ജനങ്ങളാണ് ജനാധിപത്യത്തിൽ രാജാവ്...
പ്രദീപ് പുറവങ്കര
“ഒരു ജനാധിപത്യത്തിൽ പൊതുസമൂഹമാണ് പ്രധാനം. തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ പ്രതിഫലിപ്പിക്കുന്നത് ആ ജനങ്ങളുടെ താൽപ്പര്യമാണ്. അതുകൊണ്ടു തന്നെ ആ ജനങ്ങൾ നടത്തിയ തിരഞ്ഞെടുപ്പിനെ യാതൊരു വിധത്തിലും അവഗണിക്കുക സാധ്യമല്ല”-. ദില്ലി ഗവൺമെന്റിന്റെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇന്നലെ പുറത്ത് വന്ന സുപ്രീം കോടതി വിധിയിൽ പ്രസ്താവിച്ച കാര്യമാണിത്. ചരിത്രപരമായ ഒരു പ്രസ്താവനയായിട്ടാണ് വർത്തമാന കാല സാഹചര്യത്തിൽ ഈ വിധിയെ കാണേണ്ടത്. നേരിട്ട് കേന്ദ്ര സർക്കാരിന്റെ നടപടികളുമായി ബന്ധമില്ലെങ്കിൽ പോലും രാജ്യത്തെ ഫെഡറൽ സംവിധാനങ്ങളുമായി ബന്ധപ്പെട്ട അടുത്തിടെ ഉണ്ടായ ചില വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ഈ വിധി പ്രാധാന്യം അർഹിക്കുന്നു.
രാജ്യ തലസ്ഥാനം കൂടിയായത് കാരണം, കേന്ദ്രസർക്കാരും ഡൽഹിയിലെ ആം ആദ്മി പാർട്ടി സർക്കാരും തമ്മിലുള്ള ശീതയുദ്ധം എന്നും ഏറെ വാർത്താപ്രാധാന്യം നേടുന്ന കാര്യമാണ്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിധി പുറത്ത് വരുന്പോൾ അത് ഒരേ സമയം കേന്ദ്രസർക്കാരിനും സംസ്ഥാന സർക്കാരിനുമുള്ള മുന്നറിയിപ്പ് കൂടിയായി മാറിയിട്ടുണ്ട്. ഫെഡറൽ വ്യവസ്ഥ അതിന്റെ അന്തസോടെ പാലിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ട കോടതി ഭരണഘടന അനുശാസിക്കുന്ന വിധത്തിൽ വേണം ഡൽഹി ഭരിക്കാനെന്ന് കേജരിവാളിനെയും കൂട്ടരെയും ഒരിക്കൽ കൂടി ഓർമ്മിപ്പിക്കുന്നു. “ബാലൻസ്ഡ് ആയിട്ടുള്ള ഒരു ഫെഡറൽ സംവിധാനത്തിൽ കേന്ദ്രം എല്ലാ അധികാരങ്ങളും കൈയടക്കുക എന്നത് ശരിയല്ല. കേന്ദ്രത്തിന്റെ അനാവശ്യമായ യാതൊരു ഇടപെടലുകളുമില്ലാതെ സ്വാതന്ത്ര്യം പുലർത്താനുള്ള അവകാശം സംസ്ഥാനങ്ങൾക്കുണ്ട്. അതേ സമയം ഏതെങ്കിലും വിധത്തിലുള്ള ഏകാധിപത്യ ക്രമത്തിനോ ഏതെങ്കിലും വിധത്തിലുള്ള അരാജകവാദത്തിനോ ഇവിടെ സ്ഥാനമില്ല” എന്നാണ് കോടതി ഇത് സംബന്ധിച്ച് പറഞ്ഞത്.
2014 -മെയിൽ വൻ ഭൂരിപക്ഷത്തോടെ നരേന്ദ്ര മോദി അധികാരത്തിലെത്തി ഏതാനും മാസങ്ങൾക്കുള്ളിൽ ആം ആദ്മി പാർട്ടി ബിജെപിക്ക് നാണം കെട്ട തോൽവി സമ്മാനിച്ചു കൊണ്ട് ഡൽഹിയിൽ അധികാരത്തിൽ വന്നതോടെയാണ് ദേശീയ തലസ്ഥാനത്ത് പ്രശ്നങ്ങൾ രൂക്ഷമായി തുടങ്ങിയത്്. 2015 ആദ്യം നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഡൽഹിയിലെ 70 സീറ്റുകളിൽ 67 സീറ്റുകളിലും ആം ആദ്മി പാർട്ടി വിജയിച്ചു. അന്ന് മുതൽ കേന്ദ്രസർക്കാർ ആം ആദ്മി പാർട്ടി സർക്കാരിനെ എല്ലാ തരത്തിലും അവഹേളിക്കാനും നാണം കെടുത്താനും പ്രവർത്തിക്കുന്നത് തടയാനുമെല്ലാം ആവുന്നത്ര ശ്രമിച്ചിട്ടുണ്ടെന്നത് യാത്ഥാർത്ഥ്യമാണ്. ഇവിടെ നിയമിക്കപ്പെട്ട ലഫ്. ഗവർണർമാരും മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥരും കേന്ദ്രത്തിന്റെ ശിങ്കിടികളായി മാറിയതും വാർത്തകളായി മാറിയ കാര്യമാണ്.
ഇവിടെ ആം ആദ്മി പാർട്ടിയുടെയോ ബിജെപിയുടെയോ രാഷ്ട്രീയം പറയുന്നതിൽ ഉപരി ഇന്ത്യ എന്ന ലോകത്തിലെ തന്നെ ഏറ്റവും വലിയ ജനാധിപത്യ ശക്തിയുടെ അടിത്തറയെ പറ്റിയാണ് സുപ്രീം കോടതി ഓർമ്മിപ്പിച്ചിരിക്കുന്നത്. ജനാധിപത്യത്തിൽ ജനങ്ങൾക്കാണ് ഏറ്റവും അധികം ശക്തിയുള്ളത്. തങ്ങളുടെ കാര്യങ്ങൾ യഥാക്രമം നടത്തുവാൻ ജനം നിയോഗിക്കുന്ന ജോലിക്കാർ മാത്രമാണ് അവിടെ അധികാരികൾ. അധികാരത്തിന്റെ ഗർവും വീന്പുമൊക്കെ കാലത്തിന്റെ കുത്തൊഴൊക്കിൽ ഒലിച്ചു പോകുന്ന കാര്യങ്ങളാണെന്നും ഈ വിധി ഓർമ്മിപ്പിക്കുന്നു!!