ഗോളടിക്കുന്ന നന്മ മരങ്ങൾ...
പ്രദീപ് പുറവങ്കര
ബ്രസീലിന്റെ പരാജയത്തോടെ ഇത്തവണത്തെ ലോകഫുട്ബോളിന്റെ അവാസന പാദം ഒരു യൂറോ കപ്പായി മാറുമെന്നത് ഉറപ്പായിരിക്കുന്നു. മത്സരങ്ങളിലെ ജയപരാജയ ചർച്ചകൾ വാട്സാപ്പ് ഗ്രൂപ്പുകൾ മുതൽ നാലാൾ കൂടുന്നിടത്തൊക്കെ നിറഞ്ഞാടുകയാണ്. ഫുട്ബാൾ എന്ന മാന്ത്രിക കളിയുടെ ലോകകപ്പ് മത്സരങ്ങളിൽ അടുത്ത കാലത്തൊന്നും പങ്കെടുക്കാൻ നമ്മുടെ നാടിന് സാധിക്കുമെന്ന് തോന്നുന്നില്ലെങ്കിൽ പോലും ഈ കളിയുടെ ആരാധാക സ്ഥാനത്ത് നമ്മൾ മലയാളികൾക്ക് മുൻനിരയിലാണ് സ്ഥാനം.
ഏത് ടീം കളിക്കുന്പോഴും അവരെ ജീവനോളം സ്നേഹിക്കുന്ന കുറച്ചു പേരെങ്കിലും നമ്മുടെ നാട്ടിൻപുറങ്ങളിൽ കാണാം. ഈ ആരാധകർ അവരുടെ സ്നേഹം ഇന്നത്തെ കാലത്ത് വ്യക്തമാക്കുന്നത് വലിയ ഫ്ളക്സ് ബോർഡുകൾ കൊണ്ടാണ്. കവലയിൽ സ്ഥാപിക്കുന്ന ഇത്തരം ബോർഡുകളിലൂടെയാണ് ഫുട്ബാൾ താരങ്ങൾ നമ്മുടെ വീട്ടകങ്ങൾക്ക് പോലും ഏറെ പരിചിതരാകുന്നത്. ജൂലൈ 15ന് ഈ ലോക മാമാങ്കം കഴിയുന്പോൾ ഈ ഫ്ളെക്സുകൾ മിക്കതും മഴയും വെയിലും കൊണ്ട് ഉപയോഗശൂന്യമാകും. ഈ ഒരു കാര്യം തിരിച്ചറിഞ്ഞു കൊണ്ടാണ് സാമൂഹ്യസേവന രംഗത്ത് ഏറെ കാര്യങ്ങൾ ചെയ്തു വരുന്ന ബ്ലഡ് ഡോണേർസ് കേരള എന്ന സംഘടനയുടെ കോഴിക്കോട് ജില്ലാ ഘടകം പുതിയൊരു ആശയം മുന്പോട്ട് വെച്ചത്. “ലോകകപ്പിൽ നിന്നും പുറത്തായ ടീമിന്റെ ഫ്ളെക്സുകൾ നിങ്ങൾ ഞങ്ങളെ ഏൽപ്പിക്കൂ മഴയത്ത് ചോർന്നൊലിക്കുന്ന ഒരുപാട് വീടുകളെ അത് സംരക്ഷിക്കും” ഇതാണ് അവർ മുന്പോട്ട് വെച്ചിരിക്കുന്ന ആശയം. ഒരു ഉത്സവം കഴിയുന്പോൾ ആ ഉത്സവപറന്പ് ബാക്കി വെക്കുന്ന കാര്യങ്ങളെ വീണ്ടും ഉപയോഗിക്കാമെന്ന് ആശയമാണ് ഇവർ പങ്ക് വെക്കുന്നത്.
ഈ കാര്യം സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചപ്പോൾ ആദ്യം എല്ലാവരും ട്രോൾ ആണെന്നു കരുതിയെങ്കിലും പിന്നീട് മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് സംഘടനയുെട പ്രവർത്തകർ പറയുന്നു. കോഴിക്കോട് ബീച്ച്, പുതിയ പാലം, ഗുജറാത്തി സ്ട്രീറ്റ് തുടങ്ങിയ കോഴിക്കോടിന്റെ വിവിധ ഭാഗങ്ങളിൽ ഈ മഴയത്ത് ചോർന്നൊലിക്കുന്ന ഒരുപാട് വീടുകളുണ്ട്. അവയെ ഈ മഴയിൽ നിന്നും രക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ആശയം നടപ്പിലാക്കുന്നത്. വൈറലായ ഇവരുടെ പോസ്റ്റ് കണ്ട് കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഫ്ളെക്സ് ആവശ്യമുള്ളവരും, ഫ്ളെക്സ് തരാൻ സന്നദ്ധരായവരും ഫോണിലും മറ്റും ബന്ധപ്പെടുന്നുണ്ട്. ലോകകപ്പ് കഴിയുന്പോഴേക്കും ആവശ്യമുള്ളവർക്കെല്ലാം ഫ്ളെക്സ്് എത്തിക്കാനാവും എന്ന പ്രതീക്ഷയിലാണ് ബി.ഡി.കെ പ്രവർത്തകർ. കെ.എസ്.ആർ.ടി.സി ബസ് കണ്ടക്ടറായ വിനോദ് ഭാസ്കരൻ 2011ൽ തുടക്കം കുറിച്ച വി ഹെൽപ്പ് എന്ന ഫേസ്ബുക്ക് കൂട്ടായ്മയിൽ പിന്നീട് ഒരുപാട് ആളുകൾ അംഗങ്ങളായി എത്തുകയും രക്തദാനം മുഖ്യ ലക്ഷ്യമായി മാറുകയും ചെയ്തോടെയാണ് ഇങ്ങിനെയൊരു സംഘടന ജന്മം കൊണ്ടത്. സമൂഹത്തിലെ വിവിധ വിഭാഗങ്ങളിൽ പെടുന്നവർ ഇന്ന് ഈ കൂട്ടായ്മയിലുണ്ട്. ബഹ്റൈൻ അടക്കമുള്ള പ്രവാസ ലോകത്ത് വ്യത്യസ്തമാർന്ന പ്രവർത്തനങ്ങൾ കാഴ്ച്ചവെക്കുന്ന സംഘടന കൂടിയാണ് ബ്ലഡ് ഡോണേർസ് കേരള. ഇവരുടെ സഹായത്തോട മഴക്കാലത്ത് നമ്മുടെ നാട്ടിലെ ചിലരുടെയെങ്കിലും ഇടങ്ങൾക്ക് മേൽക്കൂരയായി നെയ്മറും, റോണോൾഡോയും, മെസിയുമൊക്കെ കാവൽ നിൽക്കുമെന്ന പ്രതീക്ഷയോടെ...