പ്രവാസത്തിന്റെ പ്രയാസങ്ങൾ...
പ്രദീപ് പുറവങ്കര
പ്രവാസലോകത്ത് സാന്പത്തിക അസ്വാരസ്യങ്ങൾ ഇപ്പോഴും ഒഴിഞ്ഞിട്ടില്ല എന്ന യാഥാർത്ഥ്യമാണ് ഇവിടെ അരങ്ങേറി കൊണ്ടിരിക്കുന്ന തൊഴിൽ സമരങ്ങൾ വ്യക്തമാക്കികൊണ്ടിരിക്കുന്നത്. ആറും എട്ടും മാസമായി ശന്പളം കൊടുക്കാൻ സാധിക്കാതെ പല കന്പനികളും വളരെയധികം ബുദ്ധിമുട്ടുന്ന വാർത്തകൾ വീണ്ടും ചുറ്റുപാടും നിറയുന്നുണ്ട്. ഗൾഫ് രാജ്യങ്ങളിൽ ഏറ്റവും സമാധാന പൂർണമായ ജീവിതം നൽകി വരുന്ന ബഹ്റൈനടക്കമുള്ള ഇടങ്ങളിലും ഈ പ്രശ്നങ്ങൾ രൂക്ഷമായി വരുന്നുണ്ട്. ടൂറിസം വ്യവസായത്തെ ആശ്രയിച്ച് വികസനത്തിന്റെ പാതയിൽ നന്നായി സഞ്ചരിച്ചിരുന്ന ബഹ്റൈനിൽ 2011ൽ ഉണ്ടായ ആഭ്യന്തര പ്രശ്നങ്ങളെ തുടർന്നാണ് സാന്പത്തിക ബുദ്ധിമുട്ടുകൾ ഏറി വന്നത്. ഗവൺമെന്റിന്റെ നയപരമായ നല്ല സമീപനങ്ങളുടെ ഭാഗമായി ആ പ്രശ്നം ഏറെ കുറേ തീർക്കാൻ സാധിച്ചുവെങ്കിലും, എണ്ണ ഉത്പാദനവുമായി ബന്ധപ്പെട്ട് ആഗോള വിപണിയിടിഞ്ഞത് ഇവിടേയ്ക്ക് ടൂറിസവുമായി ബന്ധപ്പെട്ട് വരുന്നവരുടെ ഒഴുക്ക് കുറയ്ക്കാൻ കാരണമായി. കൂടാതെ ഇറാൻ അടക്കമുള്ള അയൽരാജ്യങ്ങൾ ഉയർത്തിക്കൊണ്ടിരിക്കുന്ന ഭീഷണിയും കൂനിമേൽ കുരുവായി മാറി. പ്രതിരോധ രംഗത്ത് കൂടുതൽ ചിലവുകൾ ഇതിന്റെ ഭാഗമായി ഏറ്റെടുക്കാനും രാജ്യം നിർബന്ധിതമായി. അത് കാരണം മറ്റു വഴികൾ ഒന്നുമില്ലാതെ വരുമാനം വർദ്ധിപ്പിക്കാനുള്ള പലവിധ നടപടികൾ രാജ്യത്ത് ആരംഭിക്കുകയും ചെയ്തു. ഇത് ഏറ്റവുമധികം ബാധിച്ചത് ഇവിടെ കഴിയുന്ന പ്രവാസികളെ തന്നെയാണ്.
ഇതിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു ചിലവ് വൈദ്യുതിയുമായി ബന്ധപ്പെട്ടതാണ്. ഒരു വർഷം മുന്പ് രണ്ട് ബെഡ്റൂം സൗകര്യമുള്ള ഫ്ളാറ്റിന് കൂടി വന്നാൽ ഇരുപത്തിയഞ്ച് ബഹ്റൈനി ദിനാർ അടക്കേണ്ടി വന്ന സ്ഥിതി മാറി ഇപ്പോൾ നൂറ് ദിനാർ വരെയായി മാറിയിട്ടുണ്ട്. വരും ദിവസങ്ങളിൽ ഈ ചിലവ് വർദ്ധിക്കുെമന്നും പറഞ്ഞ് കേൾക്കുന്നു. ഇങ്ങിനെ ചെലവ് ക്രമാതീതമായി ഉയർന്നപ്പോൾ പിടിച്ചുനിൽക്കാൻ പറ്റാത്ത അവസ്ഥയിലേയ്ക്ക് പല പ്രവാസ കുടുംബങ്ങളും എത്തിയിട്ടുണ്ട് എന്നത് യാഥാർത്ഥ്യമാണ്. ഈ അവധിക്കാലത്ത് ഇത്തരം വ്യാകുലപ്പെടുത്തുന്ന ചിന്തകളുമായാണ് മിക്കവരും നാട്ടിലേയ്ക്ക് പോകുന്നത്. നാട്ടിലേയ്ക്ക് സ്ഥിരമായി തിരികെ പോവുകയാണെങ്കിൽ ജീവിതം പരാജയപ്പെടുമോ എന്ന ഭീതിയാണ് മിക്ക പ്രവാസികൾക്കുമുള്ളത്. ഒപ്പം അവിടെയുള്ള സാമൂഹിക അന്തരീക്ഷത്തിനോടൊപ്പം ഒത്തുചേരാൻ സാധിക്കുമോ എന്ന ആശങ്കയും നിലനിൽക്കുന്നു. ഇതോടെ ഒരുതരത്തിൽ ജീവിതം വഴിമുട്ടി നിൽക്കുന്ന ഒരവസ്ഥയും സംജാതമാകുന്നു.
പ്രവാസം ഇഷ്ടപ്പെടുന്നവരാണ് നമ്മൾ മലയാളികൾ. അതുകൊണ്ടാണ് സഹ്യന്റെ അപ്പുറത്തേയ്ക്ക് ഒരു ചാഞ്ചല്യവുമില്ലാതെ നടന്നുനീങ്ങാൻ നമുക്ക് സാധിക്കുന്നത്. ഓരോ കാലത്തും പ്രവാസത്തിനായി ഓരോ ഇടങ്ങൾ നമ്മൾ തെരഞ്ഞെടുത്തിട്ടുണ്ട്. മലേഷ്യയും, സിംഗപ്പൂരും, സിലോണും ഒക്കെ ഉദാഹരണം. സമീപകാലത്ത് അതിൽ ഏറ്റവുമധികം കാലം മലയാളികൾ വെന്നികൊടിപാറിച്ച ഇടമാണ് ഈ മണലാരണ്യം. സ്വന്തമെന്ന പോലെയാണ് ഈ രാജ്യങ്ങളും അവിടെയുള്ള മനുഷ്യരും ഇത്രയും കാലം നമ്മോട് പെരുമാറി വന്നത്. പക്ഷെ ഇന്ന് ചിലപ്പോഴൊക്കെ അവരും നിസ്സഹായരാണ്. കേരളത്തിന്റെ പ്രധാന സാന്പത്തിക ശ്രോതസുകളിൽ ഒന്നായ പ്രവാസികളുടെ ഈ അവസ്ഥയിൽ പോംവഴികളുമായി മുന്പിലെത്തേണ്ടത് നമ്മുടെ സർക്കാരാണ്. പഴയത് പോലെ കൈയയച്ച് സംഭാവനകൾ നൽകാൻ വഴിയില്ലാത്തവരായി പാവം ഗൾഫുകാരൻ മാറുന്നത് കൊണ്ടാകാം ഇപ്പോൾ അവരും ഇങ്ങോട്ടുള്ള വഴി മറന്നുതുടങ്ങിയിരിക്കുന്നു എന്ന വാസ്തവം കൂടി ഓർമ്മപ്പെടുത്തി കൊണ്ട്...