നിയമത്തിന് കാരുണ്യവും വേണം...
പ്രദീപ് പുറവങ്കര
വാഹനത്തിന് ഇന്ധനം എന്ന പോലെയാണ് മനുഷ്യന് പണം. ഇന്ധനമില്ലെങ്കിൽ വാഹനം വഴിയിൽ കിടക്കും. മനുഷ്യന്റെ ആഗ്രഹങ്ങളും ആവശ്യങ്ങളും വർദ്ധിക്കുന്പോൾ പണം എന്ന ഇന്ധനത്തിന്റെ ആവശ്യകതയും വർദ്ധിക്കുന്നു. ആവശ്യത്തിന് അത് ലഭിക്കാതെ വരുന്പോഴാണ് ഒരാൾ കടം വാങ്ങി തുടങ്ങുന്നത്. ഇന്ന് കടം ലഭിക്കുന്നത് വലിയ ബുദ്ധിമുട്ടില്ലാത്ത കാര്യമാണ്. പക്ഷെ തിരിച്ച് നൽകുന്നത് അത്ര എളുപ്പമല്ലെന്ന് മാത്രം. കഴിഞ്ഞ ദിവസം നാട്ടിൽ നിന്ന് വന്ന ഒരു വാർത്ത നിങ്ങളും ശ്രദ്ധിച്ചിരിക്കും. എറണാകുളം പത്തടിപ്പാലം സ്വദേശി ഷാജിയും ഭാര്യ പ്രീതയും തങ്ങളുടെ ബന്ധുവായ സാജനു വർക്ക് ഷോപ്പ് തുടങ്ങുന്നതിനുവേണ്ടി ലോർഡ് കൃഷ്ണ ബാങ്കിൽനിന്നു രണ്ടുലക്ഷം രൂപ വായ്പയ്ക്കു ജാമ്യം നിന്ന വാർത്തയാണത്. ബിസിനസ് പരാജയംമൂലം സാജനു ആ വായ്പ തിരിച്ചടയ്ക്കാനായില്ല. അതോടെ ജാമ്യം നിന്നവരുടെ ജീവിതം ദുരിതപൂർണമായി മാറി. രണ്ടു ലക്ഷം രൂപയുടെ ബാങ്ക്വായ്പാ ജാമ്യത്തിനു രണ്ടു കോടിയിലേറെ രൂപ കുടിശികയാണ് ഇവർ കോടതി ഉത്തരവ് പ്രകാരം അടയ്ക്കേണ്ടിവരുക. പോലീസിന്റെ സഹായത്തോടെ ജാമ്യക്കാരന്റെ കിടപ്പാടം ജപ്തി ചെയ്യാനുള്ള ശ്രമങ്ങൾ ആരംഭിച്ചതിനെ തുടർന്ന് ഷാജിയുടെ കുടുംബവും സ്ഥലവാസികളും ചേർന്നു ആ ശ്രമം തടഞ്ഞത് വലിയ വിവാദമുയർത്തിയിരിക്കുകയാണ്. നിയമപ്രകാരമുള്ള ജപ്തി നടത്തിയെടുക്കാൻ സാധിക്കാത്തതിനു ഹൈക്കോടതി ഇന്നലെ സർക്കാരിനെ നിശിതമായി വിമർശിക്കുകയും ചെയ്തു. ഒപ്പം കുടുംബത്തിനു പുനരധിവാസമുൾപ്പെടെയുള്ള പ്രശ്നപരിഹാരനിർദേശങ്ങളടങ്ങിയ സത്യവാങ്മൂലം സമർപ്പിക്കാൻ സർക്കാരിനു മൂന്നാഴ്ച സമയം നൽകിയിരിക്കുകയാണ്.
വായ്പക്കുടിശികയുടെ പേരിൽ പാവപ്പെട്ടവരും സാധാരണക്കാരും വലിയ ബാധ്യതയുടെ കയത്തിൽ മുങ്ങുന്ന സാഹചര്യത്തിന് നമ്മുടെ നാട്ടിൽ ഒരു മാറ്റവുമില്ലെന്ന് ഈ സംഭവവും തെളിയിക്കുന്നു. ചെറിയ തുക വായ്പയെടുത്തവരും വായ്പയ്ക്കു ജാമ്യം നിന്നവരും ആയുഷ്കാലം മുഴുവൻ അധ്വാനിച്ചാലും കടം തീർക്കാനാവാത്ത സ്ഥിതിയിലെത്തുന്ന ഇത്തരം സംഭവങ്ങൾ നാട്ടിൽ നിരവധിയാണ്.പാവപ്പെട്ടവന്റെ നെഞ്ചലേയ്ക്ക കയറുന്ന ഈ നിയമങ്ങൾ വിജയ് മല്യയെയും നീരവ് മോദിയെയും പോലുള്ള വൻ വായ്പക്കാക്കാർക്ക് മുന്പിൽ നിശബ്ദരാകുന്നു എന്നത് സാധാരണക്കാരെ ആശങ്കപ്പെടുത്തുന്നു. സഹസ്രകോടികൾ വായ്പയെടുത്തു നാടിനെ മുടിച്ചുപോകുന്ന ഇവരെ ഒന്ന് തൊടാൻ പോലും അധികാരികൾക്ക് സാധിക്കുന്നില്ല. അതേ സമയം കൃഷിക്കോ ചെറുകിട ബിസിനസിനോ കുട്ടികളെ പഠിപ്പിക്കാനോ ഒന്നോ രണ്ടോ ലക്ഷം രൂപ വായ്പയെടുത്തവർക്കു വായ്പ തിരികെയടയ്ക്കാൻ കഴിയാതെ വന്നാൽ വായ്പയുടെ പതിന്മടങ്ങു തുക പലിശയും പലിശയ്ക്കു പലിശയുമായി കണക്കാക്കുകയും ഈടുകൊടുത്തിരുന്ന കിടപ്പാടത്തിൽനിന്ന് അവരെ ഇറക്കിവിടുകയും ചെയ്യുന്ന സാഹചര്യം നിലനിൽക്കുകയും ചെയ്യുന്നു.
അതു കൊണ്ട് തന്നെ ഇതു സംബന്ധിച്ചു നിലവിലുള്ള നിയമങ്ങൾ നിഷ്കരുണമാണ് എന്ന് പറയാതെ വയ്യ. ചെറിയ തുക വായ്പയെടുക്കുന്നവരിൽ ബഹുഭൂരിപക്ഷവും വായ്പ തിരിച്ചടയ്ക്കണമെന്ന ആത്മാർഥമായ ആഗ്രഹത്തോടെയാവും അതു ചെയ്യുക. അതു കൊണ്ട് തന്നെ ഇത്തരം വിഷയങ്ങളിൽ മാനുഷികമായ പരിഗണന കടന്നുവരേണ്ടതാണ്. ഈ വിഷയത്തിൽ ക്രിയാത്മകമായൊരു നിയമനിർമാണത്തെക്കുറിച്ചു ബന്ധപ്പെട്ടവർ ഗൗരവപൂർവം ആലോചിക്കുകയും വൈകാതെ തീരുമാനത്തിലെത്തുകയും ചെയ്യേണ്ടിയിരിക്കുന്നു. കാരണം നിലവിലുള്ള നിയമങ്ങളുടെ അടിസ്ഥാനത്തിൽ മാത്രമേ കോടതിക്കും തീരുമാനങ്ങളെടുക്കാൻ സാധിക്കൂ എന്നോർമ്മിപ്പിച്ചു കൊണ്ട്...