ശുദ്ധമായ ഭക്ഷണം ജന്മാവകാശം...
പ്രദീപ് പുറവങ്കര
ജീവിതത്തിന്റെ അടിസ്ഥാന ഘടങ്ങളായി നമ്മൾ മനുഷ്യർ പരിഗണിക്കുന്ന മൂന്ന് പ്രധാന കാര്യങ്ങളാണ് വായു, ഭക്ഷണം, പാർപ്പിടം എന്നിവ. ജന്മാവകാശമായിട്ടാണ് ഇവ മൂന്നിനെയും നമ്മൾ കണ്ടുവരുന്നത്. ഇതിൽ ഭക്ഷണത്തെ പറ്റിയാണ് ഇന്നെഴുതുന്നത്. ശുദ്ധമായ വായുവിനെ പോലെ ശുദ്ധമായ ഭക്ഷണവും ഒരു മനുഷ്യന് ആരോഗ്യത്തോടെ ജീവിക്കാൻ അത്യാവശ്യമായ കാര്യമാണ്. ഓരോ പ്രദേശത്തിനും അതിന്റേതായ രുചിതനിമകളുമുണ്ട്. നമ്മൾ മലയാളികൾക്കും പൊതുവെ ഒരു ഭക്ഷ്യസംസ്കാരം ഉണ്ട്. എന്നാൽ മറ്റുപലതിനും മാറ്റം വന്നത് പോലെ ആ സംസ്കാരത്തിലും വലിയ മാറ്റങ്ങളാണ് സമീപ കാലത്തുണ്ടായി വരുന്നത്. ആഗോളവത്കരണത്തിന്റെ കടന്നുവരവോടെ ഫാസ്റ്റ്ഫുഡ് ഇന്നൊരു ശീലമായി മലയാളികളുടെ ഇടയിലും മാറി. നല്ല രുചിയോടെ എളുപ്പത്തിൽ ലഭിക്കുമെന്നതാണ് ഇത്തരത്തിലുള്ള ഭക്ഷണത്തിലേക്ക് ആളുകളെ അടുപ്പിക്കുന്നത്. അതേസമയം കഴിക്കുന്ന ഭക്ഷണം നമുക്ക് യോജിച്ചതാണോയെന്നും വിഷവിമുക്തമാണോയെന്നും പരിശോധിക്കാതെയാണ് മിക്കവരും ഇത് വെട്ടിവിഴുങ്ങുന്നത്. ഈ തെറ്റായ ഭക്ഷ്യസംസ്കാരം നമ്മുടെ സമൂഹത്തിനിടയിൽ രോഗാതുരത വർദ്ധിപ്പിക്കുകയും, അതു വഴി പൊതുജനാരോഗ്യസംവിധാനത്തിന്റെ നിലനില്പ്പിനെ തന്നെചോദ്യം ചെയ്യുന്ന സ്ഥിതിവിശേഷവും സംജാതമാക്കിയിരിക്കുകയാണ്.
ആഹാര ശീലങ്ങളിൽ സൂക്ഷ്മതയും നിയന്ത്രണവും ഇല്ലാത്തതാണ് മനുഷ്യൻ ഇന്നനുഭവിക്കുന്ന മിക്ക രോഗങ്ങളുടെയും അടിസ്ഥാനകാരണമെന്ന് അറിയാത്തവരല്ല നമ്മളാരും. അതേസമയം എല്ലാ പ്രകൃതിനിയമങ്ങളെ ലംഘിക്കുകയും, തെറ്റായ ഭക്ഷണ സന്പ്രദായങ്ങൾ പിന്തുടരുകയും ചെയ്യുന്ന ജനതയായി മലയാളികൾ മാറി എന്നതും സത്യമാണ്. കുപ്പിയിലും, പായ്ക്കറ്റുകളിലുമായി സംസ്കരിച്ച ഭക്ഷണപദാർത്ഥങ്ങൾ, ചായം ചേർന്ന പാനീയങ്ങൾ, എരിവ്, പുളി, മസാലകൾ, അമിതമായ ഉപ്പ്, വറുത്ത എണ്ണയിൽ വീണ്ടും പൊരിക്കുന്ന ഭക്ഷണസാധനങ്ങൾ തുടങ്ങിയവയെല്ലാം ശരീരത്തെ ദുർബ്ബലപ്പെടുത്തുകയും, ആന്തരികാവയവങ്ങളുടെ പ്രവർത്തനത്തെ മന്ദീഭവിപ്പിക്കുകയും ചെയ്യുന്നു. 1990കളിൽ നമുക്കാവശ്യമായ ഭക്ഷ്യധാന്യങ്ങളുടെ 30ശതമാനത്തോളം ഉത്പാദിപ്പിച്ചിരുന്ന കേരളത്തിൽ ഇന്നത് 15 ശതമാനത്തിൽ താഴെയാണ്. മറുനാടുകളിൽ നിന്ന് ചരക്ക് എത്തിയില്ലെങ്കിൽ പട്ടിണികിടക്കേണ്ട ഗതികേടും നമുക്കുണ്ട്. ഇങ്ങിനെ പുറത്ത് നിന്ന് വരുന്ന ഉത്പ്പന്നങ്ങളിൽ അടങ്ങിയിട്ടുള്ള രാസകീടനാശിനികളുടെ അമിത ഉപയോഗത്തെക്കുറിച്ച് വേവലാതിപ്പെടുന്നവരാണ് നാം. കാസർഗോഡ് ജില്ലയിലെ എൻഡോസൾഫാൻ ബാധിതർ ഇന്നും രാസകീടനാശിനികളുടെ അമിതോപയോഗത്തിന്റെ ദുരിതം പേറുന്നവരാണ്. ഈ ദയനീയ അവസ്ഥ നമ്മുടെ മുന്നിലുണ്ടെങ്കിൽ പോലും വിഷമയമായ പഴങ്ങളും പച്ചക്കറികളും നമ്മൾ വാങ്ങാതിരിക്കുന്നില്ല. ഇന്ന് മീനിലും, പാലിലും വരെ വിഷം കലർന്നിരിക്കുന്ന എന്ന വിവരം കേൾക്കുന്പോൾ നമുക്ക് വലിയ ഞെട്ടലുണ്ടാകാത്തത് ഈ ഒരു നിർവികാരത കൊണ്ട് തന്നെയാണ്.
ഈ സാഹചര്യത്തിൽ മലയാളികളുടെ മാറിവരുന്ന ഭക്ഷ്യസംസ്കാരത്തെക്കുറിച്ച് വിശദമായ പഠനം നടത്തി വിപുലമായ ബോധവത്കരണവും നിരോധനങ്ങളും ഏർപ്പെടുത്തുന്നതിലൂടെ മാത്രമേ കേരള ജനതയ്ക്ക് ഈ പ്രതിസന്ധി തരണം ചെയ്യുവാൻ സാധിക്കുകയുള്ളൂ എന്ന് അധികാരികൾ തിരിച്ചറിയണമെന്ന് ഓർമ്മപ്പെടുത്തി കൊണ്ട്...