ക്യാന്പസ് കൊലകളമാക്കരുത്...
പ്രദീപ് പുറവങ്കര
ക്യാന്പസ് രാഷ്ട്രീയത്തിൽ നിന്ന് കുറച്ച് കാലമായി മാറിനിന്നിരുന്ന ഹിംസയും സംഘർഷവും വീണ്ടും നിനച്ചിരിക്കാതെ തിരിച്ചുവന്നതിൽ തരിച്ച് നിൽക്കുകയാണ് കേരളസമൂഹം. തന്നെ തേടി വന്ന ചക്രവ്യൂഹത്തിൽ പെട്ടു പോയവനെ പോലെ നിസ്സഹായനായി അഭിമന്യുവെന്ന ചെറുപ്പക്കാരന് അവന്റെ സ്വ്പനങ്ങളെയും ആഗ്രഹങ്ങളെയും ഒക്കെ അവിചാരിതമായി ത്യജിക്കേണ്ടി വന്നിരിക്കുന്നു. എറണാകുളത്തെ മഹാരാജാസ് കോളേജിൽ എസ്എഫ് ഐയയുടെ നേതാവായ അഭിമന്യുവിന്റെ നെഞ്ചിൽ നിന്ന് ചോരയൊഴുകിയത് യാദൃശ്ചികത മാത്രമാണെന്ന് ചിന്തിക്കാൻ ആർക്കും സാധ്യമല്ല. ഒരു മനുഷ്യന്റെ ജീവിതം കാലം തെറ്റി അസ്തമിക്കുന്പോൾ പാവപ്പെട്ട അയാളുടെ കുടുംബത്തിന്റെ ഭാവിയെപ്പറ്റിയുള്ള പ്രതീക്ഷകൾ കൂടിയാണ് നിഷ്ക്കരുണം തകർക്കപ്പെട്ടത്. ഇവിടെ അക്രമത്തിൽ പങ്കെടുത്തവരിൽ ഒരാളൊഴികെ മറ്റെല്ലാവരും പുറത്തുനിന്നുള്ളവരാണെന്ന വിവരം എത്ര ആസൂത്രിതമായിട്ടാണ് ഒരാളെ കുത്തി കൊന്നതെന്ന് തെളിയിക്കുന്നു.
ഇത് വിദ്യാർത്ഥി രാഷ്ട്രീയമല്ല, വെറും മതഭ്രാന്താണ് എന്ന് കേരള സമൂഹം തിരിച്ചറിയേണ്ടതുണ്ട്. കേരളത്തിന്റെ ക്യാന്പസുകളിൽ വേരുറപ്പിക്കാൻ ഭൂരിപക്ഷ, ന്യൂനപക്ഷ വർഗ്ഗീയ ശക്തികൾ എന്നും നിരന്തരം ശ്രമിച്ചുപോന്നിട്ടുണ്ട്. അതിനെതിരെ പുരോഗമന ജനാധിപത്യ മതേതര ശക്തികൾ ശക്തമായ പ്രതിരോധവും ഉയർത്തിയിട്ടുമുണ്ട്. അത്തരത്തിലുള്ള ചെറുത്തുനിൽപ്പുകൾ പലതും എത്രയോ ജന്മങ്ങളുടെ ജീവിതം അവസാനിക്കുന്നതിനും കാരണമായിട്ടുണ്ട്. മുന്പ് ഭൂരിപക്ഷ വർഗ്ഗീയ ശക്തികളായിരുന്നു അത്തരം അക്രമങ്ങൾക്ക് പ്രചോദനമായതെങ്കിൽ ഇപ്പോൾ അത് ന്യൂനപക്ഷ വർഗ്ഗീയതക്കാർ കൂടി ഏറ്റെടുത്തിരിക്കുന്നു എന്നാണ് മഹാരാജാസ് സംഭവം ചൂണ്ടികാണിക്കുന്നത്. ക്യാന്പസ്് ഫ്രണ്ടിന്റെ പേരിലാണ് അക്രമവും കൊലപാതകവും അരങ്ങേറിയത്. മതാധിഷ്ഠിത തീവ്രവാദശക്തികൾ ആരായാലും ശരി ഒരേ നാണയത്തിന്റെ ഇരുവശങ്ങൾ മാത്രമാണെന്ന് തിരിച്ചറിയേണ്ടതുണ്ട്.
സജീവ രാഷ്്ട്രീയത്തിന്റെ അഭാവം കാരണം ക്യാന്പസുകൾ അരാഷ്ട്രീയ വാദത്തിന്റെ വേദികളായി മാറി എന്ന ആരോപണം ഉണ്ടെങ്കിൽ പോലും മുന്പത്തേ പോലെ യുവാക്കളുടെ വസ്ത്രങ്ങളിലും മനസിലും ചോരകറ വീഴുന്നില്ല എന്നൊരു സമാധാനമുണ്ടായിരുന്നു. ആ സമാധാനത്തിന് കൂടിയാണ് ഭംഗമുണ്ടായിരിക്കുന്നത്. വരും ദിവസങ്ങളിലെങ്കിലും ഇത്തരം ദാരുണ സംഭവങ്ങൾ നമ്മുടെ നാട്ടിൽ അരങ്ങേറാതിരിക്കണം. അതിന് അഭിമന്യുവിനെ കൊന്നവരെ എത്രയും പെട്ടന്ന് നിയമത്തിന് മുന്പിൽ കൊണ്ടുവന്ന് അവർ അർഹിക്കുന്ന ശിക്ഷ ഉറപ്പുവരുത്തുന്നതിനുള്ള ഉത്തരവാദിത്വം നമ്മുടെ ഭരണാധികാരികളിൽ നിക്ഷിപ്തമാണ്. പുറത്തുനിന്നുള്ള അക്രമിസംഘങ്ങൾ ഇനിയൊരിക്കലും ക്യാന്പസുകളിൽ കടക്കില്ലെന്ന് ഉറപ്പ് വരുത്താൻ പോലീസിന്റെ നിതാന്ത ജാഗ്രതയും വേണം. അതോടൊപ്പം വിദ്യാർത്ഥികളുടെ മനസിൽ വർഗീയതയും, മതമൗലികവാദത്തേയും അക്രമസംസ്കാരത്തെയും അകറ്റിനിർത്താനും കേരളത്തിന്റെ ക്യാന്പസുകളെ ജനാധിപത്യവത്്ക്കരിക്കാനുള്ള ശ്രമവും ഊർജിതപ്പെടുത്തണം. സഹിഷ്ണുതയുടെയും ആരോഗ്യകരമായ സംവാദസംസ്കാരത്തിന്റെയും അന്തരീക്ഷത്തിൽ മാത്രമേ ക്യാന്പസുകളിൽ സമാധാനം ഉറപ്പുവരുത്താനാകൂ എന്നോർമ്മിപ്പിച്ചു കൊണ്ട് അഭിമന്യു എന്ന വിദ്യാർത്ഥിയുടെ ദാരുണമായ മരണത്തിൽ വേദന പങ്കിടട്ടെ!!