മാറുന്ന കാലത്തെ മാറുന്ന കോലങ്ങൾ....
പ്രദീപ് പുറവങ്കര
കർക്കിടകമാസമാണ് ഇപ്പോൾ കടന്നുപോകുന്നത്. മാനിഷാദ പാടി വന്ന രാമായണത്തിന്റെ ശീലുകൾ ചൊല്ലി ദുരിതമഴയുടെ നാളുകൾ കഴിയാൻ നാട് കാത്തിരിക്കുന്ന നേരം. പൊന്നിൻ ചിങ്ങത്തിന്റെ ഐശ്വര്യത്തിന് വേണ്ടിയുള്ള കാത്തിരിപ്പ് കൂടിയാണിത്. അതേസമയം ഇങ്ങ് ഇവിടെ മരുഭൂമിയിൽ ശരീരവും മനസും ഒരുപോലെ ചുട്ടുപൊള്ളുന്ന ചൂടാണ്. മഴ എന്നെങ്കിലും ഒന്നുചാറിയിരുന്നെങ്കിൽ എന്ന ആഗ്രഹമാണ് ഇവിടെ നിറയുന്നത്. ഒരിടത്ത് കോരിചൊരിയുന്ന മഴയെങ്കിൽ മറ്റൊരിടത്ത് തീപൊള്ളൽ പോലെ ചൂട്. മഴ വരുന്പോൾ വെയിലിനെയും വെയിൽ വരുന്പോൾ മഴയെയും കൊതിക്കുന്നവരാണ് ഇന്ന് മിക്കവരും. കൊടും ചൂടിൽ കാറിന്റെ വിന്റോഷീൽഡിൽ ആദ്യം പെയ്ത് വീഴുന്ന മഴതുള്ളികളെ ഫേസ്ബുക്കിൽ അപ് ലോഡ് ചെയ്ത് കഴിഞ്ഞാൽ പിന്നെ കുറേയേറെ ലൈക്ക് നേടി തന്ന മഴയോട് ദേഷ്യമാണ്. വെയിൽ പരന്നാൽ, അൽപ്പം വിയർപ്പ് പൊടിഞ്ഞുപോയാൽ ഹൊ എന്തൊരു ചൂട് എന്ന പിറുപിറുക്കലും ശാപവാക്കുകളും ആകും ബാക്കി. ഇതൊക്കെയാണ് നാം മനുഷ്യർ. ബന്ധങ്ങളിലും സൗഹൃദങ്ങളിലും ഒക്കെ ഇന്നത്തെ കാലത്ത് നാം ഇങ്ങിനെ അക്കരപച്ച തേടുന്നവരാണ്. വർഷങ്ങൾ നീണ്ടുപോകുന്ന സൗഹൃദങ്ങളും ബന്ധങ്ങളും ഒന്നും ഇന്ന് മിക്കവർക്കും ഇല്ല എന്നതാണ് യാത്ഥാർത്ഥ്യം. അങ്ങിനെ ഉണ്ടെങ്കിൽ നിങ്ങൾക്ക് എന്തോ തകരാറ് ഉണ്ടെന്നും വിലയിരുത്താൻ തുടങ്ങും.
കഴിഞ്ഞ ദിവസം പ്രവാസലോകത്ത് ഒരു സ്ഥാപനത്തിൽ നീണ്ട 40 വർഷത്തെ സേവനത്തിന് ശേഷം നാട്ടിലേയ്ക്ക് പോകാൻ തയ്യാറെടുക്കുന്ന സുഹൃത്തിന്റെ യാത്രയപ്പ് ചടങ്ങിൽ പങ്കെടുത്തു. ആ സ്ഥാപനത്തിന്റെ സ്വദേശിയായ ഉടമ മുതൽ കഴിഞ്ഞയാഴ്ച്ച അവിടെ ജോലി ആരംഭിച്ചവർ വരെ ചടങ്ങിൽ പങ്കെടുത്ത് നാട്ടിലേയ്ക്ക് പോകുന്നയാൾക്ക് യാത്രാമംഗളങ്ങൾ നേർന്നു. അവിടെ ഇരുന്നപ്പോൾ ആലോചിച്ചത് ഇനിയുള്ള തലമുറയിൽ ആരെങ്കിലും ഇത്തരം ഒരു നീണ്ട കാലയളവ് ഒരിടത്ത് തന്നെ ജോലി ചെയ്യുമോ എന്നതായിരുന്നു. ഒരു ജോലി കിട്ടിയിട്ട് വേണം അവധിയെടുത്ത് സ്വസ്ഥമായി വീട്ടിലിരിക്കാൻ എന്ന ചിന്തിക്കുന്ന ആവറേജ് മലയാളി ഒരു ജോലി കിട്ടിയാൽ അടുത്ത നിമിഷം മുതൽ പുതിയ ഇടത്തെ പറ്റി ചിന്തിക്കുകയും ചെയ്യുന്നു എന്നതാണ് വർത്തമാനകാല യാത്ഥാർത്ഥ്യം. നീണ്ട കാലം ഒരിടത്ത് തന്നെ ജോലി ചെയ്തു എന്ന് പറയുന്നത് പുതിയ കാലത്ത് വലിയ മാർക്ക് ലഭിക്കാത്ത സംഭവമായിരിക്കുന്നു. കഴിവില്ലാത്തത് കൊണ്ടാണ് ഒരിടത്ത് തന്നെ തങ്ങേണ്ടി വന്നത് എന്ന രീതിയിൽ വരെ നോക്കികാണുന്നു. കെട്ടിനിൽക്കുന്ന വെളളം ദുർഗന്ധമുണ്ടാക്കുമെന്നതാണ് പുതിയ ലോകം പറയുന്നത്. നീണ്ട ബന്ധങ്ങളിൽ താത്പര്യമില്ലാത്ത ഈ ഒരു അവസ്ഥയും ചിന്തയും തന്നയാണ് പവിത്രമെന്ന് കരുതുന്ന വിവാഹം പോലെയുള്ള വ്യവസ്ഥകൾ വരെ തകർന്നുപോകാനും ലിവ് ഇൻ റിലേഷൻഷിപ്പ് പോലെയുള്ള പുതിയ രീതികൾ കടന്നുവരാനുമുള്ള മുഖ്യ കാരണങ്ങൾ. കടപ്പാടുകൾ എന്നത് ചെക്കിലും, ഫോണിലും, മണി പേഴ്സിലും ഒക്കെ ഒതുക്കിവെയ്ക്കാൻ പഠിച്ചവർക്കാണ് സമൂഹത്തിലും കൂടുതൽ വില ലഭിക്കുന്നത്. ഇങ്ങിനെ കാലം മാറി വരുന്പോൾ കോലത്തിലും മാറ്റങ്ങൾ ആവശ്യമായി വരുന്നു. കോലംകെട്ടലിന് വേണ്ടിയുള്ള കോലാഹലത്തിൽ “സർവൈവൽ ഓഫ് ദ ഫിറ്റസ്റ്റ്” എന്ന പഴമൊഴി മാത്രം ഒരു യാഥാർത്ഥ്യമായി ബാക്കി നിൽക്കുന്നു..!!