മരണമെത്തുന്ന നേരത്ത്...
പ്രദീപ് പുറവങ്കര
പ്രവാസലോകത്ത് മിക്കദിവസങ്ങളിലും ഓരോ പ്രഭാതവും ഇപ്പോൾ ആരംഭിക്കുന്നത് മരണവാർത്തകളോടൊപ്പമാണ്. ഇന്നും രാവിലെ ഒരു സുഹൃത്തിന്റെ കൂടി മരണം അതുപോലെ വാട്സാപ്പിലും ഫോണിലും നിറഞ്ഞു. തന്റെ മുറിയിൽ വെച്ച് മരിച്ച അദ്ദേഹത്തിന്റെ മരണവിവരം മൂന്ന് ദിവസം കഴിഞ്ഞാണ് പുറംലോകം അറിഞ്ഞത്. ബാച്ചിലർ സ്റ്റാറ്റസിൽ തനിയെ മുറിയിൽ കഴിഞ്ഞിരുന്ന അദ്ദേഹം തന്റെ ശരീരം ഏറെ സൂക്ഷിക്കുന്ന വ്യക്തി കൂടിയായിരുന്നു. സ്വന്തമായി ജിംനേഷ്യം നടത്തി വന്ന ആരോഗ്യദൃഢഗാത്രനായ യുവാവ്. പക്ഷെ ആരോടും ചോദിക്കാതെ കടന്നുവരുന്ന മരണം അദ്ദേഹത്തെയും തട്ടിയെടുത്തു. ബഹ്റൈനിൽ ഈ വർഷം പ്രവാസികളുടെ ഇടയിലെ മരണ നിരക്ക് വല്ലാതെ വർദ്ധിച്ചു വരികയാണ്. ആത്മഹത്യകളുടെ എണ്ണം താരതമ്യേന കുറഞ്ഞുവെങ്കിലും ഹൃദയാഘാതമാണ് ഇപ്പോൾ പ്രധാന വില്ലനായി മാറുന്നത്. പല പല കാരണങ്ങൾ ആരോഗ്യവിദഗ്ദ്ധർ നിരത്തുന്നുണ്ടെങ്കിലും ചില മരണങ്ങൾ അതൊക്കെ തള്ളികളയുന്നു. വിധി, സമയം എന്നൊക്കെ പറഞ്ഞ് ഓരോ മരണവും കാണാൻ മോർച്ചറിയുടെ മുന്പിൽ എത്തി പരസ്പരം ആശ്വസിപ്പിച്ച് കൃത്രിമമായ സമാധാനം കൊള്ളുകയാണ് നമ്മൾ മിക്കവരും.
കുടുംബവുമായി താമസിക്കുന്നവരിൽ പൊതുവെ മരണ നിരക്ക് കുറവാണ് എന്ന് മൃതദേഹം അയക്കാൻ സഹായിക്കുന്ന സുഹൃത്തുക്കൾ പറയുന്നു. അതിലെത്ര വാസ്തവുമുണ്ട് എന്ന് അറിയില്ലെങ്കിലും തങ്ങൾ തനിയെ അല്ല എന്നൊരു തോന്നൽ കുടുംബവുമായി താമസിക്കുന്നവർക്ക് ഉണ്ട് എന്നത് യാഥാർത്ഥ്യമാണ്. ബാച്ചിലർ ജീവിതം സത്യത്തിൽ സ്വയം തെരഞ്ഞെടുക്കേണ്ടി വരുന്ന തടവറ തന്നെയാണ്. ക്രമം തെറ്റിയുള്ള ഭക്ഷണം, ഉറക്കം, ജീവിത ശൈലികൾ, വ്യായാമത്തിന്റെ കുറവ് തുടങ്ങിയവയൊക്കെ മിക്ക ബാച്ചിലർ ജീവിതങ്ങളുടെയും ഭാഗമാണ്. ഇതിൽ ഭക്ഷണം വലിയൊരു ഘടകം തന്നെയാണ്. താമസസ്ഥലത്ത് ഭക്ഷണം പാകം ചെയ്യുന്ന വലിയൊരു വിഭാഗം ബാച്ചിലർമാർ ഇവിടെ ഉണ്ടെങ്കിൽ പോലും പലരും മടി കാരണം ഹോട്ടൽ ഭക്ഷണത്തെ തന്നെയാണ് ആശ്രയിക്കുന്നത്. ഇത്തരം ഇടങ്ങളിൽ പലയിടത്തും ഭക്ഷണത്തിൽ നിറയുന്ന മായം ബാച്ചിലർ ശരീരത്തെ ശരിക്കും ബാധിക്കുന്നുണ്ട്. ബാച്ചിലർമാർ സമീപിക്കുന്ന ചെറുകിട ഹോട്ടലുകളിൽ പലയിടത്തും മത്സ്യം, ഇറച്ചി, പച്ചക്കറി തുടങ്ങിയ ഉത്പ്പന്നങ്ങൾ തീയ്യതി കഴിഞ്ഞതോ കഴിയാൻ പോകുന്നതോ ആണെന്നത് പരാതിരൂപേണ പലരും പറയാറുള്ള കാര്യമാണ്. ഇത് പരിശോധിക്കാനുള്ള നടപടികളും മുന്പത്തേപോലെ ഇന്ന് ശക്തമല്ല.
മറ്റൊന്ന് പ്രവാസലോകത്തെ ആരോഗ്യമേഖലയുമായി ബന്ധപ്പെട്ടാണ്. മുന്പ് ഏറെ കാര്യക്ഷമായി പ്രവർത്തിച്ചിരുന്ന പല ആരോഗ്യകേന്ദ്രങ്ങളും പഴയത് പോലെ അല്ലെന്നുള്ള പരാതികളും ഇപ്പോൾ പുറത്ത് വരുന്നുണ്ട്. ഒരു അസുഖം വന്ന് ഹെൽത്ത് സെന്ററിൽ പോയാൽ മാസങ്ങൾ കഴിഞ്ഞ് അപ്പോയിന്റ്മെന്റ് നൽകുന്ന അവസ്ഥ പ്രവാസലോകത്ത് നിലനിൽക്കുന്നുവെന്ന് ഇംഗ്ലീഷ് പത്രങ്ങൾ അടക്കം വാർത്ത നൽകിയതും ഈ നേരത്ത് ഓർക്കാം. എന്തായാലും ഇവിടെയുള്ള സാമൂഹിക സംഘടനകളുടെ തലപ്പത്ത് പ്രവർത്തിക്കുന്നവർ കുറെകൂടി ജാഗരൂകരാകേണ്ട ആവശ്യം നിലവിലുണ്ടെന്ന് ഓർമ്മിപ്പിച്ചു കൊണ്ട്...