ശ്രീധരൻ ഓർമ്മിപ്പിക്കുന്നത്...
പ്രദീപ് പുറവങ്കര
ഇ ശ്രീധരൻ എന്ന ടെക്നോക്രാറ്റ് നമ്മുടെ നാടിന് ലഭിച്ച ബഹുമുഖ പ്രതിഭകളിൽ ഒരാളാണ്. ഇന്ത്യയിലെ മെട്രോ റയിൽ സംവിധാനങ്ങളുടെ നിലവാരം ഉറപ്പുവരുത്തുന്നതിനായി മാനദണ്ഡങ്ങൾ നിശ്ചയിക്കാനുള്ള സമിതിയുടെ അധ്യക്ഷനായി ഇ. ശ്രീധരനെ സർക്കാർ നിയമിച്ചതും ഇതിനിടെ ആയിരുന്നു. ഇങ്ങിനെ നിരവധി കാരണങ്ങൾ കൊണ്ട് അദ്ദേഹത്തിന്റെ വാക്കുകൾക്ക് നമ്മൾ എന്നും ഏറെ വില നൽകുന്നു. കഴിഞ്ഞ ദിവസം ഹിന്ദുസ്ഥാൻ ടൈംസിൽ അദ്ദേഹത്തിന്റേതായി വന്ന ഒരു അഭിമുഖ സംഭാഷണത്തിൽ നമ്മുടെ നാട്ടിലെ തീവണ്ടി ഗതാഗതവുമായി ബന്ധപ്പെട്ട് അദ്ദേഹം പ്രസക്തമായ ഒരു കാര്യം പറഞ്ഞിട്ടുണ്ട്. ഇന്ത്യക്ക് വേണ്ടത് ബുള്ളറ്റ് ട്രെയിനുകൾ അല്ലെന്ന് ഇ ശ്രീധരൻ എന്നാണ് ആ അഭിമുഖത്തിന്റെ തലക്കെട്ട്. നമുക്ക് വേണ്ടത് സാധാരണക്കാർക്ക് സഞ്ചരിക്കാൻ സാധിക്കുന്ന സുരക്ഷിതമായ ഒരു റെയിൽവെ സംവിധാനമാണെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നത്. മെട്രോമാൻ എന്നറിയപ്പെടുന്ന അദ്ദേഹം ഇവിടെ പ്രകടിപ്പിച്ചത് ട്രെയിൻ ഗതാഗത സേവനത്തെ ആശ്രയിക്കുന്നു ജനകോടികളുടെ വികാരം തന്നെയാണ്. ഇന്ത്യയിലെ ഉന്നത ശ്രേണിയിലുള്ളവർക്ക് മാത്രമേ ബുള്ളറ്റ് ട്രെയിനുകളെ പോലെ ചെലവ് കൂടിയ ഗതാഗത മാർഗങ്ങളെ ആശ്രയിക്കാൻ കഴിയവെന്നും സാധാരണക്കാർക്ക് വേണ്ടത് കൃത്യസമയത്ത് ഓടുന്ന, സുരക്ഷിതമായ, വൃത്തിയുള്ള ട്രെയിനുകളാണെന്നും അദ്ദേഹം ചൂണ്ടികാട്ടുന്നു. മോഡി സർക്കാർ മുംബൈ അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ സ്വപ്ന പദ്ധതിയായി നടപ്പിലാക്കുന്പോഴാണ് ശ്രീധരൻ അതിന്റെ ആവശ്യകതയിൽ തന്നെ സംശയം ഉന്നയിച്ചിരിക്കുന്നത്.
സ്വാതന്ത്ര്യം കിട്ടി 70 വർഷം കഴിഞ്ഞിട്ടും ഇന്ത്യയുടെ മൊത്ത ജനസംഖ്യയുടെ മൂന്നിലൊന്നും ഇപ്പോഴും ദാരിദ്ര്യരേഖയ്ക്ക് താഴെയാണ് എന്ന യാത്ഥാർത്ഥ്യവും അദ്ദേഹം പങ്കിടുന്നുണ്ട്. അതോടൊപ്പം ധാർമ്മികതയുടെയും മൂല്യങ്ങളുടേയും തത്വങ്ങളുടെയും കാര്യത്തിലുള്ള പതനത്തെ പറ്റിയും അദ്ദേഹം പരിതപിക്കുന്നു. രാഷ്ട്രീയ ലക്ഷ്യങ്ങളാണ് നേതാക്കളെ നയിക്കുന്നതെന്നും സമഗ്രമായ ഒരു തിരുത്തൽ ആവശ്യമാണെന്നും ശ്രീധരൻ തുറന്ന് പറയുന്നു.
നമ്മുടെ ഭരണാധികാരികൾ ഏറെ ചിന്തിക്കേണ്ട ഒരു വിഷയം തന്നെയാണിത്. സ്വാതന്ത്ര്യം കിട്ടി ഇത്രയും വർഷം കഴിഞ്ഞിട്ടും നമ്മുടെ നാട്ടിൽ ട്രെയിൻ യാത്ര സുരക്ഷിതമാക്കാനോ, സുഖകരമാക്കാനോ ഒന്നു വൃത്തിയാക്കി ബോഗികളെ സൂക്ഷിക്കാനോ ഇന്നും സാധിച്ചിട്ടുണ്ടെന്ന് പറയാനാകില്ല. വിവിഐപികൾക്കും വിഐപികൾ ലഭിക്കുന്ന പരിഗണന സാധാരണക്കാർക്ക് ഒരിക്കലും ലഭിക്കുന്നില്ല. പണമുള്ളവർക്ക് വേണ്ടി ബുള്ളറ്റ് ട്രെയിനുകൾ ഉണ്ടാക്കുന്നതിനോടൊപ്പം അതിൽ കുറച്ചെങ്കിലും പണം ഇപ്പോഴുള്ള നമ്മുടെ കോച്ചുകളിലെ സൗകര്യങ്ങൾ കൂടി വർധിപ്പിക്കാനുപയോഗിക്കുന്നതിൽ തെറ്റില്ല. നമ്മുടെ രാജ്യം വിദേശരാജ്യങ്ങളുടെ നിലവാരത്തിലേക്കു എത്തണമെന്ന ആഗ്രഹം മനസിലാക്കാം. എന്നാൽ അതേ സമയം സാധാരണക്കാരന്റെ യാത്രാദുരിതത്തിന് കൂടി പരിഹാരം കണ്ടെത്താൻ അവർ ബാധ്യസ്ഥരാണ്. തിങ്ങിനിറഞ്ഞ് തിരിയാന് പോലും സാധിക്കാത്തവിധത്തിൽ ഇന്നും കോടിക്കണക്കിന് യാത്രക്കാർ നിന്നുകൊണ്ട് യാത്ര ചെയ്യുന്ന കാഴ്ചയും അവർ കാണണമെന്ന് ഓർമ്മിപ്പിച്ചു കൊണ്ട്...