വാർത്തകൾ ഉണ്ടാക്കുന്പോൾ...
പ്രദീപ് പുറവങ്കര
കേരം തിങ്ങുന്ന കേരളക്കരയിൽ ഓരോ ദിവസവും കൂണുകൾ മുളച്ച് പൊങ്ങുന്നത് പോലെ ദിനംപ്രതി പുതിയ പുതിയ മാധ്യമങ്ങൾ രംഗപ്രവേശം ചെയ്യുന്നുണ്ട്. മലയാളത്തിലും ഇംഗ്ലീഷിലുമായി നിരവധി പത്രങ്ങളും, സർക്കാർ സ്വകാര്യ ഉടമസ്ഥതകളിലായി മുപ്പതിലേറെ ടെലിവിഷൻ ചാനലുകളും, ആകാശവാണിയും സ്വകാര്യ എഫ്.എം േസ്റ്റഷനുകളും നമുക്കുണ്ട്. എത്രയോ ലക്ഷം പേർ ഈ മേഖലയിൽ ജോലിയും ചെയ്യുന്നു. കന്പോള വ്യവസ്ഥിയിലെ ഏതൊരു ഉത്പന്നവും പോലെ ഇന്ന് മാധ്യമങ്ങളുടെ ലോകത്തും വാസ്തവത്തിൽ മാധ്യമ മുതലാളിമാരും, മാധ്യമ തൊഴിലാളികളും, മാധ്യമ ഉപഭോക്താക്കളുമാണ് നിലനിൽക്കുന്നത്. ഈ ഒരു അവസ്ഥയിൽ ഉപഭോക്താവിനെ പരമാവധി രസിപ്പിക്കുന്ന തരത്തിലേയ്ക്ക് തങ്ങളുടെ ഉത്പന്നത്തെ കൊണ്ടുവരാനുള്ള ശ്രമമാണ് പണം മുടക്കുന്നവർക്കും ജീവനക്കാർക്കും നടത്തേണ്ടി വരുന്നത് എന്നത് യാഥാർത്ഥ്യമാണ്. ഓരോ മാധ്യമ ഇടത്തിന്റെയും ഉള്ളടക്കത്തെ രൂപപ്പെടുത്തുന്നതും ഈ ഒരു സാഹചര്യമാണ്.
ദൃശ്യമാധ്യമങ്ങളുടെയും ഓൺലൈൻ മാധ്യമങ്ങളുടെ കടന്നുവരവോടെ ഈ രംഗത്തെ മത്സരവും രൂക്ഷമായി മാറിയിട്ടുണ്ട്. വാഗ്വാദങ്ങളും, പഴിചാരലുകളും ആരോപണങ്ങളും ആക്ഷേപങ്ങളും ഒന്നുമില്ലെങ്കിൽ അതൊരു മാധ്യമമാക്കില്ലെന്നും ധരിച്ചു തുടങ്ങി. ഇതോടൊപ്പം യാതൊരുവിധ സെൻസറിംഗും ഇല്ലാതെ സെൻസേഷനുവേണ്ടി വാർത്തകൾ ഉണ്ടാക്കിയാൽ മാത്രമേ നിലനിൽപ്പ് ഉണ്ടാകൂ എന്നും വന്നു. ഇത്തരം ഉള്ളടക്കങ്ങളെ ഇഷ്ടപ്പെടുന്ന ഉപഭോക്തക്കളുടെ എണ്ണം വർദ്ധിപ്പിക്കുന്പോൾ മാത്രമാണ് മാധ്യമ ഉത്പന്നത്തിന് പരസ്യ വരുമാനം വർദ്ധിപ്പിക്കാൻ സാധിക്കുക. പരസ്യ വരുമാനമില്ലെങ്കിൽ ഉപഭോക്താക്കളിൽ നിന്ന് പത്രങ്ങൾ ഒഴികെ ഒന്നിനും നേരിട്ട് യാതൊരു പ്രതിഫലവും ലഭിക്കുന്നുമില്ല. അതോടൊപ്പം സബ്സ്ക്രൈബഡ് ചാനലുകൾ മിക്കതും പച്ച പിടിക്കുന്ന ലക്ഷണങ്ങളുമില്ല. സമൂഹത്തിന് നന്മ ചെയ്യണമെന്ന ആഗ്രഹത്തോടെ തന്നെയാണ് ഒരു മാധ്യമ പ്രവർത്തകനും ജനിക്കുന്നത്. അതേസമയം ഈ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ ജീവിതം എത്ര മാത്രം ദുരിതമയമാകുന്നുണ്ടെന്നതും പരിശോധിക്കപ്പെടേണ്ട കാര്യമാണ്. അതിന്റെ ഒരുദാഹരണമായിരുന്നു കഴിഞ്ഞ ദിവസം കോട്ടയം ജില്ലയിലെ കടത്തുരുത്തിയിൽ വള്ളം മറിഞ്ഞു മരിച്ച മാതൃഭൂമി ന്യൂസ് ടീമിലെ തലയോലപ്പറന്പ് ലേഖകൻ സജി. ഗുരുതരമായ വിഷയങ്ങൾ റിപ്പോർട്ട് ചെയ്യുന്പോൾ മാധ്യമപ്രവർത്തകർക്ക് മതിയായ പരിശീലനം ലഭിക്കുന്നില്ല എന്നതിന്റെ തെളിവ് കൂടിയായി മാറി ആ മരണം. വെള്ളപ്പൊക്കത്തെക്കുറിച്ച് റിപ്പോർട്ട് ചെയ്യാൻ എത്തിയവർക്ക് ലൈഫ് ജാക്കറ്റ് പോലെയുള്ള സൗകര്യങ്ങൾ ലഭിച്ചിരുന്നില്ല. ഇങ്ങിനെ ജോലിക്കിടയിൽ അപകടം സംഭവിക്കുകയും മരിക്കുകയും ചെയ്യുന്ന പത്രപ്രവർത്തകർ വളരെയുണ്ട്. അത് ജോലിയുടെ ഭാഗമായി കരുതുന്നവരാണിവർ. അതേസമയം അമിതാവേശത്തിന്റെ തിര തള്ളല്ലിൽ അപഹാസ്യമായ തരത്തിൽ മാധ്യമ പ്രവർത്തനം ചെയ്യുന്നവരും ഏറെയുണ്ട്. പടക്കക്കടയ്ക്ക് തീ പിടിക്കുന്പോൾ അതിന് മുന്പിൽ പോയി മൈക്കെടുത്ത് ലൈവ് കൊടുക്കാൻ പോകുന്നവർ ഉദാഹരണം. അതു കൊണ്ട് തന്നെ അപകടരംഗത്ത്, ദുരന്തമുഖത്ത്, പകർച്ചവ്യാധികൾ പടരുന്പോൾ എങ്ങിനെയാണ് റിപ്പോർട്ട് ചെയ്യേണ്ടത് എന്നതിനെക്കുറിച്ച് ഈ രംഗത്തുള്ളവർ ചർച്ച ചെയ്യേണ്ട നേരം അതിക്രമിച്ചിരിക്കുന്നു എന്നോർമ്മിപ്പിക്കട്ടെ.ഒപ്പം സഹപ്രവർത്തകന്റെ നിര്യാണത്തിൽ ആദരാജ്ഞലിയും...