ഇന്നസെന്റിന്റെ അർത്ഥം നിഷ്കളങ്കൻ എന്നല്ല...
പ്രദീപ് പുറവങ്കര
നമ്മൾ മനുഷ്യർക്കിടയിൽ ചില നിഷ്കളങ്ക ജീവിതങ്ങളുണ്ട്. അല്ലെങ്കിൽ അങ്ങിനെയാണെന്ന് അഭിനയിക്കുന്നവരുണ്ട്. ചിലപ്പോഴെക്കെ അവരുടെ അഭിനയം സമൂഹത്തിന് മനസ്സിലാകണമെന്നില്ല. അതേസമയം ചിലത് വല്ലാതെ അരോചകമായും മാറും. കഴിഞ്ഞ ദിവസങ്ങളിൽ അമ്മ എന്ന സംഘടനയിൽ ഉണ്ടായ പ്രശ്നങ്ങളെ തുടർന്ന് രണ്ട് അഭിനയ പ്രതിഭകൾ നടത്തിയ പ്രതികരണങ്ങൾ ഇത്തരം അരോചകമായ നിഷ്കളങ്കതാ അഭിനയത്തിൽ പെടുത്താവുന്നതാണ്.
അതിൽ ആദ്യത്തേത്് ഇടതുപക്ഷ സഹയാത്രികനും, ജനപ്രതിനിധിയും മുൻ അമ്മ പ്രസിഡണ്ടുമായ ശ്രീ ഇന്നസെന്റിന്റേതാണ്. പേരിൽ തന്നെ നിഷ്കളങ്കത ഉണ്ടായത് കൊണ്ടാകാം അദ്ദേഹത്തിന്റെ തിരശീലയിലെ അഭിനയവും ചിലപ്പോഴൊക്കെ ജീവിതത്തിലെ അനുഭവങ്ങളും നമ്മൾ ഇഷ്പ്പെട്ടുപോകുന്നത്. ഒരു പരിപാടിയിൽ പങ്കെടുത്തതിന് ശേഷം തിരികെ പോവുകയായിരുന്ന അദ്ദേഹത്തോട് മാധ്യമപ്രവർത്തകർ താരങ്ങളുടെ സംഘടനയിൽ ദിലീപിനെ തിരിച്ചെടുത്തതിനെ പറ്റി ചോദിച്ചപ്പോൾ പച്ച മലയാളത്തിൽ പറഞ്ഞാൽ പൊട്ടൻ കളിക്കുന്ന നിലപാടാണ് ശ്രീ ഇന്നസെന്റ് സ്വീകരിച്ചത്. ചോദ്യം കേൾക്കാത്ത നാട്യത്തിൽ പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് ഇന്നസെന്റ് പറഞ്ഞത്. ശരിക്കും പറഞ്ഞാൽ ഒരു അഭിപ്രായവും പറയാതെ മാധ്യമങ്ങളെ പരിഹസിക്കുകയായിരുന്നു അദ്ദേഹം. ഇവിടെ മീറ്റിങിന് വന്നതാണ്, അതിന്റെ ഉദ്ഘാടനം കഴിഞ്ഞു. ഇനിയൊരു വണ്ടിവരാനുണ്ട്, അതിന് കാത്തിരിക്കുകയാണ് എന്നൊക്കെയായിരുന്നു മറുപടി. ആവർത്തിച്ചുള്ള ചോദ്യങ്ങൾക്കും ഒരു ബന്ധവുമില്ലാത്ത ഈ മറുപടി ആവർത്തിക്കുകയാണ് നിഷ്കളങ്കനായ ഇന്നസെന്റ് ചെയ്തത്. മറുപടി കേട്ട് ചോദിച്ചവരുടെ കിളിപോയി എന്ന് പറഞ്ഞാൽ മതിയല്ലോ. താരങ്ങളുടെ സംഘടനയുടെ പ്രസിഡന്റ് എന്നനിലയിൽ താനെടുത്ത ഒരു തീരുമാനത്തെ പുതിയ ഭാരവാഹികൾ മാറ്റിയതിനെ പറ്റിയാണ് ജനപ്രതിനിധി കൂടിയായ തന്നോട് ചോദ്യം ചോദിക്കുന്നതെന്ന് മനസിലാക്കാത്ത തരത്തിൽ നിഷ്കളങ്കൻ അല്ല ശ്രീമാൻ ഇന്നസെന്റ് എന്നത് ഇവിടെ തീർച്ച!
ഇതിന് ശേഷമാണ് നടി ഊർമ്മിള ഉണ്ണിയുടെ ചോദ്യോത്തര പരിപാടി പുറത്ത് വന്നത്. അമ്മയിലെ പ്രശ്നങ്ങളെ പറ്റി ഇവരോട് ചോദിച്ചപ്പോഴും അപഹാസ്യമായ രീതിയിലായിരുന്നു പ്രതികരണം. പരസ്പര ബന്ധമില്ലാത്ത സംസാരത്തിനൊപ്പം ഇവരുടെ ഭാവവും ചേഷ്ടകളും കാണുന്പോൾ എന്തോ കാര്യമായ കുഴപ്പമുണ്ടെന്ന് ആർക്കും തോന്നിപ്പോകും. ദിലീപിനെ തിരിച്ചെടുക്കാൻ താങ്കളാണോ മുൻകൈയെടുത്തതെന്ന് ചോദ്യത്തിന് ‘അതിപ്പോ നമ്മടെ വീട്ടിലെ ജോലിക്കാരി വീട്ടീപ്പോയീന്ന് വിചാരിക്ക്യാ..! ഇനീതിപ്പോ നാളെ വര്വാവോന്നൊക്കെ ഒരു വീട്ടമ്മയ്ക്കുണ്ടാവണ ആകാംക്ഷില്യേ? അതുപോലൊരു ആകാംക്ഷ! അത്രേള്ളൂ! ’ എന്നായിരുന്നു അവരുടെ മറുപടി. ഇന്നത്തെ കാലത്ത് മാധ്യമ പ്രവർത്തനം നടത്തേണ്ടത് ഇങ്ങിനെയൊക്കെയാണോ എന്ന ചോദ്യം ബാക്കി നിൽക്കെ തന്നെ ഒരു സമൂഹം പൊതുവായി ചർച്ച ചെയ്യുന്ന ഒരു കാര്യത്തിൽ ആ പ്രശ്നത്തിന്റെ കാതലായ ഒരു ചോദ്യം ഉന്നയിച്ച വ്യക്തി എന്ന നിലയിലാണ് തന്റെ നേരെ ചോദ്യങ്ങൾ ഉണ്ടാകുന്നതെന്ന സാമാന്യമായ ബോധം ശ്രീമതി ഊർമ്മിള ഉണ്ണിക്ക് ഉണ്ടായിരുന്നെങ്കിൽ അവരുടെ മറുപടി ഇങ്ങിനെയാവില്ല എന്നതും തീർച്ച. എന്തായാലും അമ്മയിലെ പ്രശ്നങ്ങളെക്കാൾ ഇത്തരം നിഷ്കളങ്ക അഭിനയ പ്രതികരണങ്ങൾ ഏറെ ശ്രദ്ധേയമാകുന്നു എന്ന് പറയാതെ വയ്യ!!