ഇരിക്കാനുള്ള അവകാശം...


പ്രദീപ് പുറവങ്കര

ഓരോ തൊഴിലിനും അതിന്റേതായ ബുദ്ധിമുട്ടുകളും കഷ്ടപാടുകളും ഉണ്ടെന്ന് പറയുന്പോഴും ചിലതിന്റെ തോത് കുറയ്ക്കാൻ തൊഴിലാളിയും മുതലാളിയും ഒരുപോലെ വിചാരിച്ചാൽ സാധിക്കും. തൊഴിലുമായി ബന്ധപ്പെട്ട നിരവധി സമരങ്ങൾ നടന്ന ഇടമാണ് നമ്മുടെകേരളം. സമീപ കാലത്ത് ടെക്ൈസ്റ്റയിൽ രംഗവുമായി ബന്ധപ്പെട്ട് അത്തരമൊരു പോരാട്ടം നടന്നിരുന്നു. ആ സമരം ഏകദേശം വിജയത്തോട് അടുത്തുവരികയാണ് ഇപ്പോൾ. പറഞ്ഞ് വരുന്നത് തുണിവിൽപനശാലകളിൽ ജോലിചെയ്യുന്ന സ്ത്രീകൾക്ക് ഇരിക്കാനുള്ള അവകാശത്തെപറ്റിയാണ്. ഇതിനായി വർഷങ്ങളായി അവർ പല തരത്തിൽ പ്രതിക്ഷേധങ്ങൾ ഉയർത്തിവരികയാണ്. തൊഴിലിടങ്ങളിൽ ഇരിക്കാനുള്ള സൗകര്യം നൽകണമെന്ന് നിർദേശിച്ച് വ്യാപാരസ്ഥാപനനിയമം (കേരള ഷോപ്സ് ആൻഡ് എസ്റ്റാബ്ലിഷ്മെന്റ് ആക്ട് 1960) ഭേദഗതിചെയ്യാൻ കേരള സർക്കാർ തയ്യാറെടുക്കുന്നു എന്ന വാർത്തയാണ് ഈ മേഖലയിലെ സ്ത്രീജീവനക്കാരെ ഇപ്പോൾ സന്തോഷിപ്പിക്കുന്നത്. തങ്ങൾ ഇത്രയും കാലം നേരിട്ട അവഗണനയ്ക്കും പുച്ഛത്തിനും മധുരമാർന്ന പ്രതികാരമാകും ഈ പുതിയ നിയമമെന്ന് സ്ത്രീജീവനക്കാർ പ്രതീക്ഷിക്കുന്നു.

പന്ത്രണ്ട് മണിക്കൂറോളം നീണ്ടുനിൽക്കുന്ന ഒരു ദിവസത്തെ ജോലിയിൽ തിരക്കില്ലാത്ത നേരങ്ങളിൽ പോലും ഇവർക്ക് ഇരിക്കാനുള്ള അനുമതി സ്ഥാപന ഉടമകൾ നൽകില്ല. തുച്ഛമായ ശന്പളമാണ് ലഭിക്കുന്നതെങ്കിൽ പോലും മറ്റുവഴികൾ ഒന്നുമില്ലാത്തത് കാരണം ജീവിതചക്രം മുന്പോട്ട് തിരിക്കാനുള്ള നിസഹായതയിൽ ഉടലെടുത്ത നീണ്ട നിൽപ്പായിരുന്നു സ്ത്രീജീവനകാർക്ക് ഈ ജോലി. ഇരുന്ന് ജോലിചെയ്യുന്നത് ആലസ്യത്തിന്റെ സന്ദേശം നൽകുമെന്ന പറഞ്ഞാണ് ഈ അവകാശത്തെ പലരും എതിർത്ത് വന്നത്. മുഖ്യധാര ട്രേഡ് യൂണിയനുകൾ ഇവരെ അവഗണിച്ചപ്പോൾ അസംഘടിത മേഖലയിലെ സ്ത്രീതൊഴിലാളി കൂട്ടായ്മകളാണ് ഇവർക്ക് വേണ്ടി ശബ്ദിച്ചത്. ഇതിന്റെ ഫലമായിദേശീയ മനുഷ്യാവകാശ കമ്മിഷൻ പ്രശ്നത്തിൽ ഇടപെടുകയും സംസ്ഥാനങ്ങളോട് വിശദീകരണം തേടുകയും ചെയ്തു. ആ ഒരു ശ്രമത്തിന്റെ ഭാഗമായാണ് ഇപ്പോൾ സംസ്ഥാന സർക്കാർ നിയമ ഭേഗഗതിക്ക് ഒരുങ്ങുന്നത്.

ഇരിക്കാനുള്ള അവകാശവുമായി ബന്ധപ്പെട്ടുള്ള സംഭവങ്ങൾ എന്നും ചരിത്രത്തിന്റെഭാഗമാണ്. 1950കളിൽ അമേരിക്കയിലെ ബസുകളിൽ കറുത്തവർക്കും ഇരിക്കാനുള്ള അവകാശത്തിന് വേണ്ടി റോസാപാർക്ക്സ് എന്ന തയ്യൽ തൊഴിലാളിയായ സ്ത്രീ നടത്തിയ സമരമാണ് പിന്നീട് അഫ്രോഅമേരിക്കൻ പ്രതിരോധ സമരങ്ങൾക്ക് തുടക്കം കുറിച്ചത്. ദക്ഷിണാഫ്രിക്കയിലെ പീറ്റർമാരീറ്റ്സ്ബർഗിൽ വെള്ളക്കാർക്ക് മാത്രം സഞ്ചരിക്കാവുന്ന എ- ക്ലാസ് കൂപ്പയിൽ ഇരുന്ന് യാത്ര ചെയ്തതിനാണ് മോഹൻദാസ് കരംചന്ദ് എന്ന ബാരിസ്റ്ററെ മർദ്ദിച്ച് അപമാനിച്ച് ഇറക്കിവിട്ടത്. ആ അപമാനത്തിൽ നിന്നാണ് ഇന്ത്യക്ക് ഒരു മഹാത്മാഗാന്ധിയെയും, നൂറ്റാണ്ടുകളുടെ സഹനത്തിന് ശേഷം സ്വാതന്ത്ര്യത്തെയും തന്നെലഭിച്ചത്. കുത്തിയിരിപ്പ് സമരങ്ങളും നമുക്ക് പുത്തരിയല്ല. ഇരിക്കാനുള്ള നിയമം പ്രാബല്യത്തിൽ വരുന്പോഴും ചിലയിടങ്ങളിൽ എങ്കിലും സ്ത്രീതൊഴിലാളികളെ ജോലി നഷ്ടപ്പെടുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി ഇനിയും നിൽക്കുന്നവർ മാത്രമാക്കിയേക്കാം. അത്തരം സ്ഥാപനങ്ങളോട് നിസഹകരണ മനോഭാവം പുലർത്താൻ കൂടി നാട്ടിലെ ഉപഭോക്ത സമൂഹം തയ്യാറായാൽ മാത്രമേ പുതിയ നിയമത്തിന് പ്രസക്തിയുണ്ടാകൂ എന്നുകൂടി ഓർമ്മിപ്പിക്കട്ടെ...!!

 

You might also like

Most Viewed