വളയിട്ട കൈകളിൽ വളയമെത്തുന്പോൾ...
പ്രദീപ് പുറവങ്കര
സ്വാതന്ത്യം എന്നത് ഒരാളുടെ വ്യക്തിപരമായുള്ള അനുഭവമാണ്. സാഹചര്യങ്ങൾക്ക് അനുസരിച്ച് അതിന്റെ മാനദണ്ധങ്ങളും മാറിവരും. കാലം, പ്രായം, ദേശം, ഭാഷ എന്നിവയൊക്കെ അതിൽ വരും. ഉദാഹരണമായി ഒരു അഞ്ച് വയസുകാരനെ സാധനങ്ങൾ വാങ്ങിക്കാൻ ചന്തയിലേയ്ക്ക് ഇന്നാരും തനിയെ വിടില്ല. അവന് ആ സ്വാതന്ത്ര്യം നൽകിയാൽ അപകടമാകും സംഭവിക്കുക എന്ന ചിന്ത കാരണമാണ് അങ്ങിനെ വരുന്നത്. ചിലപ്പോൾ നമ്മൾ തന്നെ നമ്മുടെ സ്വാതന്ത്ര്യത്തിന് സ്വയം പരിധികളും നിശ്ചയിക്കാറുണ്ട്. ഇങ്ങിനെ സ്വാതന്ത്ര്യം എന്ന വാക്കിന് വലിയ അർത്ഥങ്ങൾ നമ്മൾ കൽപ്പിച്ചുവരുന്നു. കഴിഞ്ഞ ദിവസം സൗദി അറേബ്യയിലെ സ്്ത്രീകൾക്ക് ലഭിച്ചിരിക്കുന്നത് അവരുടെ സ്വാതന്ത്ര്യ സ്വപ്നങ്ങളിൽ നിറഞ്ഞു നിന്ന ഒരു കാര്യത്തിന്റെ പൂർത്തീകരണമാണ്. ആധുനിക ലോകത്ത് സ്വന്തമായി ഒരു വാഹനമോടിക്കുക എന്നത് പ്രായപൂർത്തിയായ ഏവരും ആഗ്രഹിക്കുന്ന കാര്യമാണ്. റോഡിലൂടെ വാഹനമോടിച്ചു പോകാനുള്ള സമ്മതം അധികാരികൾ ഒരു വ്യക്തിക്ക് നൽകുന്പോൾ അത് സ്വാതന്ത്ര്യത്തിന്റെ ചിറകുകൾ ആയി മാറുന്നു. ഇഷ്ടമുള്ള ഇടങ്ങളിലേയ്ക്ക് ആരെയും ആശ്രയിക്കാതെ സ്വയം പോകാനുള്ള അനുമതി ലഭിക്കുന്പോൾ അത് ആഘോഷമാക്കി മാറ്റുന്നവരാണ് മിക്കവരും.
വാസ്തവത്തിൽ സ്ത്രീകൾ വാഹനോടിക്കുന്നതിനെതിരെ സൗദിയിൽ ഔദ്യോഗിക നിയമമൊന്നും ഉണ്ടായിരുന്നില്ലെങ്കിലും ട്രാഫിക്ക് വകുപ്പും, പോലീസുകാരും വനിതകളെ ലൈസൻസ് എടുക്കുന്നതിൽ നിന്ന് നിരുത്സാഹപ്പെടുത്തുകയായിരുന്നു. സാമൂഹ്യ അംഗീകാരത്തിന്റെ പ്രശ്നം കൂടി ഇവിടെ നിലനിന്നിരുന്നു. ആ ഒരു അവസ്ഥയിൽ നിന്നുള്ള ചരിത്രപരമായ ഒരു മാറ്റമാണ് കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ ദീർഘവീക്ഷണപരമായ തീരുമാനത്തോടെ സൗദി അറേബ്യയിൽ സംഭവിച്ചിരിക്കുന്നത്. തുടക്കത്തിൽ അര ലക്ഷത്തോളം പേർക്ക് മാത്രമാണ് ലൈസൻസ് ലഭിച്ചിരിക്കുന്നത്. ഇനിയും ലക്ഷകണക്കിന് പേർ പുറത്ത് വളയം പിടിക്കാനായി കാത്തിരിക്കുന്നു. ഇവിടെ താമസിക്കുന്ന വിദേശ വനിതകളും വരും ദിവസങ്ങളിൽ ലൈസൻസ് നേടുമെന്നതും ഉറപ്പാണ്. ഈ തീരുമാനത്തോടെ സൗദി അറേബ്യയിൽ കൂടുതൽ വാഹനങ്ങൾ നിരത്തിലിറങ്ങാനും ഓട്ടോമോട്ടിവ് സെക്ടർ കുറേ കൂടി ഊർജിതമാകുവാനും സാധ്യതയുണ്ട്. മലയാളികൾ അടക്കമുള്ള പ്രവാസികളിൽ അൽപ്പമൊരു ആശങ്കയും ഈ തീരുമാനം ഉണ്ടാക്കുന്നുണ്ട്. ഡ്രൈവർ തസ്തികയിൽ ജോലി ചെയ്തു വരുന്ന ലക്ഷകണക്കിന് പ്രവാസികൾക്ക് തങ്ങളുടെ ജോലി നഷ്ടമാകുമോ എന്നതാണ് അവരുടെ ഭയം. തിരികെ പോയാൽ പുനരധിവാസമെന്ന സർക്കാരിന്റെ ഒരിക്കലും നടക്കാത്ത സുന്ദര സ്വപ്നത്തിൽ പെട്ട് തങ്ങളുടെ ജീവിതം ചിതലിരിക്കുമോ എന്നതും ഇവരെ പേടിപ്പിക്കുന്നു.
ബഹ്റൈൻ പോലെയുള്ള അയൽരാജ്യങ്ങൾക്ക് ഈ പുതിയ തീരുമാനത്തിൽ ഏറെ പ്രതീക്ഷകളാണ് ഉള്ളത്. ഇപ്പോൾ വിനോദസഞ്ചാര കേന്ദ്രമെന്ന നിലയിൽ സൗദിയിൽ നിന്നുള്ള പുരുഷൻമാർ ബഹ്റൈനിൽ വരുന്നത് പോലെ സ്ത്രീകളും ഇനി വരാനുള്ള സാധ്യതയാണ്. പ്രത്യേകിച്ച് യുവ തലമുറ അവരുടെ വാരാന്ത്യങ്ങൾ ചെലവഴിക്കാൻ ഏറ്റവും അരികിലുള്ള സ്ഥലമായി ബഹ്റൈനെ തെരഞ്ഞെടുക്കാനുള്ള സാധ്യത ഏറെയാണ്. അതോടൊപ്പം ബഹ്റൈനിൽ നിന്നുള്ള സ്ത്രീകൾ ഉപരി പഠനം, ആരോഗ്യ സേവനം തുടങ്ങിയ കാര്യങ്ങൾക്കായി സൗദിയിൽ തനിയെ ഡ്രൈവ് ചെയ്ത് പോകുന്ന അവസ്ഥയും വന്നേക്കാം. ഇത്തരം മാറ്റങ്ങൾ ഈ പ്രദേശങ്ങളിലെ സാമൂഹ്യ അന്തരീക്ഷത്തിന് ഗുണകരമാകുമെന്ന പ്രതീക്ഷയോടെ...