അമ്മയുടെ നട്ടെല്ലുള്ള പെൺമക്കൾ...
പ്രദീപ് പുറവങ്കര
മനുഷ്യരിൽ മിക്കവർക്കും മിക്കപ്പോഴും രണ്ടോ അതിൽ അധികമോ മുഖമുള്ളവരാണെന്ന് പറയാറുണ്ട്. പുറമേ കാണുന്നതല്ല പലപ്പോഴും അകത്തുണ്ടാവുക. ജീവിതത്തിന്റെ സമസ്ഥമേഖലകളിലും ഇതേ അവസ്ഥ കാണാവുന്നതാണ്. ഉദാഹരണത്തിന് സാംസ്കാരിക കേരളത്തിന്റെ പ്രതിനിധികളായ നമ്മൾ മലയാളികളെ തന്നെയെടുക്കാം. ഉത്കൃഷ്ഠമായ സംസ്കൃതിയുടെ പാരന്പര്യം പേറുന്പോൾ തന്നെ പുറത്ത് പറയാൻ കൊള്ളാത്ത വൃത്തികേടുകൾ മനസിലും ശരീരത്തിലും പേറുന്നവരാണ് വലിയൊരു വിഭാഗം ആളുകളും. ഇതേ പോലെ തന്നെ ഒരു സമൂഹത്തിന്റെ ചിന്താശേഷിയുടെ പരിച്ഛേദമായിട്ടാണ് അവിടെയുള്ള കലാരൂപങ്ങളെയും വിലയിരുത്തുക. അത്തരമൊരു കലാരൂപമാണ് സിനിമ. മലയാള സിനമാ ലോകവും ഒരു പാട് വ്യത്യസ്ത മുഖങ്ങളുള്ള ഒരിടമാണ്. അഭ്രാപാളിയിലും വേദിയിലുമൊക്കെ സംസ്കാരത്തെ കുറിച്ചും, പാരന്പര്യത്തെ കുറിച്ചും സ്ത്രീ സ്വാതന്ത്ര്യത്തെ കുറിച്ചുമൊക്കെ ഘോരഘോരം പ്രസംഗിക്കുന്ന അഭിനേതാക്കളും, മറ്റ് പിന്നണി പ്രവർത്തകരും സ്വജീവിതത്തിൽ ഇതിന് കടകവിരുദ്ധമായി ജീവിക്കുന്നവരാണ് എന്ന് പല തവണ തെളിയിച്ചിട്ടുള്ള കാര്യമാണ്. അതിൽ ഒടുവിലേത്തതാണ് അമ്മ എന്ന സംഘടനയുടെ പേരിൽ ചിലർ കാണിച്ചു കൂട്ടുന്ന തെമ്മാടിത്തരങ്ങൾ.
മലയാള സിനിമ എന്നും സ്ത്രീ വിരുദ്ധതയുടെ ഈറ്റില്ലമാണ് എന്ന് തെളിയിക്കാറുള്ള സന്ദർഭങ്ങളാണ് ടെലിവിഷൻ അവാർഡ് നെറ്റുകളുടെ ഭാഗമായി അരങ്ങേറാറുള്ള േസ്റ്റജ് ഷോകൾ. പണിപ്പെട്ടുണ്ടാക്കുന്ന തമാശകൾ, ഉപമകൾ, സ്ത്രീയെ ലൈംഗിക അവയവങ്ങളിലേയ്ക്ക് ചുരുക്കിയുള്ള ശുദ്ധ ചീത്തവിളി, വ്യക്തിഹത്യ, തുടങ്ങി എല്ലാം നിറച്ചുകൊണ്ട് സ്ത്രീകളെയും അതുപോലെ തന്നെ ദളിത് ജീവിതങ്ങളെയും ഒക്കെ താറടിച്ച് കാണിക്കാൻ പ്രത്യേക ഉത്സാഹം തന്നെ ഇത്തരം േസ്റ്റജ് സ്കിറ്റുകളിലൂടെ സൂപ്പർതാരങ്ങൾ അടക്കമുള്ളവർ എന്നും കാണിച്ചു വരുന്നു. അമ്മ എന്ന പേരിൽ പുരുഷ ഭൂരിപക്ഷമുള്ള സിനിമ സംഘടനയ്ക്ക് ഭീഷണിയായി ഉയർന്നവന്ന സ്ത്രീകളുടെ കൂട്ടായ്മയാണ് വുമൺ ഇൻ കളക്ടീവ്. സിനിമകൾ ഇല്ലെങ്കിലും ജീവിച്ചു പോകാമെന്ന് ധൈര്യമുള്ള ഒരു കൂട്ടം നട്ടെല്ലുള്ള അഭിനേത്രികളുടെ ഈ കൂട്ടായ്മയെ ആദ്യം മുതൽക്ക് തന്നെ അമ്മയുടെ തെമ്മാടികളായ ആൺകുട്ടികൾ ഒളിഞ്ഞും തെളിഞ്ഞും ആക്ഷേപിച്ച് വരികയാണ്. സിനിമയിലെ സ്ത്രീകൾ സംസാരിക്കുന്നതിൽ പരാതിയില്ലെങ്കിലും അത് ഫാഷൻ ട്രെന്റുകളെ കുറിച്ചും, പാചകത്തെക്കുറിച്ചും, ഭാവി വരനെ പറ്റിയുള്ള സങ്കൽപ്പങ്ങളെക്കുറിച്ചുമൊക്കെ മതിയെന്ന ഭാവമാണ് അമ്മയുടെ പുരുഷപ്രജകൾക്ക് ഉള്ളത്. അതിൽ നിന്ന് വ്യത്യസ്തമായി ചിന്തിക്കുന്നവരെ പറ്റി ആലോചിക്കാനേ വയ്യ ഭൂമിയിലെ നക്ഷത്രങ്ങൾക്ക്. ഒരു നടിക്ക് ഏൽക്കേണ്ടി വന്ന പീഢനത്തിൽ കുറ്റാരോപിതനെ കഴിഞ്ഞ ദിവസം അമ്മയിൽ തിരിച്ചെടുത്തതിനെ തുടർന്ന് ഇന്ന് നാല് പ്രമുഖ നടിമാർ അമ്മയിൽ നിന്ന് രാജിവെച്ചിരിക്കുകയാണ്. സംഘടനയ്ക്കുള്ളിലെ സ്ത്രീ വിരുദ്ധ നിലപാടുകളാണ് ഈ കൂട്ടരാജിയിലേയ്ക്ക് നയിച്ചിരിക്കുന്നത്. ഈ തീരുമാനത്തോടെ വരും ദിവസങ്ങളിൽ ഇനി ഇവർ അഭിനയിക്കാതെ മൂലയ്ക്കിരിക്കുന്നവരായി മാറിയേക്കാം. എങ്കിലും ഈ ഒരു നിലപാട് സ്വീകരിച്ചതോടെ ഇവർ കൈയടിക്ക് അർഹരായി മാറിയിരിക്കുന്നു എന്ന് പറയാതെ വയ്യ. അതുകൊണ്ട് സൂപ്പർസ്റ്റാറുകളും ഇവർ തന്നെ. അതേസമയം ഈ നാല് പേരിൽ രാജി ഒതുങ്ങുമോ എന്നതും നോക്കി കാണേണ്ട കാര്യമാണ്...!!