മീശ പോകുന്ന കാലം...
പ്രദീപ് പുറവങ്കര
എന്തെഴുതണം എന്നതിലുപരിയായി എന്തെഴുതാതിരിക്കണം എന്ന ചിന്തയുമായി വേണം ഓരോ എഴുത്തുകാരനും ഇനിയുള്ള കാലം മുന്പോട്ട് പോകേണ്ടതെന്ന് ഓർമ്മിപ്പിക്കുന്ന ഒരു കാലത്ത് തന്നെയാണ് നാം ജീവിക്കുന്നതെന്ന് തെളിയിക്കുന്ന ഒരു സംഭവം കൂടി മലയാളനാട്ടിൽ അരങ്ങേറിയിരിക്കുന്നു. മാതൃഭൂമി ആഴ്ച്ചപതിപ്പിൽ പ്രസിദ്ധീകരിച്ചിരുന്ന എസ്.ഹരീഷിന്റെ നോവലായ ‘മീശ’യാണ് ഭീഷണി മൂലം പിൻവലിച്ചിരിക്കുന്നത്. ഇതേ തുടർന്ന് എഴുത്തുക്കാരനെ വിമർശിച്ചും, കൂടെനിന്നും നിരവധി അഭിപ്രായങ്ങൾ ഓൺലൈൻ ഇടങ്ങളിലും അല്ലാതെയും പരന്നൊഴുകുന്നു. തീർച്ചയായും ഒരു സമൂഹമെന്ന നിലയിൽ നാം പുലർത്തേണ്ടിയിരുന്ന ജനാധിപത്യ രാഷ്ട്രീയ മൂല്യങ്ങളുടെ അന്തസത്തയും ഉള്ളുറപ്പും കൂടി പരിശോധിക്കേണ്ട നേരമാണ് കടന്നുപോകുന്നത്. ജീർണിച്ച ജീവിതചുറ്റുപാടുകളിൽ നിന്ന് പുരോഗമനപരമായ മൂല്യങ്ങളെ ഏറ്റെടുത്ത് മുന്പോട്ട് പോകുന്ന സമൂഹമെന്ന ഗർവ് മലയാളികൾ ഇനിയും തലയിൽ വെച്ച് നടക്കേണ്ടതുണ്ടോ എന്ന ചിന്തയാണ് ഇത്തരത്തിലുള്ള ഓരോ സംഭവവും പൊതുവേ ഉണ്ടാക്കിവരുന്നത്. മതവും ഭക്തിയും ദൈവവും വിശ്വാസവുമെല്ലാം സമൂഹത്തിന്റെ പൊതുരാഷ്ട്രീയത്തെ നിശ്ചയിക്കുന്നതിൽ അപായകരമായ വിധത്തിൽ കൈകടത്തുന്ന ഒരു കാലമാണിതെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിച്ച് വ്യക്തമാക്കുന്നു.
വ്യത്യസ്തമായ വിഭാഗങ്ങളെയും, വർഗങ്ങളെയും ഉൾക്കൊള്ളുന്ന ഒരു ജനാധിപത്യ സമൂഹത്തിൽ മതവിമർശനം എത്ര വരെ പോകാം എന്നത് വിമർശകന്റെ കാഴ്ച്ചപ്പാടിന്റെയും രാഷ്ട്രീയത്തിന്റെയും മാത്രം കാര്യമായിരുന്ന ഒരു കാലത്തിൽ നിന്നുള്ള ചുവടുമാറ്റം കൂടിയാണിത്. ഒരു പ്രത്യേക മതവിശ്വാസികളിൽ മാത്രമായി ഒതുങ്ങുന്നില്ല ഇന്നത്തെ കാലത്ത് ഇത്തരം പ്രശ്നങ്ങൾ. ഓരോ മതത്തിലെയും തീവ്രവാദസ്വഭാവമുള്ളവർ അവരുടെ വിശ്വാസത്തിനെ ഹനിക്കുന്ന എന്ത് തന്നെ വന്നാലും അതിനെ മുച്ചൂടും എതിർത്തുകൊണ്ട് രംഗത്ത് വരികയും ആരാണോ തങ്ങളുടെ വിശ്വാസത്തെ ഹനിച്ചത് അവരെ പൂർണമായും ഇല്ലാതാക്കി ആത്മസംതൃപ്തിയടയാനും ശ്രമിക്കുന്നു. ആവർത്തിച്ച് ഇത്തരം സംഭവങ്ങൾ നടത്തികൊണ്ട് ഇത്തരം എതിർപ്പുകൾ ഇനി വരുന്ന കാലങ്ങളിൽ സ്വാഭാവികമാണെന്ന ധാരണ ജനാധിപത്യസമൂഹത്തിലെ ഓരോ ഇടങ്ങളിലേയ്ക്കും പതിയെ പരത്താനും ഇവർക്ക് സാധിക്കുന്നു. ഒരാൾ മറ്റൊരാൾക്ക് ദൈവം ആണെങ്കിൽ തനിക്ക് അത് വെറും മനുഷ്യനാണെന്ന് പറയാനുള്ള ധൈര്യവും ആർജവവും ഉള്ളവരുടെ എണ്ണവും ഈ ഭീഷണികളുടെ മലവെള്ളപ്പാച്ചലിൽ നേർത്തുനേർത്തു വരുന്നു. ഇതേ അവസ്ഥയുടെ തുടർച്ചയാണ് ഹരീഷിന്റെ നോവൽ പിൻവലിക്കേണ്ടി വന്ന സാഹചര്യത്തിലേയ്ക്ക് എത്തിച്ചത്.
അദ്ദേഹം എഴുതുന്നത് ‘മീശ’ എന്ന് പേരുള്ള ഒരു നോവലാണ്. അല്ലാതെ കേരളത്തിലെ ക്ഷേത്രാചാര ചരിത്രമല്ല എന്ന് മനസിലാക്കാനുള്ള സാമാന്യബോധം നഷ്ടപ്പെടുന്പോൾ അപായമണികളുടെ ശബ്ദമാണ് കാതിൽ മുഴങ്ങേണ്ടത്. വിശ്വാസം വിശുദ്ധ വസ്തുവായി മാറുന്പോൾ, അത് പൊതുസമൂഹത്തിന് മുകളിലും അടിച്ചേൽപ്പിക്കേണ്ടതാണെന്ന അബദ്ധ ധാരണ പടരുന്പോൾ സംഭവിക്കുന്നത് ഒരു എഴുത്തുകാരന്റെ മാത്രം തോൽവിയല്ല മറിച്ച്, ജനാധിപത്യ, മതേതര രാഷ്ട്രീയത്തിന്റെ പരാജയമാണ് എന്ന് പറയാതെ വയ്യ!