രൂപ ഇടിയുന്പോൾ...
പ്രദീപ് പുറവങ്കര
സാന്പത്തിക വിപണിയിൽ രൂപയുടെ വിലയിടിഞ്ഞതോടെ നാട്ടിലേയ്ക്ക് പണമയക്കുന്ന പ്രവാസികളുടെ എണ്ണത്തിൽ വലിയ വർദ്ധനവാണ് കഴിഞ്ഞ ദിവസങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്നത്. സാന്പത്തിക പ്രയാസങ്ങളുടെ ഇടയിലും ഇവിടെ ചില കന്പനികളെങ്കിലും മാസാവസാനം കൃത്യമായി തന്നെ ശന്പളം നൽകുന്നവരായത് കാരണം പലർക്കും ഇപ്പോൾ ഈ ഒരു സാഹചര്യത്തിൽ കുറച്ചധികം പണം നാട്ടിലേയ്ക്ക് അയക്കാൻ സാധിക്കുന്നു. ചെറിയ വേതനത്തിന് ഇവിടെ തൊഴിലെടുക്കുന്നവരും വൻകിടക്കാരും രൂപയുടെ മൂല്യം മാറിമറിയുന്നത് ഒരുപോലെ ഏറെ ജിജ്ഞാസയോടെയാണ് നോക്കിക്കാണുന്നത്. പണമയക്കുന്നതിന് സമീപിക്കുന്ന പ്രധാന ധനകാര്യ സ്ഥാപനങ്ങളിൽ ഒക്കെ കഴിഞ്ഞ ദിവസങ്ങളിൽ നൂറുകണക്കിന് ടെലിഫോൺ കോളുകളാണ് നിരക്ക് അറിയാൻ വിളിക്കുന്നത്. രൂപയുടെ ഈ വിലയിടിവ് ഒരുതരത്തിൽ പ്രവാസികൾ ആഹ്ലാദത്തോടെയാണ് വരവേൽക്കുന്നതെങ്കിലും തങ്ങളുടെ രാജ്യത്തിന്റെ സാന്പത്തിക ഇടിവ് നമ്മെ ആശങ്കപ്പെടുത്തേണ്ടതാണ്. ഒരു ഡോളർ 69 രൂപയ്ക്ക് സമാനമായി മാറിയതോടെ വിലകയറ്റവും, നാണ്യപെരുപ്പവും നാട്ടിൽ ഉറപ്പായ സാഹചര്യമാണ് ഇപ്പോൾ നിലനിൽക്കുന്നത്. ഡോളറിനെതിരെ രൂപയുടെ മൂല്യം വരുംനാളുകളിൽ കൂടുതൽ ഇടിയാൻ സാധ്യതയുണ്ടെന്നും സാന്പത്തിക രംഗത്തെ വിദഗ്ദ്ധർ പറയുന്നു. ഇറാനുമായുള്ള ആണവ കരാറിൽ നിന്ന് യുഎസ് പിന്മാറുകയും, ആഗോള വിപണിയിൽ എണ്ണവില വർദ്ധിക്കുകയും ചെയ്തതാണ് രൂപയുടെ തകർച്ചക്ക് ആക്കം കൂട്ടിയത്. അതോടൊപ്പം ഇറാന്റെ കൈയിൽ നിന്നും എണ്ണ വാങ്ങുന്നത് നിർത്തണമെന്ന ആവശ്യവും അമേരിക്ക ഇന്ത്യയുടെ മുന്പാകെ വെച്ചിട്ടുണ്ട്.
അതേസമയം സ്വർണ വില കഴിഞ്ഞ ആറ് മാസത്തിനിടയിൽ ഏറ്റവും താഴ്ന്ന നിലയിലാണ് ഇപ്പോൾ ഉള്ളത്. അമേരിക്ക വീണ്ടും പലിശ നിരക്കുകൾ ഉയർത്തുമെന്ന വിശ്വാസത്തിൽ നിക്ഷേപകർ സ്വർണ്ണം വിൽക്കുന്നതിന് താൽപ്പര്യം പ്രകടിപ്പിക്കുന്നതാണ് വില താഴാൻ കാരണമായത്. പലിശ നിരക്കുകൾ കൂടുമെന്ന ധാരണയിൽ ഡോളറിലേക്ക് നിക്ഷേപം വലിയ തോതിൽ മാറുമെന്നാണ് വിപണി വിലയിരുത്തുന്നത്. ഇതിനായി സ്വർണ്ണം വിറ്റൊഴിയുന്നതാണ് മഞ്ഞലോഹത്തിന്റെ വിലയിടിവിന് പ്രധാന കാരണം.
സാന്പത്തിക വിപണിയിലെ ഓരോ ചെറുചലനങ്ങളും ഏറെ സൂക്ഷ്മതയോടെ വീക്ഷിക്കുന്നവരാണ് മിക്ക പ്രവാസികളും. ഇപ്പോഴുണ്ടായിരിക്കുന്ന സാന്പത്തിക സാഹചര്യത്തെ തുടർന്ന് നാട്ടിൽ പെട്രോൾ, ഡീസൽ വില വർദ്ധിക്കും എന്നത് ഉറപ്പാണ്. പെട്രോളിന് മാത്രം ലിറ്ററിന്റെ വില അഞ്ചു രൂപ വരെ കൂടുന്നതിനുള്ള സാധ്യത വരെ നിരീക്ഷകർ പ്രവചിക്കുന്നു. ഇറാനെതിരെ അമേരിക്ക ഉപരോധം കടുപ്പിക്കുന്നത് മാർക്കറ്റിലേക്കുള്ള ക്രൂഡിന്റെ സപ്ലൈ കുറയ്ക്കുന്പോൾ അന്താരാഷ്ട്ര മാർക്കറ്റിൽ ക്രൂഡ് ഓയിലിന്റെ വില ഉയരും എന്നതും എണ്ണവില വർദ്ധിപ്പിക്കുന്നതിന്റെ കാരണമാകും. ഇന്ത്യ പോലെയുള്ള രാജ്യത്ത് രൂക്ഷമായ വിലകയറ്റത്തിനാണ് ഇത് വഴി തുറക്കുക. പണപ്പെരുപ്പം ഉയർന്ന തട്ടിൽ തുടരുന്നതിനാൽ പലിശ നിരക്കുകൾ വീണ്ടും കൂട്ടേണ്ടി വരും. ഇങ്ങിനെ അത്യന്തം സങ്കീർണ്ണമായ, സാധാരണക്കാരന് ഒരു വിധത്തിലും ജീവിക്കാൻ പറ്റാത്ത ഒരു അവസ്ഥയിലേക്കാണ് യത്ഥാർത്ഥത്തിൽ കാര്യങ്ങൾ നീങ്ങുന്നത്. ഇതിനെ പറ്റി ഗൗരവമാർന്ന ഒരു ചർച്ചയും നമ്മുടെ മാധ്യമങ്ങളിൽ എവിടെയും കാണുന്നില്ല എന്നതും ചിന്തിക്കേണ്ട വിഷയം തന്നെയാണെന്ന് ഓർമ്മിപ്പിക്കട്ടെ...!!