ആ കുട്ടി ജീവിച്ചോട്ടെ...


പ്രദീപ് പു­റവങ്കര

വൈറൽ എന്നാൽ മുന്പൊക്കെ ശരീരത്തിന് വരുന്ന അസുഖങ്ങളുമായി ബന്ധപ്പെട്ട് പറഞ്ഞിരുന്ന ഒരു സംഭവമായിരുന്നു. ഉദാഹരണത്തിന് നാട്ടിൽ കുറേപേർക്ക് ഒരു പനി വന്നാൽ അതിനെ വൈറൽ പനി എന്നായിരുന്നു വിളിച്ചത്. എന്നാൽ ഇന്ന് ഓൺലൈൻ മാധ്യമങ്ങളിലൂടെ മനസിനെ അസ്വസ്ഥതപ്പെടുന്നതോ, കുടുക്കിയിടുന്നതോ ആയ വാർത്തകൾ പ്രചരിക്കുന്പോഴാണ് വൈറൽ എന്ന് വിളിക്കുന്നത്. രണ്ട് ദിവസങ്ങളായി നമ്മുടെ ഓൺലൈൻ ഇടങ്ങളിലെ ഫീഡുകളിൽ നിറഞ്ഞുനിൽക്കുന്ന അത്തരമൊരു വൈറൽ വാർത്താ ഉത്പന്നമാണ് എറണാകുളം തമ്മനം ജങ്ഷനിൽ‍ വൈകുന്നേരം കോളേജ് യൂണിഫോമിൽ‍ മീൻ വിൽ‍ക്കുന്ന ഹനാൻ എന്ന പെൺകുട്ടി. ഒരു പെൺകുട്ടിയുടെ ദാരിദ്ര്യം നിറഞ്ഞ പശ്ചാത്തലവും, അതോടൊപ്പം അവളുടെ നിശ്ചയദാർഢ്യവും ഒരു പൊസിറ്റീവ് വാർത്തയായി റിപ്പോർട്ട് ചെയ്തപ്പോഴാണ് ഹനാൻ എന്ന ട്രെൻഡിങ്ങ് താരം ഉദിച്ചു വന്നത്. തന്റെ മുന്പിൽ വന്ന വെല്ലുവിളികളെ ചിരിച്ചു കൊണ്ട് അതിജീവിക്കുന്ന പെൺകുട്ടിയെ ഇരുകൈയും നീട്ടിയാണ് ഏവരും സ്വീകരിച്ചത്. എന്നാൽ ഹനാൻ എന്ന സൂപ്പർ താരം കേവലം മണിക്കൂറുകളുടെ വ്യത്യാസത്തിൽ നായികയിൽ നിന്ന് വില്ലത്തിയായി മാറുന്ന കാഴ്ചയും നമ്മൾ കണ്ടു. ഈ കുട്ടി വെറുമൊരു മീൻ വിൽപ്പനക്കാരിയല്ലെന്നും, ഫ്രോഡ് കളിക്കുകയാണെന്നും, വരാനിരിക്കുന്ന സിനിമയുെട പ്രോമോഷൻ പരിപാടിയാണെന്നുമൊക്കെ പറഞ്ഞ് സൈബർ ക്വട്ടേഷൻ മാന്യമാർ പുറത്ത് വന്നു. ഇന്ന് രാവിലെ അതൊക്കെ നിക്ഷേധിച്ച് കൊണ്ട് ആ കുട്ടിയും രംഗത്ത് വന്നു. 

ഇതിൽ സത്യമെന്ത് തന്നെയായാലും മലയാളി സമൂഹം വെച്ചുപുലർത്തുന്ന ചില കപടധാരണകൾ ഇതിനകം പുറത്ത് വന്നുവെന്ന് പറയാതെ വയ്യ. യൂണിഫോം ധരിച്ച പെൺകുട്ടി മീൻ വിൽക്കുന്നു എന്നതിൽ തുടങ്ങുന്നു ഈ ഒരു അവസ്ഥ. നമ്മുടെ നാട്ടിൽ എത്രയോ കുട്ടികൾ അവരുടെ പഠന ആവശ്യത്തിന് വേണ്ടി പല വിധ വേലകൾ ചെയ്യുന്നവരാണ്. ഇങ്ങിനെ ചെയ്യാതിരിക്കാൻ എല്ലാ മലയാളികളും കോടീശ്വരൻമാരല്ല. പറന്പിൽ ജോലി ചെയ്തും, പത്രവിതരണം നടത്തിയും, ലോട്ടറി ടിക്കറ്റ് വിറ്റും, ചുമടെടുത്തും, മീൻ വിറ്റും, ട്യൂഷൻ എടുത്തും, ഭിക്ഷ യാചിച്ചുമൊക്കെ ധാരാളം കുട്ടികൾ നമ്മുടെ നാട്ടിൽ വയറ് നിറയ്ക്കാനും, പഠിക്കാനും, കുടുംബത്തെ സംരക്ഷിക്കാനും ശ്രമിക്കുന്നുണ്ട്. ബാലവേല എന്നൊക്കെ പറഞ്ഞ് കൊടുവാളെടുക്കാമെങ്കിലും അവരുടെ ആവശ്യങ്ങൾ നിറവേറ്റാൻ മറ്റൊരു വഴി ഇല്ലാത്തയിടത്തോളം കാലം ഇത്തരം ജോലികൾ കുട്ടികൾ ചെയ്തു കൊണ്ടിരിക്കും എന്നതും യാഥാർത്ഥ്യമാണ്. ഈ ജീവിത പശ്ചാത്തലത്തിൽ മുന്പോട്ട് പോകുന്ന ഒരു കുട്ടിയാണ് ഹനാനും. അതേസമയം നമ്മൾ വിചാരിക്കുന്ന അത്ര ബുദ്ധിമുട്ടുകൾ ഹനാൻ അനുഭവിക്കുന്നില്ലെന്ന് അറിയുന്പോൾ ഉണ്ടാകുന്ന ഒരു തരം വിഷമവും, കൃമികടിയുമാണ് അവളെ മീങ്കാരിപ്പെണ്ണും തേപ്പുകാരിയുമൊക്കെ ആക്കുന്നത്. തങ്ങൾ പ്രതീക്ഷിക്കുന്ന രീതിയിൽ ഹനാൻ എന്ന പെൺകുട്ടിക്ക് ദാരിദ്രമില്ല എന്ന ആ കഠിന വിഷമം അനുഭവിക്കുന്നവർക്ക് നല്ല മുരിക്കിന്റെ മരം മാത്രമാണ് മരുന്ന്. ഹനാൻ സിനിമ മോഹിയാണ്‌. മുത്തുമാല വിൽപന, പാട്ട് പാടൽ, ഭക്ഷണം ഉണ്ടാക്കി വിൽക്കൽ, ആങ്കറിങ്ങ് ഒക്കെ ചെയ്തിട്ടുണ്ട്. ഇതിൽ മീൻ വിൽക്കുന്നതിൽ മാത്രമാണ് കുറേപേരെങ്കിലും ഒരു സഹതാപ സുഖം കണ്ടെത്തിയത് എന്നതും കഷ്ടം. ഇത്തരം ഹനാൻമാർ ഇഷ്ടം പോലെ നമ്മുടെ ചുറ്റുമുണ്ട്. അത് കാണണമെങ്കിൽ ആ തല മൊബൈൽ സ്ക്രീനിൽ അട വെച്ചിരിക്കാതെ ഇടയ്ക്ക് എങ്കിലും ചുറ്റുപാടും ഒന്ന് തിരിക്കണമെന്ന് മാത്രം!!!

You might also like

Most Viewed