വേണ്ടത് മാന്യമായ കളി...
പ്രദീപ് പുറവങ്കര
ലോകം ഒരു പന്തിന് പിറകെ ഓടുന്ന ദിവസങ്ങളാണ് ഇപ്പോൾ കടന്നുപോയികൊണ്ടിരിക്കുന്നത്. കാൽപന്ത് മത്സരത്തിന്റെ ആവേശ തിരമാലകൾ ആണ് ഇതിന്റെ ഭാഗമായി എങ്ങും ഉയർന്നുപൊങ്ങുന്നത്. ഒന്നിച്ച് ഐക്യത്തോടെ നല്ലൊരു പദ്ധതിയുമായി മുന്പോട്ട് പോയാൽ ഏത് ഗോളിപോസ്റ്റിലും ഗോളടിച്ച് വിജയികളാകാം എന്ന വലിയ ഒരു സന്ദേശം ഈ കളി എപ്പോഴും ബാക്കിവെക്കുന്നുണ്ട്. ഇത്തവണ റഷ്യയിൽ നടന്നുകൊണ്ടിരിക്കുന്ന ലോകകപ്പിൽ ഓരോ മത്സരത്തിലും ബാക്കിയാകുന്ന അവിസ്മരണീയമായ മുഹൂർത്തങ്ങളെ നെഞ്ചിലേറ്റുകയാണ് ഫുട്ബാൾ പ്രേമികൾ. കളിമികവുകൊണ്ടു മാത്രമല്ല ഫുട്ബാളിൽ ചിലർ ആരാധന നേടുന്നത്. മറിച്ച് സ്വഭാവത്തിലെയും പെരുമാറ്റത്തിലെയും വൈശിഷ്ട്യമോ പ്രത്യേകതയോകൊണ്ടുകൂടിയാണ്. എത്ര മികച്ചവനായാൽ പോലും ഗർവും തലക്കനവും കാട്ടിയാൽ ഇവിടെ ആരാധകർപോലും അധികകാലം മതിപ്പുകാട്ടില്ല. അഹങ്കാരവും അമിത ആത്മവിശ്വാസവും പ്രതിഭാധനരെപ്പോലും നിന്ദിതരാക്കിയ ചരിത്രവും ഈ കായികമാമാങ്കിൽ ബാക്കിനിൽക്കുന്നു. കേവലം 90 മിനിട്ടുകൾ നീണ്ടുനിൽക്കുന്ന ഈ കായിക വിനോദത്തിൽ ഇത്തരം മുഹൂർത്തങ്ങളിൽ ചിലത് നമ്മുടെ ജീവിതവുമായി ചേർത്ത് വായിക്കാവുന്നതാണ്.
ലോകകപ്പിന്റെ പ്രീക്വാർട്ടറിൽ ഇടം പിടിച്ച ജപ്പാന്റെ ടീം ഇതിന്റെ ഉദാഹരണമാണ്. ഗ്രൂപ്പ് എച്ചിൽ നാലു പോയിന്റോടെ സെനഗലും ജപ്പാനും ഒപ്പമായപ്പോൾ മാന്യമായ കളി അഥവാ ഫെയർ പ്ലെ കണക്കിലെടുത്താണ് ജപ്പാന് പ്രീക്വാർട്ടറിൽ ഇടം കിട്ടിയത്. പോയിന്റ് നിലയിലും ഗോൾവ്യത്യാസത്തിലും ഒരേ നില വരുന്പോഴാണ് ഫെയർപ്ലേ പരിഗണിക്കപ്പെടുന്നത്. ഇത്തവണ ലോകകപ്പിലെ നോക്കൗട്ടിൽ കടന്ന ഏക ഏഷ്യൻ രാജ്യം ജപ്പാനാണ്. ഫിഫയുടെ അച്ചടക്കനിയമമനുസരിച്ച്, മഞ്ഞക്കാർഡിന് ഒരു മൈനസ് പോയിന്റാണ്. ഒരേ കളിയിൽ ഒരു കളിക്കാരൻ രണ്ടു മഞ്ഞക്കാർഡ് അല്ലെങ്കിൽ നേരിട്ടല്ലാത്ത ചുവപ്പുകാർഡ് കണ്ടാൽ മൈനസ് മൂന്നു പോയിന്റ് ലഭിക്കും. നേരിട്ടുള്ള ചുവപ്പു കാർഡിനു മൈനസ് നാലു പോയിന്റാണ് ലഭിക്കുക. മഞ്ഞ, ചുവപ്പു കാർഡുകൾ ഒന്നിച്ചു കിട്ടുന്ന ഗുരുതരമായ പിഴവിന് മൈനസ് അഞ്ചു പോയിന്റാണ്. ഇങ്ങിനെയുള്ള മൈനസ് പോയിന്റുകൾ കുറച്ചാണ് ജപ്പാൻ ഇത്തവണ പ്രീ ക്വാർട്ടറിൽ കടന്നിരിക്കുന്നത്. ജപ്പാൻ ടീം മാത്രമല്ല കാണികളും മാന്യത പുലർത്തുവരാണ്്. കളി കഴിഞ്ഞ് ഇരിപ്പിടവും പരിസരവും വൃത്തിയാക്കിയ ശേഷമാണ് ഇവിടെയുള്ള കാണികൾ സാധാരണയായി ഗാലറി വിട്ടിറങ്ങുക.
ജീവിതത്തിന്റെ സമസ്ത മേഖലകളിലും വല്ലവിധേനയും മൈനസ് പോയിന്റുകൾ നേടിയാണെങ്കിലും മുന്നേറാൻ ശ്രമിക്കുന്നവരുടെ എണ്ണം വർദ്ധിക്കുന്ന കാലത്ത് കഠിനമായ ജീവിതവഴിത്താരകളിൽ ഫെയർ പ്ലെ കാഴ്ച്ച വെക്കുന്നവർക്ക് ഒരു ആശ്വാസമാണ് ജപ്പാന്റെ പ്രീ ക്വാർട്ടർ പ്രവേശനം. നിരപരാധികളെ തേജോവധം ചെയ്തും, ഇല്ലാത്ത ആരോപണങ്ങൾ ഉന്നയിച്ചും മിടുക്കരാകാൻ ശ്രമിക്കുന്നവരുടെ ഇടയിൽ പെട്ട് പോകുന്ന ഹതഭാഗ്യർക്ക് അൽപ്പമെങ്കിലും സമാധാനിക്കാൻ ഉള്ള ഒരു മാതൃക. ഫുട്ബാളിലെ ഈ ഒരു ഫെയർ പ്ലേ കായികരംഗത്തു മാത്രമല്ല, എല്ലായിടത്തും ഉണ്ടാകട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു. തോൽവിയെയും തിരിച്ചടികളെയും ക്ഷമയോടെ സ്വീകരിക്കുകയും അവയെക്കുറിച്ച് അമിതമായി ആകുലപ്പെടാതിരിക്കുകയും ആത്മവിശ്വാസത്തോടെ തുടർന്നുള്ള പോരാട്ടങ്ങളിൽ പങ്കെടുക്കുകയും ചെയ്യുന്നതിനെയുമാണ് സ്പോർട്സ്മാൻ സ്പിരിറ്റ് എന്ന് വിശേഷിപ്പിക്കാറുള്ളത് എന്ന് കൂടി ഓർമ്മപ്പെടുത്തട്ടെ!!