച്ച് കിടക്കുന്ന കുറേ കുഞ്ഞുമക്കളുണ്ട്. അവരൊക്കെ രാവിലെ മുതൽ കീറിപറിഞ്ഞ തുണിയും ധരിച്ച് കൈയിലൊരു പാത്രവുമായി ഭിക്ഷ തെണ്ടുന്നവരാണ്. ടാർജറ്റ് എത്തിക്കാൻ സാധിച്ചില്ലെങ്കിൽ അവരുടെ മുതലാളിമാരിൽ നിന്ന് കൈയിലും, തുടയിലും പൊള്ളൽ ഏൽക്കേണ്ടി വരുന്നവർ. വൈറൽ ആകാൻ സാധ്യതയില്ലാത്ത് കൊണ്ട് തന്നെ ഇവരെ ഫേസ് ബുക്കിൽ കാണില്ല. മാധ്യമങ്ങൾ എക്സ്ക്ലൂസീവും ആക്കില്ല. എങ്കിലും ഭരണാധികാരികൾക്ക് ഇവരെ ശ്രദ്ധിക്കേണ്ട ഉത്തരവാദിത്വം ഉണ്ടെന്ന് ഓർമ്മപ്പെടുത്തലോടെ...