ജീവിതം ലഹരിയാക്കുക...
പ്രദീപ് പുറവങ്കര
ഇന്ന് ലോകലഹരി വിരുദ്ധ ദിനമാണ്. ആദ്യം കേൾക്കൂ എന്ന സന്ദേശമാണ് ഈ വർഷം ഐക്യരാഷ്ട്ര സഭ ലോകത്തിന് മുന്പിൽ പ്രത്യേകിച്ച് രക്ഷാകർത്തകൾക്ക് മുന്പിൽ വെച്ചിരിക്കുന്നത്. കുട്ടികളും യുവാക്കളും മയക്കുമരുന്നുകൾക്കും മറ്റ് ലഹരിപദാർത്ഥങ്ങൾക്കും ഇരയാകുന്നതിൽ കുടുംബപശ്ചാത്തലം നിർണായക ഘടകമായി മാറുന്ന സാഹചര്യത്തിലാണ് ഐക്യരാഷ്ട്രസഭ ‘ആദ്യം കേൾക്കൂ’ എന്ന സന്ദേശം സമൂഹത്തിനുമുന്പിൽ ഉയർത്തുന്നത്. എന്തുകൊണ്ടാണ് ഈ കുട്ടികളും യുവാക്കളും തെറ്റായ മാർഗ്ഗത്തിലേയ്ക്ക് തിരിയുന്നതെന്ന് കേൾക്കാനാണ് ഇതിലൂടെ ആവശ്യപ്പെടുന്നത്. ഇന്നത്തെ കാലത്ത് നമ്മുടെ കുഞ്ഞുങ്ങൾക്ക് പറയാൻ ഒരു പാടുണ്ടാകും. പക്ഷെ അവരെ കേൾക്കാൻ രക്ഷിതാക്കൾക്കോ വേണ്ടപ്പെട്ടവർക്കോ സമയമില്ല. മക്കളുടെ വർത്തമാനം കേൾക്കാതിരിക്കാൻ നിരവധി ന്യായങ്ങളും കാരണങ്ങളും മിക്കവർക്കമുണ്ടാകും. ജോലി, സാമൂഹ്യ അവസ്ഥ, ജീവിത തിരക്കും ഒക്കെ ഇതിൽ പെടും. ഞങ്ങൾ ഇങ്ങിനെ കഷ്ടപ്പെടുന്നതൊക്കെ നിങ്ങളുടെ ഭാവിക്ക് വേണ്ടിയെന്ന ന്യായീകരണം ഇതിനൊപ്പം ഉണ്ടാകും. ഈ ഒരു സാഹചര്യം എത്രയോ പേരെ ലഹരിയുടെ വഴിയിലേയ്ക്ക് നയിക്കുന്നുണ്ട്. ഒരാൾ ഒറ്റപ്പെടുന്പോഴാണ് മാനസികവും ശാരീരികവുമായ അസ്വസ്ഥതകൾ ഏറ്റവുമധികം ഉണ്ടാവുക. അപ്പോൾ ആ അസ്വസ്ഥകളെ മറക്കാനായിട്ടാണ് ലഹരിയുടെ തീരങ്ങളിലേയ്ക്ക് ആരും നടന്നടുക്കുന്നത്.
ലഹരി ലഭിക്കാൻ മുന്പത്തേ പോലെ മദ്യം അല്ല ഇന്ന് ആരും തേടുന്നത്. സാമൂഹ്യപരമായി സ്വീകാര്യത ലഭിച്ച ഒരു പാനീയമായി മദ്യം ഇന്ന് മാറിയിരിക്കുന്നു. അതുകൊണ്ടാണ് മദ്യത്തിന്റെ ഗുണവിശേഷങ്ങൾ പറഞ്ഞ് ആരംഭിച്ച ഫേസ്ബുക്ക് പേജിന് പോലും ലക്ഷകണക്കിന് ആളുകളുടെ ലൈക്കുകൾ ലഭിക്കുന്നത്. ജീവിതം ഓരോ നിമിഷവും ഒരു ഉത്സവമാക്കണമെന്ന് കരുതുന്നവരുടെ എണ്ണം വർദ്ധിച്ചപ്പോൾ മദ്യം എന്നത് ആഘോഷപരിപാടികളിൽ ഒഴിവാക്കാൻ പറ്റാത്തവയായി മാറി. അതേ സമയം മയക്കുമരുന്നുകൾക്ക് ഇപ്പോഴും മദ്യത്തിന് ലഭിക്കുന്ന സ്വീകര്യത ഇല്ല. അവ ഉപയോഗിക്കപ്പെടുന്നത് ഇരുട്ടിൽ തന്നെയാണ്. എന്നിട്ട് പോലും മിക്കയിടങ്ങളിലും ഇത് ലഭ്യമാണ് എന്നതാണ് സത്യം. മയക്കുമരുന്നുകൾ ഉപയോഗിക്കുന്നവരിൽ വിഭ്രാന്തി, അകാരണമായ ഭീതി, ആകുലത, മിഥ്യാബോധം, കുറ്റവാസന തുടങ്ങിയവയൊക്കെ സൃഷ്ടിക്കപ്പെടുന്നുണ്ട്. പുതിയതെന്തും അനുഭവിക്കാനാഗ്രഹിക്കുന്ന കൗമാരക്കാരെയും യുവാക്കളെയുമാണ് മയക്കുമരുന്ന മാഫിയ പ്രധാനമായും ലക്ഷ്യമിടുന്നത്. ഊർജ്ജസ്വലതയും കർമ്മശേഷിയുമുള്ള ഒരു സമൂഹത്തെ സൃഷ്ടിക്കുന്നതിന് മയക്കുമരുന്നുകളും ലഹരിവസ്തുക്കളും എത്രമാത്രം തടസം സൃഷ്ടിക്കുന്നുണ്ടെന്നു മനസിലാക്കിയാണ് 1987 ഡിസംബർ ഏഴിന് നടന്ന ഐക്യരാഷ്ട്രസഭാസമ്മേളനം എല്ലാ വർഷവും ജൂൺ 26 അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധദിനമായി ആചരിക്കാൻ തീരുമാനിച്ചത്.
മക്കൾക്ക് മികച്ച വിദ്യാഭ്യാസവും ജീവിതസൗകര്യങ്ങളും ഒരുക്കാൻ കഷ്ടപ്പെടുന്നതായി പറയുന്പോഴും നമ്മളിൽ പലരും നമ്മുടെ മക്കൾ എത്തിപ്പെട്ടിരിക്കുന്ന സാഹചര്യങ്ങളെ കുറിച്ച് മനസ്സിലാക്കാനോ അവരെ അതിൽ നിന്ന് മോചിപ്പിക്കാനോ ശ്രമിക്കുന്നില്ല. കുടുംബാന്തരീക്ഷത്തിൽ എന്തും തുറന്നുപറയാൻ കുട്ടികൾക്ക് സ്വാതന്ത്ര്യവും അടുപ്പവും ഉണ്ടായാൽ മാത്രമേ ജീവതമാണ് ലഹരി എന്ന സന്ദേശം അവരിലും എത്തിക്കാൻ സാധിക്കൂ. അതോടൊപ്പം ‘ആദ്യം കേൾക്കൂ’ എന്ന സന്ദേശത്തെ പൂർണമായും ഉൾക്കൊള്ളുന്നതിന് ഏവർക്കും സാധിക്കട്ടെ എന്നാഗ്രഹത്തോടെ...