ലോറിസമരം തുടരുന്പോൾ...
പ്രദീപ് പുറവങ്കര
ഓരോ സമരങ്ങൾക്കും ഓരോ കാരണമുണ്ടാകുമെങ്കിലും അത് ദിവസങ്ങൾ നീണ്ടുപോകുന്പോൾ ഗുരുതരമായ പ്രതിസന്ധിയിൽ അകപ്പെട്ടുപോകുന്നത് ഒരു വലിയ സമൂഹമാണ്. നമ്മുടെ നാട്ടിൽ അത്തരമൊരു സമരം ആരംഭിച്ചിട്ട് ഏഴ് ദിവസം കഴിഞ്ഞിരിക്കുന്നു. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ചരക്കുലോറി ഉടമകൾ രാജ്യവ്യാപകമായി നടത്തുന്ന അനിശ്ചിതകാല സമരത്തെ പറ്റിയാണ് പറഞ്ഞുവരുന്നത്. ജൂലൈ 20നാണ് ഈ അനിശ്ചിതകാല സമരം ആരംഭിച്ചത്. ഇന്ധനവില കുറയ്ക്കുക, തേർഡ് പാർട്ടി ഇൻഷുറൻസ് തുക വർദ്ധന പിൻവലിക്കുക, അശാസ്ത്രീയ ടോൾ പിരിവ് ഉപേക്ഷിക്കുക എന്നീ ആവശ്യങ്ങളാണ് സമരത്തിലൂടെ ലോറി ഉടമകൾ ഉന്നയിക്കുന്നത്. ഉപ്പ് മുതൽ കർപ്പൂരം വരെയുള്ള സാധനങ്ങൾക്ക് മറ്റ് സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന കേരളത്തെ ഈസമരം ഏറെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. സമരത്തോടെ പഴം, പച്ചക്കറി ഉൾപ്പെടെ ഭക്ഷ്യവസ്തുക്കളുടെ വരവ് തടസപ്പെട്ടിരിക്കുന്നു. സംസ്ഥാനത്ത് കാലവർഷം കൂടിയായപ്പോൾ ഇവിടെ ഉണ്ടാക്കുന്ന പച്ചക്കറിയുടെ ലഭ്യതയും വല്ലാതെ കുറഞ്ഞിട്ടുണ്ട്. ഇതൊക്കെ കാരണം വിലക്കയറ്റവും രൂക്ഷമായിരിക്കുന്നുവെന്ന് നാട്ടിലുള്ളവർ പറയുന്നു. പ്രാദേശിക വിപണികളെയാണ് ഈ സമരം ഏറ്റവുമധികം ബാധിക്കുന്നത്.
കേരളത്തിൽ നാലര ലക്ഷം ലോറികളാണ് പണിമുടക്കിൽ പങ്കെടുക്കുന്നതെന്ന് സംസ്ഥാന ലോറി ഉടമാ ഫെഡറേഷൻ അവകാശപ്പെടുന്നത്. ഇവർക്ക് പണിമുടക്കിന്റെ ഫലമായി 30 കോടി രൂപ മുതൽ 400 കോടി രൂപ വരെ പ്രതിദിന നികുതിവരുമാന നഷ്ടമുണ്ടാകുന്നുവെന്നാണ് സമരക്കാർ പറയുന്നത്. സമരത്തിൽ പങ്കെടുക്കാത്ത ചെറുവാഹനങ്ങൾ വഴിയാണ് ചെറിയതോതിലെങ്കിലും ഇപ്പോൾ ചരക്കുനീക്കം നടക്കുന്നത്. വരും ദിവസങ്ങളിൽ പലചരക്ക് മേഖലയെയും പ്രതിസന്ധി ബാധിക്കുമെന്നാണ് കരുതപ്പെടുന്നത്. ഇതോടൊപ്പം ലോറിസമരം പലയിടത്തും അക്രമാസക്തമാകുന്നുണ്ട്. പാലക്കാട് കഞ്ചിക്കോട്ട് ചരക്കുമായി സർവ്വീസ് നടത്തിയ ലോറിക്കുനേരെയുണ്ടായ കല്ലേറിൽ ക്ലീനറായ മേട്ടുപ്പാളയം ചിന്നത്തെരുവ് സ്വദേശി മുബാറക് പാഷയാണ് മരിച്ചത്.
സമരം തുടങ്ങി ഒരാഴ്ചയായിട്ടും അത് ഒത്തുതീർക്കാനുള്ള ശ്രമങ്ങളൊന്നും തന്നെ ഉണ്ടായിട്ടില്ലെന്നത് ആശങ്ക വർദ്ധിപ്പിക്കുന്ന കാര്യമാണ്. കേന്ദ്രസർക്കാരാണ് ഇതിനൊരു പരിഹാരം കണ്ടെത്തേണ്ടത്. തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കാതെ സമരം പിൻവലിക്കില്ലെന്ന ഉറച്ചനിലപാടിലാണ് സമരക്കാർ. ലോറി സമരം നീണ്ടുനിന്ന് പോയാൽ സംസ്ഥാനത്തിന്റെ പ്രധാന വാണിജ്യകാലം കൂടിയായ ഓണക്കാലത്ത് വിപണിയിൽ വലിയ പ്രതിസന്ധി ഉണ്ടായേക്കാം. എന്തൊക്കെ ബദൽ സംവിധാനം ഉണ്ടാക്കിയാലും ആ പ്രതിസന്ധി മറികടക്കുക എളുപ്പമാവില്ല. അതുകൊണ്ട് തന്നെ സമരം ഒത്തുതീർത്ത് കേരളം നേരിടുന്ന ഗുരുതര പ്രതിസന്ധി പരിഹരിക്കാൻ കേന്ദ്രസർക്കാർ എത്രയും പെട്ടന്ന് മുന്നോട്ടുവരണം. അതിന് വേണ്ടി സമ്മർദ്ദം ചെലുത്താൻ കേരളത്തിൽ നിന്നുള്ള എംപിമാരും, സംസ്ഥാന സർക്കാറും ശ്രമിക്കണമെന്നോർപ്പിച്ചു കൊണ്ട്...