പ്ലാസ്റ്റിക്ക് നശിപ്പിക്കുന്നത്...
പ്രദീപ് പുറവങ്കര
പ്ലാസ്റ്റിക്ക് ഉത്പ്പന്നങ്ങൾ പ്രകൃതിയ്ക്ക് എത്ര മാത്രം അപകടകരമാണെന്ന കാര്യം അറിയാവുന്നവരാണ് നമ്മളൊക്കെ. ഇതുമായി ബന്ധപ്പെട്ടുള്ള ഒരു വാർത്ത അടുത്തിടെ ശ്രദ്ധയിൽ പെട്ടിരുന്നു. അതിനെ പറ്റിയാണ് ഇന്ന് തോന്ന്യാക്ഷരത്തിൽ കുറിക്കുന്നത്. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം അമേരിക്കയുടെ നാവിക നിയന്ത്രണത്തിലുള്ള ഒരു കൊച്ച് ദ്വീപിന്റെ പേരാണ് മിഡ് വെ ഐലന്റ്. പസഫിക് സമുദ്രത്തിൽ സ്ഥിതി ചെയ്യുന്ന ഈ ദ്വീപിനെ ഇന്ന് വിളിക്കുന്നത് പ്ലാസ്റ്റിക്ക് ദ്വീപ് എന്നാണ്. കേവലം രണ്ടര കിലോമീറ്റർ മാത്രം വിസ്തീർണമുള്ള പവിഴപ്പുറ്റുകൾ നിറഞ്ഞ മനോഹരമായ ഒരു ചെറുദ്വീപായിരുന്ന ഇവിടെ 35 ലക്ഷത്തോളം പക്ഷികൾ കുടിപാർക്കുന്നുണ്ടെന്നായിരുന്നു കണക്ക്. ആകെയുള്ളത് 40 മനുഷ്യർ മാത്രം. കടൽപക്ഷികളുടെ സംരക്ഷിത വനമെന്ന രീതിയിലായിരുന്നു ഈ ദ്വീപിനെ നിലനിർത്തിയിരുന്നത്. പക്ഷെ ഇന്ന് ഇവിടെ ആ പക്ഷികൾ സുരക്ഷിതരല്ലാതായിരിക്കുന്നു. അതിന്റെ കാരണം പ്ലാസ്റ്റിക്കാണ്. രണ്ടായിരവും മൂവായിരവും മൈലുകൾക്ക് അപ്പുറത്ത് മനുഷ്യർ വലിച്ചെറിയുന്ന പ്ലാസ്റ്റിക്ക് കഷ്ണങ്ങളും കളിപ്പാട്ടങ്ങളുമൊക്കെ ഈ ദ്വീപിലേയ്ക്ക് ഒഴുകിയെത്തുന്നു. തുടർന്ന് ദ്വീപിനു ചുറ്റും പതഞ്ഞുയരുന്ന തിരമാലകളിൽ ഡോൾഫിൻ മത്സ്യങ്ങൾക്കും ആൽബട്രോസ് പക്ഷികൾക്കുമൊപ്പം പ്ലാസ്റ്റിക് മാലിന്യങ്ങളായ കപ്പും കുപ്പിയും കളിപ്പാട്ടങ്ങളും മുതൽ നാപ്കിനുകളും ഹെൽമറ്റുകളും ഒക്കെ മുങ്ങിപ്പൊങ്ങുന്നു.
യുദ്ധകാലത്ത് നിർമ്മിച്ച പഴയൊരു വിമാനത്താവളമാണ് ദ്വീപിനെ പുറംലോകവുമായി ബന്ധിക്കുന്നത്. ഇവിടെയുള്ള റൺവെയിൽ ഇപ്പോൾ കടൽകൊക്കുകളും ചെറുപക്ഷികളും മുതൽ ആൽബട്രോസ് പക്ഷികൾ വരെയുള്ള പക്ഷികളുടെ ചീഞ്ഞളിഞ്ഞ ജഡങ്ങളാണ് ഉള്ളതത്രെ. ഇവയുടെ ശരീര ഭാഗങ്ങൾ ചികഞ്ഞുനോക്കുന്പോൾ ഉള്ളിൽ മുഴുവൻ പ്ലാസ്റ്റിക് കഷ്ണങ്ങളാണ് കാണാൻ സാധിക്കുക. കുപ്പിയുടെ അടപ്പുകൾ, വിസിൽ, ചരട്, സിഗരറ്റ് ലൈറ്റർ തുടങ്ങി ഭക്ഷണമാണെന്ന് തെറ്റിദ്ധരിച്ച് പാവം പക്ഷികൾ കഴിച്ച വസ്തുക്കൾ. കണ്ണഞ്ചിപ്പിക്കുന്ന നിറങ്ങളിലുള്ള പ്ലാസ്റ്റിക് നുറുങ്ങുകളാണ് പാവം പക്ഷികളെ ചതിയിൽപ്പെടുത്തുന്നത്. അവ മത്സ്യമെന്നു കരുതി വിഴുങ്ങുന്നു. അന്നനാളത്തിലെത്തുന്ന ഈ മാലിന്യങ്ങൾ പക്ഷികളെ ഇഞ്ചിഞ്ചായി കൊല്ലുകയാണ്. കടലിൽ സ്ഥിതിചെയ്യുന്ന ലോകത്തിലെ ഏറ്റവും വലിയ പ്ലാസ്റ്റിക് ചവറുകൂന സ്ഥിതിചെയ്യുന്നത് ഈ ദ്വീപിന് വളരെയടുത്താണ്. അമേരിക്കയിലെ ടെക്സാസ് സംസ്ഥാനത്തിന്റെ രണ്ടിരട്ടി വിസ്തീർണ്ണമാണ് ഈ ചവറുകൂനയ്ക്കുള്ളത്. അവിടെനിന്നും ഒഴുകിയെത്തുന്ന മാലിന്യങ്ങളും ദ്വീപിന്റെ ചുറ്റുമുള്ള പവിഴപ്പുറ്റുകളിൽ അടിഞ്ഞുകൂടുന്നു.
പ്ലാസ്റ്റിക്കിന് ഒരിക്കലും നാശമില്ലെന്നും അത് ലോകത്തെ തന്നെ നശിപ്പിക്കുമെന്നും ഈ സംഭവം വിളിച്ചോതുന്നു. പ്ലാസ്റ്റിക്കിലെ മുഖ്യഘടകമായ സ്റ്റെറിൻ കാൻസറിന് കാരണമാകുന്നുവെന്നും ഇതിനോട് ചേർത്ത് വായിക്കണം. നമ്മുടെ നാട്ടിൽ പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കാനുള്ള പ്രചരണങ്ങൾ നടക്കുന്പോഴും യഥാർത്ഥത്തിൽ ഉപയോഗം വർദ്ധിക്കുകയല്ലെ എന്നു ചിന്തിക്കേണ്ടതുണ്ട്. വരും തലമുറയ്ക്ക് ഈ ഭൂമുഖത്ത് വാസം സാധ്യമോ എന്ന് തൊണ്ട പൊട്ടുമാറ് അലറുന്നതിൽ വലിയ കാര്യമുണ്ടെന്ന് ഓർമ്മിപ്പിച്ചു കൊണ്ട്...