ഒരു പന്ത് പഠിപ്പിക്കുന്നത്...
പ്രദീപ് പുറവങ്കര
ഒരു ചെറിയ പന്തിന്റെ പിറകേ ലോകം മുഴുവൻ ഓടുന്ന ഉന്മാദത്തിന്റെ ഉത്സവം കൊടിയിറങ്ങിയിരിക്കുന്നു. റഷ്യയിലെ ലുഷ്നികി സ്റ്റേഡിയത്തിൽ ഇന്നലെ നടന്ന ഫൈനലിൽ ശക്തമായ പോരാട്ടത്തിലൂടെ ഫ്രാൻസ് ലോക കപ്പിൽ മുത്തമിട്ടെങ്കിലും ക്രോയേഷ്യ എന്ന കൊച്ചുരാജ്യത്തിന്റെ ടീം ഏറ്റുവാങ്ങിയ പരാജയത്തിനും ഒരു വിജയത്തിലേറെ തിളക്കമുണ്ട്. ലോകത്ത് ഏറ്റവും കൂടുതൽ ആരാധകരുള്ള കളി, ഏറ്റവും കൂടുതൽ ആളുകൾ കാണുന്ന കളി, ഏറ്റവും ആവേശകരമായ കായിക ഇനം തുടങ്ങിയ നിരവധി വിശേഷണങ്ങൾ കാൽപ്പന്തുകളിക്കുണ്ട്. അതിന് ഒരു കാരണം പരാജയത്തിലും ലഭിക്കുന്ന ആനന്ദം തന്നെയായിരിക്കണം.
മുന്പ് ഒരിക്കൽ തോന്ന്യാക്ഷരത്തിൽ എഴുതിയത് പോലെ ജീവിതവുമായി ഏറെ റിലേറ്റ് ചെയ്യാൻ പറ്റുന്ന ഒരു കായിക ഇനം കൂടിയാണ് ഫുട്ബാൾ. 90 മിനിട്ടിന്റെ ദൈർഘ്യത്തിൽ ഇവിടെ ഓരോ മിനിട്ടും സംഭവബഹുലമാണ്. ഏത് നിമിഷവും എതിരാളിയുടെ പോസ്റ്റിലേയ്ക്ക് ഗോൾ വീഴാമെന്ന ആ അനിശ്ചിതത്വം തന്നെയാണ് മനുഷ്യ ജീവിതത്തിലും സംഭവിക്കുന്നത്. ഒരു നിമിഷം കൊണ്ട് നായകനാകുന്ന കളിക്കാരൻ, അടുത്ത നിമിഷം സെൽഫ് ഗോൾ അടിച്ചോ, ചുവപ്പ് കാർഡ് വാങ്ങിയോ കളിയിലെ വില്ലനാകുന്നു. കഴിഞ്ഞ ലോക ചാന്പ്യമാരായ ജർമ്മനി ഇത്തവണ ആദ്യഘട്ടത്തിൽ തന്നെ പുറത്തായത് ഇതോടൊപ്പം ഓർക്കാം. അതോടൊപ്പം കൂട്ടായ്മയുടെയും നിശ്ചയദാർഢ്യത്തിന്റെയും അവസാന നിമിഷം വരെ പൊരുതാനുള്ള ആഗ്രഹത്തിന്റെയും പ്രതിരൂപമാണ് ഫുട്ബാൾ. തനിയെ ടീമിനെ ജയിപ്പിക്കാൻ ത്രാണിയുള്ളവർ എന്ന് ലോകം വാഴ്ത്തിപാടിയവരൊക്കെ ക്വാർട്ടർ ഫൈനലിൽ പോലും എത്താൻ സാധിക്കാതെ ഇടറിവീണതും നമ്മൾ കണ്ടു. മൈതാനം നിറഞ്ഞ് കളിക്കുന്നവർക്ക് പോലും തനിയെ നിന്നാൽ ഒരു സമൂഹത്തിന്റെ സ്വപ്നത്തെ നയിക്കാൻ സാധിക്കില്ല എന്ന് പതുക്കെ വിളിച്ചു പറയുന്നുണ്ട് ഈ കാൽപന്ത് കളി.
ഫൈനൽ വരെയെത്തിയ ക്രൊയേഷ്യയുടെ മുന്നേറ്റം അപ്രതീക്ഷിതമായിരുന്നു. കേരളത്തിലെ ഒരു ജില്ലയുടെ മാത്രം ജനസംഖ്യയുള്ള ഈ രാജ്യം എത്രമാത്രം ഫുട്ബാൾ എന്ന കായിക ഇനത്തെ പ്രണയിക്കുന്നവെന്നതിന്റെ തെളിവായിരുന്നു പരാജയത്തിലും രാജ്യത്തിന്‍റെ ആദ്യത്തെ വനിതാ പ്രസിഡന്‍റ് കൂടിയായ കോളിൻഡ ഗ്രാബർ മുതൽ കളിക്കാർ വരെ കാണിച്ച ആവേശം. രാഷ്‌ട്രീയമായും സാന്പത്തികമായും നിരവധി പ്രശ്നങ്ങളുണ്ടായിട്ടും ക്രൊയേഷ്യയ്ക്കു ലോകോത്തര താരങ്ങളെ വളർത്തിയെടുക്കാൻ കഴിഞ്ഞതു ചിട്ടയും ക്രമവുമുള്ള ദീർഘപരിശീലനം കൊണ്ടുകൂടിയാണ്. അതേസമയം അരക്കോടിപോലും ജനസംഖ്യയില്ലാത്തൊരു ഈ ഒരു രാജ്യം ലോകകപ്പ് ഫുട്ബോളിന്‍റെ ഫൈനലിലെത്തുന്പോൾ 130 കോടിയിലേറെ ജനങ്ങളുള്ള ഇന്ത്യക്ക് ലോകകപ്പ് കളിക്കാനുള്ള യോഗ്യത പോലും ഇതേവരെ നേടാനായിട്ടില്ല എന്നതു നമ്മുടെ കായിക നേതാക്കളെ ഇരുത്തിച്ചിന്തിപ്പിക്കേണ്ടതാണ്. ലോകത്തിലെ ആറാം നന്പർ സാന്പത്തിക ശക്തിയായ മാറിയിരിക്കുന്ന ഇന്ത്യക്കു ഫുട്ബാൾ മേഖലയിൽ ഒരു മുന്നേറ്റമുണ്ടാകുമെന്നത് സ്വപ്നമായി തന്നെ അവശേഷിക്കുന്നു. ഇന്ത്യയിൽ ഫുട്ബാൾ പ്രേമത്തിൽ ഏറ്റവും മുന്പിൽ നിൽക്കുന്നത് കേരളവും, ബംഗാളും, ഗോവയുമാണ്. ഈ ആവേശം കളിമികവായി മാറുന്നില്ല എന്നതാണ് സങ്കടങ്കരം. വിവാദങ്ങളും അഴിമതിയും ഗ്രസിച്ചിരിക്കുന്ന കായികഭരണത്തെ മാറ്റിയെടുക്കാനുള്ള ഇച്ഛാശക്തി നമ്മുടെ ഭരണകൂടം ഉണ്ടാക്കിയെടുത്താൽ മാത്രമേ ഈ അവസ്ഥക്ക് മാറ്റമുണ്ടാകൂ എന്ന് ഓർമ്മിപ്പിച്ചു കൊണ്ട്...