പ്രകാശം പരകട്ടെ...
പ്രദീപ് പുറവങ്കര
ഭൂമിയിലെ രാജാക്കൻമാർ എന്ന സിനിമയും അതിൽ മോഹൻലാൽ അവതരിപ്പിച്ച നായകനെയും ഓർത്തുപോകുന്നു. രാജപാരന്പര്യമുള്ള നായകനെ ജനാധിപത്യത്തിലേയ്ക്ക് കെട്ടിയിറക്കുന്ന ഒരു കഥയാണ് ആ സിനിമ പറയുന്നത്. തെരഞ്ഞെടുപ്പ് പ്രചരണപരിപാടികളിൽ പങ്കെടുക്കുന്ന നായകൻ പ്രജകളോട് താണ് കേണ് വോട്ട് അഭ്യർത്ഥിച്ചതിന് ശേഷം കൊട്ടാരത്തിൽ എത്തി ഇടക്കിടെ ഡെറ്റോൾ സോപ്പിട്ട് കുളിക്കുന്ന ഒരു രംഗമുണ്ട്. നമ്മുടെ ജനാധിപത്യ വ്യവസ്ഥിതിയിൽ പല വലിയ നേതാക്കളും ഇങ്ങിനെയാണെന്ന് പറയാറുണ്ട്. പുറമേ കാണുന്നതല്ല അകത്തുണ്ടാകുക എന്നർത്ഥം. പക്ഷെ കാണാകാഴ്ച്ചകളുടെ അകം അന്വേഷിക്കുന്നതിനേക്കാൾ താത്പര്യം മുന്പിൽ കാണുന്നതിനോട് ബഹുഭൂരിപക്ഷം പേർക്കുമുള്ളത്. രാഷ്ട്രീയത്തിൽ പ്രവേശിക്കുയാണെങ്കിൽ ഇത്തരം കെട്ടുകാഴ്ച്ചകൾ എങ്ങിനെ ഫലപ്രദമായി നൽകികൊണ്ടിരിക്കാം എന്ന വിഷയത്തിലും നല്ല അറിവ് വേണം. അത്തരം ഒരു അറിവ് മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ മകനായ രാഹുൽ ഗാന്ധിക്ക് വന്നുതുടങ്ങി എന്നതിന്റെ സൂചനയാണ് അദ്ദേഹം ഇന്നലെ ലോകസഭയിൽ നടത്തിയ പ്രകടനം.
ഒരു കെട്ടിപിടിക്ക് രാഷ്ട്രീയത്തിൽ വലിയ പ്രസക്തിയുണ്ടെന്ന് അദ്ദേഹം മനസിലാക്കിയിരിക്കുന്നു. കെട്ടിപുടി പ്രകടനം ഭരണപക്ഷത്തെ മാത്രമല്ല സ്വന്തം പക്ഷത്തെയും കുറൊച്ചൊക്കെ ഞെട്ടിച്ചുണ്ടെന്നത് വാസ്തവമാണ്.അതിതീവ്രമായ അഴിമതി ആരോപിച്ചതിനു പിന്നാലെ തങ്ങളുടേത് വെറുപ്പിന്റെ രാഷ്ട്രീയമല്ലെന്ന് തെളിയിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു രാഹുൽ ഗാന്ധിയുടെ ആ ആശ്ളേഷം.തീർച്ചയായും ലോകസഭയിൽ അടുത്ത് നടന്ന അദ്ദേഹത്തിന്റെ പ്രസംഗങ്ങളിൽ ഏറ്റവും മികച്ചതായിരുന്നു കഴിഞ്ഞ ദിവസത്തേത് എന്നതിൽ സംശയമില്ല. പതിവില്ലാതെ പ്രതിപക്ഷ നേതാവിന്റെ മികവ് പ്രകടമാക്കിയ പ്രസംഗം. ‘പപ്പു’ എന്ന് വിളിച്ചുകൊണ്ടാണ് നരേന്ദ്ര മോദിയും ബിജെപിക്കാരും രാഹുൽ ഗാന്ധിയെ സ്ഥിരം പരിഹസിക്കാറുള്ളത്. എന്നാൽ ആ ഒരു വിളി സ്വയം അംഗീകരിച്ച് കൊണ്ട് ഏറ്റവും ആധികാരികമായൊരു വേദിയിൽ സംസാരിക്കാനും അദ്ദേഹത്തിന് സാധിച്ചു. ഇനി പപ്പു എന്ന് അദ്ദേഹത്തെ വിളിക്കുന്പോൾ രാഹുലിന്റെ ഇന്നലത്തെ പ്രകടനമാകും ആദ്യം ജനം ഓർക്കുക.
2014 മെയ് 20നു ഇന്ത്യൻ പാർലമെന്റിന്റെ പടികൾ ചവിട്ടിയ നരേന്ദ്ര മോദി ഇതുപോലെയൊരു രാഷ്ട്രീയം കളിച്ചിരുന്നു. തന്റെ നെറ്റി പാർലിമെന്റിന്റെ പടികളിൽ മുട്ടിച്ചു ജനാധിപത്യത്തിന്റെ ശ്രീ കോവിലിനെ വണങ്ങുകയായിരുന്നു അന്ന് പ്രധാനമന്ത്രി. ഇത്തരം നാടകീയ നിമിഷങ്ങളാണ് രാഷ്ട്രീയത്തെ രാഷ്ട്രീയമാക്കി മാറ്റുന്നത്. അപ്പോഴാണ് രാഷ്ട്രീയക്കാരന്റെ ഇമേജ് മാറുന്നത്. ഇത്തരം നാടകങ്ങളുടെ തിരകഥകൾ എഴുതുന്നത് നേതാക്കളുടെ പിന്നണിയിലുള്ളവരാണ്. ചിലത് പാളുന്പോൾ ചിലത് വിജയിക്കുന്നു എന്നു മാത്രം. എന്തായാലും അവിശ്വാസ പ്രമേയം പുഷ്പം പോലെ ബിജെപി മുന്നണി ജയിച്ചെടുത്തെങ്കിലും അതി നാടകീയമായ ഇടപെടലിലൂടെ ഇന്നലെത്തെ ദിവസം തന്റേതാക്കി മാറ്റിയിരിക്കുകയാണ് രാഹുൽ എന്ന് പറയാതെ വയ്യ. മാധ്യമങ്ങളുടെ തലക്കെട്ടുകൾ തീരുമാനിച്ച ഈ പ്രവൃത്തി ഇന്ത്യൻ ജനാധിപത്യത്തിന്റെ രാഷ്ട്രീയ നാടക കളരിയിലെ ഗംഭീര അങ്കങ്ങളിൽ ഒന്നായി എണ്ണപ്പെടും എന്ന കാര്യത്തിലും യാതൊരു സംശയവുമില്ല എന്നോർമ്മിപ്പിച്ചു കൊണ്ട്...