മഴപെയ്ത്ത് തുടരുന്പോൾ...
പ്രദീപ് പുറവങ്കര
കേരളത്തിന് ഇത് പെരുമഴ കാലമാണ്. ചരിത്രത്തിൽ ഇതുവരെ ഇങ്ങിനെ മഴയുണ്ടായിട്ടില്ലെന്ന് പഴമക്കാർ പരസ്പരം പറയുന്നു. ബ്രിട്ടീഷുകാരുടെ കാലാവസ്ഥാ വകുപ്പിന്റെ കൈയിലുള്ള രേഖകൾ പ്രകാരം 1933ലാണത്രെ ഇതിന് മുന്പ് ഇങ്ങിനെ മഴ പെയ്ത് കേരളത്തെ കുതിർത്തിട്ടത്. ആ വർഷം ഒരു ദിവസം എറണാകുളത്ത് പെയ്തത് 25 സെമി മഴയായിരുന്നു. കാലം മുന്പോട്ട് വന്ന് 2018ൽ എത്തിയപ്പോൾ ഈ ജൂലൈ 16ന് ഇതേയിടത്ത് പെയ്തത് 23 സെമി മഴയാണ്. എറണാകുളത്തിന്റെ പ്രധാന നാഡീഞരന്പായ എം.ജി റോഡ് ഈ ദിവസം പുഴയായി മാറി. മെയ് 29ന് കാലവർഷം എത്തിയത് മുതൽ എറണാകുളത്ത് മാത്രമല്ല മറിച്ച് കേരളമൊട്ടാകെ ഈ സ്ഥിതി തുടരുകയാണ്. കാലാവസ്ഥ മുന്നറിയിപ്പുകളുടെയും, ജാഗ്രതാ നിർദേശങ്ങളുടെയും ഒഴുക്ക് മഴ തിമിർത്ത് പെയ്യുന്നതിന് ഒപ്പം പ്രവഹിക്കുന്പോൾ തന്നെ കടൽക്ഷോഭവും, മണ്ണിടിച്ചലും, വലിയ നാശനഷ്ടങ്ങളും, എന്തിന് മരണങ്ങൾ പോലും പതിവ് പോലെ സംഭവിച്ചു കൊണ്ടേയിരിക്കുന്നു. കലക്ടർമാർ അവധി പ്രഖ്യാപിച്ച് കുഴങ്ങികൊണ്ടിരിക്കുന്നു.
അതേസമയം ഇത്തവണത്തേത് അസാധരണമായ മഴക്കാലമല്ല എന്നാണ് അതേ സമയം കാലവസ്ഥ വിദഗ്ധർ പറയുന്നത്. 2013 മുതൽ കുറഞ്ഞുതുടങ്ങിയ മഴ മുന്പത്തേക്കാൾ സജീവമായതാണെന്നും അതു കൊണ്ടാണ് ഇത് പെരുമഴയായി തോന്നുന്നതെന്നും അവർ പറയുന്നു. 2005ൽ മൂന്നാറിൽ ഒരു ദിവസം 48 സെമി മഴ പെയ്തതാണ് സമീപകാലത്തെ ഏറ്റവും ഉയർന്ന മഴ കണക്ക്. ഇടക്കാലത്ത് മഴ കുറഞ്ഞപ്പോൾ എപ്പോൾ മഴ പെയ്താലും അതിനെ കാലവർഷം എന്നുവിളിക്കാൻ നമ്മൾ തുടങ്ങിയിരുന്നു. മഴ കുറയുന്പോൾ തിരുവാതിര ഞാറ്റുവേല പോലും ഇല്ലാതായെന്ന് പഴമക്കാരും പൊഞ്ഞേറ് പറഞ്ഞിരുന്നു. കാലവസ്ഥ മാറിയപ്പോൾ നമ്മൾ മലയാളികളുടെ ശീലങ്ങളും ജീവിതരീതിയും ഒക്കെ മാറി തുടങ്ങിയിരുന്നു. എന്തായാലും ഇത്തവണ ഈ പെരുമഴക്കാലം വിതച്ചുകൊണ്ടിരിക്കുന്ന ദുരിതത്തിൽ നിന്ന് കേരളത്തിന് കരകയറുന്നത് അത്ര എളുപ്പമാകില്ല.
വരൾച്ചയായാലും, മഴയായാലും കാലാവസ്ഥ മാറ്റങ്ങൾ എന്ന യാത്ഥാർത്ഥ്യത്തെ നേരിടാനുള്ള ശ്രമങ്ങളാണ് അധികാരികൾ ഇനിയെങ്കിലും നടത്തേണ്ടത്. അതോടൊപ്പം മനുഷ്യന്റെ ജീവിത രീതികളും മാറേണ്ടതുണ്ട്. വയലും, പുഴയോരവും, നീർത്തടങ്ങളും, സുരക്ഷിതമായ കടൽ തീരങ്ങളും സംരക്ഷിക്കപ്പെടേണ്ടതാണെന്ന തിരിച്ചറിവും ബാല്യം മുതൽ ഏവർക്കും പകർന്നു നൽകണം. വരൾച്ചയെയും വെളപ്പൊക്കത്തെയും ഒരു പോലെ നിയന്ത്രിക്കാൻ അവക്കേ സാധിക്കൂ എന്ന തിരിച്ചറിവ് ഉണ്ടെങ്കിൽ തന്നെ ഇത്തരം പ്രക-ൃതി ദുരിതങ്ങളെ ഒരളവ് വരെ നേരിടാൻ സാധിക്കും. വികസനങ്ങളെ പറ്റി ചർച്ച ചെയ്യുന്ന നേരത്ത് പരിസ്ഥിതിയെ പറ്റിയുള്ള ഇത്തരം ആശങ്കകളും ചർച്ചചെയ്യപ്പെടണം. ഇത് മാത്രമാണ് കേരളത്തിന് മുന്നിലുള്ള വഴിയെന്ന് ഒരിക്കൽ കൂടി വിളിച്ചുപറയുകയാണ് ഈ പെരുമഴക്കാലം.