സുഷമാജി വരുന്പോൾ...
പ്രദീപ് പുറവങ്കര
“കരകാണ കടലല മേലെ മോഹപൂങ്കുരുവി പറന്നേ”.... കംപ്യൂട്ടറിന്റെ സ്പീക്കറിൽ നിന്ന് പാട്ട് മൂളി വരുന്പോൾ എന്റെ കണ്ണുകൾ ഇന്നത്തെ ഡെയിലി ട്രിബ്യൂണിന്റെ ആദ്യ പേജിലായിരുന്നു. ദുബായിൽ നിന്ന് തീവ്രവാദപ്രവർത്തനങ്ങൾക്കായി ഇറാനിലേയ്ക്ക് മില്യൺ കണക്കിന് ഡോളർ കടത്തിയ ഒരു റാക്കറ്റിനെ പറ്റിയുള്ള വാർത്തയായിരുന്നു അത്. മേഖലയിൽ അസമാധാനം വിതയ്ക്കാൻ വേണ്ടി ആയുധങ്ങൾ വാങ്ങാനും, സംഘർഷങ്ങൾ നിലനിർത്താനുമാണ് ഈ പണം വിനിയോഗിക്കപ്പെടുന്നത് എന്നും വാർത്ത സൂചിപ്പിക്കുന്നു. ഇറാൻ ഭീഷണി ഏറ്റവുമധികം നേരിടുന്ന രാജ്യങ്ങളിൽ ഒന്നാണ് ബഹ്റൈൻ. 2011 മുതൽ ബഹ്റിൻ എന്ന കൊച്ച് സ്വർഗ്ഗത്തെ ഇല്ലായ്മ ചെയ്യാൻ അയൽവാസിയായ ഇറാന്റെ നേതൃത്വത്തിൽ നടക്കുന്ന ഹീനമായ ശ്രമങ്ങൾ അന്താരാഷ്ട്ര സമൂഹവും ഇവിടെ താമസിക്കുന്ന സ്വദേശി, വിദേശി സമൂഹവും കണ്ടുകൊണ്ടിരിക്കുകയാണ്. അത്തരം ഒരു അവസ്ഥ നിലനിൽക്കുന്പോഴാണ് ആശങ്കപ്പെടുത്തുന്ന തരത്തിൽ വാർത്തകൾ വരുന്നത്.
പോലീസ് വാഹനങ്ങൾ അപൂർവ്വമായിരുന്ന ഈ രാജ്യത്ത്, ജനങ്ങൾ പരസ്പരം ഏറ്റവും സൗഹാർദ്ദത്തോടെ കഴിഞ്ഞിരുന്ന ഇവിടെ ഇപ്പോൾ കനത്ത പോലീസ് വ്യൂഹമാണ് ജനങ്ങളുടെ സുരക്ഷയ്ക്കായി കാവൽ നിൽക്കുന്നത്. ഈ കാലയളവിൽ എത്രയോ തവണ ഇവർ നമ്മുടെ ജീവൻ രക്ഷിച്ചിരിക്കുന്നു. ജനങ്ങളുടെ ക്ഷേമത്തിൽ താത്പര്യമുള്ള ഭരണാധികാരികൾ അവരുടെ കഴിവിന്റെ പരമാവധി സേവനങ്ങൾ പ്രതിസന്ധി ഘട്ടങ്ങളിൽ പോലും ചെയ്ത് വരുന്നതും നമ്മൾ കാണുന്നു. ബഹ്റിൻ വഴി സൗദി അറേബ്യയെ ലക്ഷ്യം വെയ്ക്കുന്ന ഇറാന്റെ നേതൃത്വത്തിലുള്ള തീവ്രവാദികളാണ് ഇന്ന് ഗൾഫ് മേഖലയാകെ ഒരു വൈറസ് പോലെ പടർന്നിരിക്കുന്നത്. പല പേരുകളിൽ അവർ വാർത്തകളിൽ നിറയുന്നു എന്നതാണ് യാത്ഥാർത്ഥ്യം.
ഇത്തരം ഒരു സാഹചര്യത്തിൽ ഇന്ത്യാ ഗവൺമെന്റ് മൗനം പാലിക്കുന്നത് അപകടകരമാണ്. അറുപത് ലക്ഷത്തോളം വരുന്ന ഇന്ത്യാക്കാർ ഇപ്പോൾ പ്രവാസ ലോകത്തുണ്ട്. ഒരടിയന്തര സാഹചര്യം വന്നാൽ ഇവരെ എങ്ങിനെ രക്ഷിക്കാനാണ് നമ്മുടെ ഗവൺമെന്റ് ഉദ്ദേശിക്കുന്നതെന്ന് ഇപ്പോഴും ആർക്കും വ്യക്തമല്ല. അതിൽ ഏറ്റവും പ്രധാനം ഇപ്പോഴും പ്രവാസികളെ പറ്റി ശരിയായ കണക്കുകൾ നമ്മുടെ ഗവൺമെന്റിനില്ല എന്നതാണ്. ബഹുമാനപ്പെട്ട വിദേശകാര്യ മന്ത്രി ശ്രീമതി സുഷമ സ്വരാജ് ബഹ്റൈനിലെ ഇന്ത്യൻ എംബസി ഉദ്ഘാടനവുമായി ബന്ധപ്പെട്ട് നാളെ ഇവിടെ എത്തുകയാണ്. ഗൾഫിലെ ഇന്ത്യൻ എംബസികൾ വഴിയും, മാധ്യമങ്ങൾ വഴിയും ഇവിടെ കഴിയുന്ന ഇന്ത്യക്കാരുടെ കണക്കെടുക്കാനുള്ള നിർദേശം വിദേശകാര്യ മന്ത്രി ഈ അവസരത്തിൽ നൽകണമെന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു. സൗദിയിൽ നിതാഖത്ത് വന്നപ്പോഴും, ബഹ്റിനിൽ എൽ.എം.ആർ.എ വന്നപ്പോഴും പേരുകൾ റെജിസ്റ്റർ ചെയ്യാൻ മിക്ക വിദേശികളും മുന്പോട്ട് എത്തിയിരുന്നു. അത്തരമൊരു ഇച്ഛാശക്തി ഇന്ത്യൻ സർക്കാർ പ്രകടിപ്പിക്കുകയാണെങ്കിൽ ഗൾഫിലെ ഇന്ത്യക്കാരുടെ കണക്ക് നമുക്ക് കണ്ടെത്താൻ സാധിക്കും.
ബഹ്റിനും ഇറാനും തമ്മിലുള്ള സമുദ്രാതിർത്തി വളരെ നേർത്തതാണ്. ഇതുവഴിയാണ് ഇറാനിൽ നിന്നും ആയുധങ്ങൾ ഇവിടേക്ക് കടത്തുന്നത്. അതേസമയം ഈ കടൽ തീരങ്ങളിൽ കാണാപൊന്ന് തേടി പോകുന്ന മത്സ്യബന്ധന ജോലിക്കാർ ധാരാളമുണ്ട്. അതിൽ മലയാളിയും, തമിഴനുമൊക്കെ പെടും. ഏറ്റവും കുറഞ്ഞത് ഇവരുടെ പേര് വിവരങ്ങളെങ്കിലും നമ്മുടെ ബഹുമാനപ്പെട്ട എംബസി അറിഞ്ഞുവെക്കേണ്ടതുണ്ട്. ഭാവിയിൽ അത് ഏറെ ഉപകാരപ്പെടും, തീർച്ച!!