കൊലക്കളമാകരുത് നിരത്തുകൾ...
പ്രദീപ് പുറവങ്കര
പ്രവാസികളിൽ വലിയൊരു വിഭാഗം അവധി ആഘോഷത്തിനുള്ള തിരക്കിലാണ്. അവധിക്കായി നാട്ടിലേയ്ക്ക് തിരിക്കുന്ന ബാച്ചിലർ പ്രവാസികളിൽ യുവാക്കളുടെ ഒരു സ്വപ്നമാണ് ബൈക്കിൽ ഒന്ന് ചുറ്റികറങ്ങുക എന്നത്. ഇതുകാരണം എൻഫീൽഡ് മുതൽ പവർ ബൈക്കുകൾ വരെ ഈ അവധികാലത്ത് നാട്ടിൻപുറങ്ങളിലും നഗരങ്ങളിലും നിറയും. വലിയ എൻജിൻ പവറുള്ള ഇത്തരം ബൈക്കുകൾ സ്വന്തമാക്കുന്പോൾ ചിലർക്ക് ആ പവറിന്റെ അഹങ്കാരം തലയിലും കയറും. ഒടുവിൽ നിരത്ത് കൊലകളമാക്കുന്ന അവസ്ഥ ഇവരിൽ ചിലർ സൃഷ്ടിക്കുകയും ചെയ്യും. സംസ്ഥാനത്ത് രജിസ്റ്റർ ചെയ്യപ്പെടുന്ന വാഹനങ്ങളിൽ പകുതിയിലധികം ഇരുചക്രവാഹനങ്ങളാണ്. ദിനംപ്രതി ബൈക്ക് അപകടത്തിൽ ഒരു ഡസൻ പേരെങ്കിലും കേരളത്തിൽ മരിക്കുന്നുവെന്നും 125ലധികം പേർക്ക് ഗുരുതരമായ പരിക്കുകൾ സംഭവിക്കുന്നുവെന്നുമാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഓരോ ദിവസവും സംഭവിക്കുന്ന ഈ അപകടങ്ങളുടെ ബാഹുല്യം കുറച്ചുകൊണ്ടുവരാൻ എന്തൊക്കെ നടപടികൾ സ്വീകരിക്കാനാവുമെന്ന് ഗവണ്മെന്റും സമൂഹം ആകെത്തന്നെയും കൂട്ടായി ചിന്തിക്കേണ്ടിയിരിക്കുന്നു.
സംസ്ഥാനത്ത് പ്രതിവർഷം ഉണ്ടാകുന്ന റോഡപകടങ്ങളിൽ അന്പത് മുതൽ 80 ശതമാനം വരെ ബൈക്കപകടങ്ങളുമാണ്. താരതമ്യേന ഇടുങ്ങിയ നിരത്തുകളും, മഴ കാലത്ത് റോഡിൽ രൂപം കൊള്ളുന്ന കുണ്ടും കുഴികളും സാധാരണ ഗതാഗത നിയമങ്ങൾ പാലിക്കുന്നവരെപോലും അപകടത്തിലാക്കുന്നുണ്ട്. അതിനുപുറമെയാണ് അമിതവേഗത്തിൽ വാഹനമോടിക്കാനുള്ള ത്വര കാരണം ക്ഷണിച്ചുവരുത്തുന്ന അപകടങ്ങൾ. ബൈക്കിൽ യാത്ര ചെയ്യുന്നവരിൽ സ്വാഭാവികമായും പിന്നിലിരിക്കുന്ന ആളാണ് മിക്കപ്പോഴും കൂടുതൽ അപകടത്തിനിരയാവുക. ഇവിടെ ഇരിക്കുന്ന ആൾ തെറിച്ചു പോകുന്ന തരത്തിലാണ് ഇപ്പോഴത്തെ ബൈക്കുകളുടെ സീറ്റുകൾ ക്രമീകരിച്ചിരിക്കുന്നത്. പ്രത്യേക പരിചയമില്ലാത്തവർക്ക് ഇത്തരം ബൈക്കുകളിൽ കയറാൻപോലും സാധ്യമല്ല. എന്നിട്ടും പുതിയ പുതിയ മോഡലുകളിൽ മൾട്ടിനാഷണൽ കന്പനികൾ അടക്കമുള്ളവർ ഇത്തരത്തിലുള്ള പവർബൈക്കുകൾ പുറത്തിറിക്കിക്കൊണ്ടേയിരിക്കുന്നു. വിദേശങ്ങളിൽ ചില രാജ്യങ്ങളില്ലെങ്കിലും ഇത്തരം പവർ ബൈക്കുകളോടിക്കാൻ പ്രത്യേക ലൈസൻസ് വേണം. മാതാപിതാക്കളുടെ അറിവില്ലായ്മയെയാണ് ഈ ബൈക്ക് ഉദ്പാദകരും, വിൽപ്പനക്കാരും മുതലെടുക്കുന്നത്. നമ്മുടെ റോഡുകൾക്കും ഗതാഗത തിരക്കിനും നിരക്കാത്ത തരത്തിലുള്ള ഇത്തരം ബൈക്കുകളുടെ ഉപയോഗം നിയന്ത്രിക്കുന്നതിന് എന്തൊക്കെ ചെയ്യാനാവുമെന്ന് ഗൗരവമായി പരിശോധിക്കപ്പെടേണ്ടതുണ്ട്. അതോടൊപ്പം കാര്യക്ഷമവും സൗകര്യപ്രദവുമായ പൊതുഗതാഗത സംവിധാനം ഉറപ്പുവരുത്തിയാൽ മാത്രമേ ഇരുചക്രവാഹനങ്ങളുടെ ഉപയോഗം കുറയുകയുള്ളൂ. ഗതാഗത നിയമങ്ങൾ കർശനമായി പാലിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്താൻ സാധിക്കുന്ന ആധുനിക സംവിധാനങ്ങൾ പ്രവർത്തിയിലേയ്ക്ക് എത്തിക്കാൻ നമുക്ക് ഇനിയും വേണ്ടത്ര കഴിഞ്ഞിട്ടില്ല എന്നതും തിരിച്ചറിയേണ്ട കാര്യമാണ്. സ്ഥാപിച്ചിട്ടുള്ള നിരീക്ഷണ ക്യാമറകൾ തന്നെ പലപ്പോഴും പ്രവർത്തനക്ഷമമല്ലെന്ന പരാതിയും നിലനിൽക്കുന്നു. സാഹസികത യുവത്വത്തിന്റെ മുഖമുദ്രയാണെങ്കിലും പൊതുനിരത്തിലെ മത്സരയോട്ടം പോലുള്ള അതിസാഹസികത നിയന്ത്രിച്ചില്ലെങ്കിൽ നഷ്ടപ്പെടുന്നത് ഒന്നോ രണ്ടോ ജീവനുകൾ മാത്രമല്ല മറിച്ച് എത്രയോ കുടുംബങ്ങളുടെ പ്രത്യാശയാണ് എന്ന് ഓർമ്മിപ്പിക്കട്ടെ!!.