ആൾക്കൂട്ടം ഭ്രാന്തമായാൽ ...
പ്രദീപ് പുറവങ്കര
ആധുനിക ലോകത്ത് മനുഷ്യൻ അവന്റെ സ്വതന്ത്രമായ സഞ്ചാരത്തിനും സമാധാനപരമായ ജീവിതം നിലനിർത്താനുമാണ് ചില നിയമങ്ങൾ ഉണ്ടാക്കിവെച്ചിരിക്കുന്നത്. ആ നിയമങ്ങൾ പൊതുസമൂഹം ഏറ്റെടുക്കുന്പോഴാണ് അച്ചടക്കമുള്ള ഒരു ജനതയുണ്ടാകുന്നത്. ഈ നിയമങ്ങൾ സ്വീകര്യമല്ലാത്തവരെ ശിക്ഷിക്കാനുള്ള വകുപ്പുകളും ഓരോ ജനതയും അവരുടേതായ രീതിയിൽ ഉണ്ടാക്കി വെക്കുന്നു. എന്നാൽ പലപ്പോഴും ഈ ശിക്ഷാനിയമങ്ങൾ സമൂഹത്തിലെ ആൾക്കൂട്ടങ്ങൾ സംഘടിപ്പിക്കുന്ന നിയമവിരുദ്ധ പരിപാടികൾക്ക് ലഭിക്കാറില്ല. ഏതൊരു കാര്യവും പോലെ തന്നെ ആൾകൂട്ടം എന്ന വാക്കിലും നന്മയും തിന്മയും ഉണ്ട്. ചില ആൾകൂട്ടങ്ങൾ നന്മയെ പ്രതിനിധാനം ചെയ്യുന്പോൾ ചിലത് മനുഷ്യത്വപരമല്ലാതെ ഭ്രാന്തമായി മാറുന്നു.
കഴിഞ്ഞ ദിവസം നമ്മുടെ സുപ്രീംകോടതി ആൾക്കൂട്ടത്തിന്റെ ഈ ഭ്രാന്തൻ സ്വഭാവത്തിനെതിരെ ഒരു നിരീക്ഷണം പുറപ്പെടുവിച്ചിരുന്നു. “നിയമം പ്രയോഗിക്കപ്പെടേണ്ടത് കോടതിയിലാണ്, തെരുവിലല്ല. കുറ്റാന്വേഷണത്തിന്റെയും വിചാരണയുടെയും ശിക്ഷാവിധിയുടെയും വേദിയായി തെരുവ് മാറാനും പാടില്ല” - എന്ന ആ ചിന്ത സമകാലിക ഭാരതീയ ജീവിതത്തിൽ ഏറെ പ്രസക്തമാണെന്ന് പറയാതെ വയ്യ. സംസ്കാരത്തിന്റെയും, മതത്തിന്റെയും, സദാചാരത്തിന്റെയും ഒക്കെ പേരിൽ തങ്ങൾക്ക് വിരോധമുള്ളവരെ തെരുവിൽ കൈക്കാര്യം ചെയ്യുന്നവരുടെ എണ്ണം നമ്മുടെ നാട്ടിൽ വർദ്ധിച്ചുവരികയാണ്. ഇത് കണക്കിലെടുത്തു കൊണ്ട് ആൾക്കൂട്ടത്തിന്റെ അക്രമത്തെ പ്രത്യേക കുറ്റകൃത്യമായിക്കണ്ട് നിയമനിർമാണം നടത്തണമെന്നാണ് സുപ്രീം കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. ആൾക്കൂട്ടത്തിന്റെ ഭ്രാന്തനീതി നടപ്പാക്കിയ നിരവധി സംഭവങ്ങൾ സമീപ വർഷങ്ങളിൽ ഇന്ത്യയിൽ ഉണ്ടായത് കൊണ്ട് തന്നെയാണ് കോടതിക്ക് ഇത്തരത്തിൽ ഒരു നിരീക്ഷണം നടത്തേണ്ടി വന്നത്. ആൾക്കൂട്ടഭീകരതയുടെയും സദാചാര ഗുണ്ടാത്തരത്തിന്റെയും ഇരകൾ മിക്കപ്പോഴും സ്ത്രീകൾ, ദളിതർ, മതന്യൂനപക്ഷങ്ങൾ, എഴുത്തുകാർ, സാംസ്കാരിക പ്രവർത്തകർ എന്നിവരാണ്. സ്വാമി അഗ്നിവേശിന് ജാർഖണ്ഡിൽ വെച്ച് ഏൽക്കേണ്ടി വന്ന മർദ്ധനവും കോഴി മോഷ്ടിച്ചെന്ന് ആരോപണം നടത്തി ഒരു ബംഗാളിതൊഴിലാളിയെ പ്രബുദ്ധമലയാളി തല്ലികൊന്നതും ഒക്കെ ഇത്തരം ആൾകൂട്ട തോന്ന്യാസങ്ങൾ തന്നെയാണ്.
തന്നിൽ നിന്ന് വ്യത്യസ്തമായതിനെ അംഗീകരിക്കാനുള്ള മനസ്ഥിതിയും ജനാധിപത്യബോധവും നമ്മുടെ നാടിനെ ബഹുസാംസ്കാരിക - ബഹുസ്വര പ്രകൃതിയെയും മനസ്സിലാക്കുന്ന ചരിത്രബോധവും നിലനിർത്താനും അത് പരസ്പരം പറഞ്ഞുമനസിലാക്കാനുമാണ് ഏവരും ശ്രമിക്കേണ്ടത്. സ്വതന്ത്രത, അറിവ്, യുക്തിബോധം, സമത്വഭാവന തുടങ്ങിയവയ്ക്കുപകരം മതം, ജാതി, വിശ്വാസ സംഹിത, പ്രാചീനനീതികൾ, അനാവശ്യമായ പാരന്പര്യബോധം, തുടങ്ങിയവയുടെ അടിസ്ഥാനത്തിൽ സമൂഹത്തെ നിർവചിച്ചു വിഭജിച്ചു തുടങ്ങിയാൽ പിന്നെ തെരുവിന്റെ കാടൻ നിയമങ്ങൾക്ക് മുന്പിൽ പൊതുസമൂഹം കീഴടങ്ങേണ്ടി വരും എന്നോർമ്മിപ്പിച്ചുകൊണ്ട്...!!