ലോകം കാത്തിരുന്ന നിമിഷം...


പ്രദീപ് പു­റവങ്കര

നാശത്തിന്റെ സന്ദേശങ്ങൾ കൂടുതലായി പ്രചരിക്കുന്ന ഒരു കെട്ട കാലമാണിത്. സംഘർഷങ്ങളും യുദ്ധവും കലാപവും ഈ നിക്ഷേധ ചിന്തകളുടെ ഭാഗമായിട്ടാണ് നടക്കുന്നത്. അതേ സമയം അപൂർവമായെങ്കിലും ചില നേരത്ത് മനുഷ്യത്വം ഉയർത്തേഴുന്നേൽക്കുന്ന അപൂർവ സന്ദർഭങ്ങളുമുണ്ടാകാറുണ്ട്. അത്തരമൊരു കാര്യത്തിനാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ലോകം സാക്ഷ്യം വഹിച്ചത്. തായ്‌ലൻഡിലെ വളഞ്ഞുപുളഞ്ഞു നീണ്ട തം ലുവാംഗ് ഗുഹാ സമുച്ചയത്തിലെ ഇരുട്ടും വെള്ളവും വകഞ്ഞുമാറ്റി രക്ഷാപ്രവർത്തകർ നടത്തിയ മഹായജ്ഞത്തിലൂടെ തായ് വൈൽഡ് ബോർഡ് ഫുട്ബോൾ ടീമിലെ 12 കുട്ടികളുടെയും പരിശീലകൻ ചാൻടവോങിന്‍റെയും ജീവൻ അതിസാഹസികമായി രക്ഷിച്ചപ്പോൾ ഈ ലോകമൊന്നാകെയാണ് ആശ്വാസം കൊണ്ടത്. ജനകോടികളുടെ പ്രാർത്ഥനയും ലോകത്തിന്‍റെ നാനാഭാഗങ്ങളിൽനിന്നെത്തിയ നാല്പതോളം രക്ഷാപ്രവർത്തകരുടെ കഠിനപ്രയത്‌നവും ആണ് ഈ നന്മ നിറഞ്ഞ പ്രവർത്തിക്ക് കൂട്ടായത്. രക്ഷാപ്രവർത്തനത്തിന്‍റെ ആദ്യഘട്ടത്തിൽ നീന്തൽ വിദഗ്ധൻ സമാൻ ഗുണാന്‍റെ ജീവൻ നഷ്‌ടപ്പെട്ടതും ഈ ദിവസങ്ങളിൽ നമ്മുടെ കണ്ണുനനയിച്ചു. ലോകത്തിന്‍റെ നാനാഭാഗങ്ങളിലും ഗുഹയ്ക്കുള്ളിൽ കഴിയുന്ന കുട്ടികളുടെ ഫോട്ടോയും പിടിച്ചു കണ്ണടച്ചു പ്രാർഥിക്കുന്ന ചിത്രങ്ങൾ ഗുഹയിൽ പെട്ടു പോയ ആ കുട്ടികളെ കൂടപ്പിറപ്പുകളെപ്പോലെ കാണാനുള്ള ഹൃദയവിശാലതയുടെ തെളിവ് കൂടിയായി മാറി.  ഒടുവിൽ പന്ത്രണ്ടു കുട്ടികളും പരിശീലകനും സുരക്ഷിതരായി ആ ഗുഹയിൽനിന്നു പുറത്തുവന്നതോടെ ലോകം ആശ്വാസത്തിന്റെ നെറുകയിലെത്തി. 

കഴിഞ്ഞ മാസം 23നാണു 11 മുതൽ 16 വയസുവരെ പ്രായമുള്ള ടീം അംഗങ്ങളുമായി പരിശീലകൻ ഇകപോൾ ചാൻടവോങ് ഗുഹയ്ക്കുള്ളിൽ കടന്നത്. തായ്‌ലൻഡിലെ ചിയാങ് റായ് വനമേഖലയിലുള്ള ദോയി നാംഗ് നോൺ പർവതത്തിനു താഴെയുള്ള ചുണ്ണാന്പുകല്ലുകൾ നിറഞ്ഞ ഗുഹയ്ക്ക് പത്തുകിലോമീറ്ററോളം നീളംവരും. കോച്ചുമായി ആ പന്ത്രണ്ടംഗ സംഘം അകത്തുകടന്നയുടൻ കനത്ത മഴ പെയ്തതാണ് കാര്യങ്ങൾ ആകെ മാറ്റി മറിച്ചത്. പുറത്തുനിന്നു വെള്ളം ഇരച്ചുകയറിയപ്പോൾ ഗുഹയ്ക്കുള്ളിൽ ജലനിരപ്പ് ഉയർന്നു. കുട്ടികളുടെ ബാഗുകളും ഷൂസുകളും മറ്റും ഗുഹാമുഖത്തു കണ്ടതിനെത്തുടർന്ന് ചിയാങ് റായ് വനപ്രദേശത്തെ റേഞ്ചറാണ് ആദ്യമായി വിവരം അധികൃതരെ അറിയിച്ചത്. അന്നുതൊട്ടിന്നുവരെ ഓരോ ദിവസവും അവിടെ നടന്ന കാര്യങ്ങളും രക്ഷാപ്രവർത്തനത്തിന്‍റെ സമഗ്രതയും ചിട്ടയും തായ് സർക്കാരിന്‍റെ ദുരന്ത നിവാരണ സംവിധാനങ്ങളുടെ മികവും ഏറെ ശ്രദ്ധേയമായിരുന്നു. 

വാർത്താശേഖരണത്തിനുള്ള അനാവശ്യ തിരക്കോ സാമൂഹ്യ മാധ്യമങ്ങളിലെ നെഗറ്റീവ് പ്രചാരണമോ ഇല്ലാതെപോയതും രക്ഷാപ്രവർത്തനങ്ങൾ സുഗമമാക്കി. അതേസമയം രക്ഷാപ്രവർത്തനത്തിന്‍റെ ദൃശ്യങ്ങൾ ഉൾപ്പെടെ എല്ലാ വിവരങ്ങളും കൃത്യമായി പുറംലോകത്തിനു ലഭിച്ചുകൊണ്ടുമിരുന്നു. അമേരിക്ക, ചൈന, ബ്രിട്ടൻ, ഓസ്ട്രേലിയ, ജർമനി, ഇസ്രയേൽ, ജപ്പാൻ, റഷ്യ തുടങ്ങി നിരവധി രാജ്യങ്ങളിൽനിന്നുള്ള വിദഗ്ധർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു. നമ്മുടെ നാട്ടിലാണെങ്കിൽ പലപ്പോഴും ഇത്തരം ദുരന്തരംഗങ്ങളിൽ ഏറ്റവും കൂടുതൽ തടസമുണ്ടാക്കുന്നതു വിവിഐപികളുടെ സാന്നിധ്യമാണ്. അതു പൂർണമായും ഇവിടെ ഒഴിവാക്കി. പ്രധാനമന്ത്രിയും പ്രവിശ്യാ ഗവർണറും നിശബ്ദമായിരുന്നു സമർഥമായി എല്ലാ കാര്യങ്ങളും നിരീക്ഷിച്ചു, നിയന്ത്രിച്ചു എന്നതും ഏറെ ശ്രദ്ധിക്കേണ്ട കാര്യമാണ്. അതോടൊപ്പം തൊട്ടാവാടികളായി വളരുന്ന ഇന്നത്തെ യുവതലമുറയ്ക്ക് തായ് ഗുഹയിലകപ്പെട്ട ഈ കൗമാരക്കാർ നൽകുന്നത് അനിതരസാധാരണമായൊരു ആത്മവിശ്വാസത്തിന്‍റെയും അതിജീവനത്തിന്റെയും അപൂർവ പാഠമാണെന്ന് കൂടി ഓർമ്മിപ്പിക്കട്ടെ!!

You might also like

Most Viewed