എന്താണ് കഴിക്കേണ്ടത്...
പ്രദീപ് പുറവങ്കര
കൂട്ടുകാരന്റെ വിവാഹസൽക്കാര വേളയിൽ മുന്പിൽ വെച്ചിരിക്കുന്ന പലഹാരങ്ങളിൽ നിറയെ ഈച്ചകൾ പൊതിഞ്ഞപ്പോൾ അത് കഴിക്കാൻ മടി കാണിച്ചിരുന്ന എന്നോട് തനിനാടനായ സുഹൃത്ത് പറഞ്ഞു, “ധൈര്യത്തോടെ എടുത്തോ, ഇതിൽ വിഷമില്ല”. എന്താ ഇത്ര ഉറപ്പെന്ന് ചോദിച്ചപ്പോൾ “കണ്ടില്ലെ ഈച്ചകൾ വന്നിരിക്കുന്നത്, വിഷമുണ്ടെങ്കിൽ അടൂത്തൂടെ വരില്ല അവറ്റകൾ” എന്ന അവന്റെ മറുപടി എന്നെ അതിശയപ്പിച്ചു.
കേരളത്തിലെ ജനം ഇന്ന് ഏറ്റവുമധികം ഭയക്കുന്നത് തങ്ങൾ കഴിക്കുന്ന ഭക്ഷണത്തെയാണ്. പ്രഭാതം മുതൽ പ്രദോഷം വരെ വലിച്ചുവാരി കഴിക്കാൻ നമുക്ക് അറിയാമെങ്കിലും എന്ത് കഴിക്കണമെന്ന് മാത്രം ഇന്ന് നമുക്കറിയില്ല. തക്കാളി മുതൽ കോഴിയിറച്ചിയിൽ വരെ മാരകമായ വിഷം അടിച്ചു കയറ്റിയിരിക്കുന്നു. മധുരം കിനിയുന്ന ചക്ക മുതൽ മൂവാണ്ടൻ മാങ്ങ വരെ വായിൽ വെക്കുന്നത് സയനൈഡ് വിഷം കഴിക്കുന്നത് പോലെയായിട്ടുണ്ട്. അമോണിയ ആണ് നമ്മുടെ രുചിമുകുളങ്ങളിൽ നിറയുന്നത്.
സംസ്ഥാനത്തെ പച്ചക്കറി ഉത്പാദനം സ്വയംപര്യാപ്തമാക്കി മാറ്റാൻ പലവിധ പദ്ധതികളും ആവിഷ്കരിച്ചിട്ടുണ്ടെങ്കിലും ഇപ്പോഴും തമിഴ്നാട്, കർണാടക തുടങ്ങി അന്യസംസ്ഥാനങ്ങളെ തന്നെയാണ് മലയാളി ആശ്രയിക്കുന്നത്. കേരളത്തിന് 25 ലക്ഷം ടൺ പച്ചക്കറി ആവശ്യമുള്ളപ്പോൾ ഇവിടെ ഉത്പാദിപ്പിക്കുന്നത് കേവലം അഞ്ച് ലക്ഷം ടൺ മാത്രമാണ്. പ്രതിവർഷം ആയിരം കോടിയിൽ പരം രൂപ പച്ചക്കറിക്കായി കേരളീയർ ചെലവഴിക്കുന്നുണ്ട്. തമിഴ്നാട്ടിലെ തോട്ടങ്ങളിൽ വിത്ത് തയ്യാറാക്കുന്നത് മുതൽ വിളവെടുപ്പ് വരെ പല തവണകളായി പച്ചക്കറികളിൽ മാരകമായ വിഷം തളിക്കുന്നുണ്ട്. അവിടെ കൃഷിക്കുള്ള ചെലവിന്റെ മുപ്പതു ശതമാനവും കീടനാശിനികൾ വാങ്ങാനാണ് ഉപയോഗിക്കുന്നത് എന്നത് പകൽ പോലെ സത്യമാണ്. ഉത്പാദിപ്പിച്ച് കഴിഞ്ഞതിന് ശേഷം അവ കേടുകൂടാതെ സൂക്ഷിക്കുന്നതിനും നിറവും മണവും രുചിയും വർദ്ധിപ്പിക്കുന്നതിനുമായി വിപണന ഘട്ടങ്ങളിലും പലപ്പോഴായി ഗുരുതര പ്രത്യാഘാതമുളവാക്കുന്ന രാസവസ്തുക്കൾ പ്രയോഗിക്കുന്നുണ്ട്.
കാസർകോട്ടെ കശുവണ്ടിത്തോട്ടങ്ങളിൽ തളിച്ച എൻഡോസൾഫാന്റെ മാരക ഫലങ്ങൾ നാം കണ്ടറിഞ്ഞതാണ്. അതിനേക്കാൾ കടുപ്പമേറിയ കീടനാശിനികളാണ് ഇപ്പോൾ ഏതൊരു സാധാരണ മലയാളിയും ഇന്ന് ഭക്ഷണമായി കഴിക്കുന്നത്. സൈപ്പർമെത്രിൻ, ഹെപ്റ്റാക്ളോർ, ക്വിനാൽഫോസ്, ആൾഡ്രിൻ, ക്ളോറോ ഡെയ്ൻ, ഡൈക്ളോർവാസ് തുടങ്ങി പേര് കേട്ടാൽ പോലും അറിയാത്ത കൊടിയ വിഷം അടിച്ചാണ് ആ പച്ചക്കറികൾ തീൻമേശയിലെത്തുന്നത്. അതുകൊണ്ട് തന്നെ ഓറഞ്ചും ആപ്പിളുമെല്ലാം ആഴ്ച്ചകളോളം പുറത്തിരുന്നാലും കേടാകുന്നില്ല, ഒരീച്ചയും അതിന്റെ അടുത്തുകൂടെ പോകുന്നില്ല. മേൽപ്പറഞ്ഞ കീടനാശിനികൾ എല്ലാം തന്നെ ദീർഘകാലം ഭക്ഷണത്തോടൊപ്പം അകത്തു ചെന്നാൽ, പിന്നെ അധികകാലം ഭക്ഷണം കഴിക്കേണ്ടി വരില്ല എന്ന് ചുരുക്കം. ശരീരത്തിലെ പ്രവർത്തന വ്യവസ്ഥയെയും ആന്തരീക അവയവങ്ങളെയും വളരെ മാരകമായ രീതിയിൽ ബാധിക്കും ഇത്. വൃക്ക, കരൾ എന്നിവയെ പൂർണ്ണമായും പ്രവർത്തന രഹിതമാക്കാൻ ഇത് ധാരാളം മതി. മാത്രമല്ല, ശരീരത്തിലെ, ചില ഹോർമോണുകൾ ദഹനരസങ്ങൾ എന്നിവയുടെ ഉല്പ്പാദനത്തെയും കോശങ്ങൾ, ഗ്രന്ഥികൾ എന്നിവയടക്കമുള്ളവയേയും ബാധിക്കുന്നതാണ് ഈ വിഷങ്ങൾ. കൂടാതെ ശ്വസനത്തിലെ ബുദ്ധിമുട്ട് തുടങ്ങി നിരവധി അലർജികൾ ഇത് മൂലം ഉണ്ടാകും. ഗർഭിണികളിൽ ഇവ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ അനവധിയാണ്. മാസം തികയാതെയുള്ള പ്രസവം, ജനിക്കുന്ന കുട്ടികൾക്ക് ജനിതക വൈകല്യം തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാക്കാൻ പച്ചക്കറികളിലെ ഈ വിഷങ്ങൾ പര്യാപ്തമാണ്. സംസ്ഥാനത്ത് പച്ചക്കറികളിലെ കീടനാശിനി സാന്നിദ്ധ്യം പരിശോധിക്കുന്നതിന് മതിയായ സൗകര്യവും നിലവാരവുമുള്ള ലബോറട്ടറി തിരുവനന്തപുരത്തെ വെള്ളായണി കാർഷിക കോളജിൽ മാത്രമാണുള്ളത്. ഇവിടെ പരിശോധനക്കായി സാന്പിൾ അയച്ചാൽ തന്നെ ഫലം ലഭിക്കാൻ ദിവസങ്ങളോളം കാത്തിരിക്കുകയും വേണം.
നമ്മുടെ നാട്ടിൽ ഇനിയെങ്കിലും വേണ്ടത് പച്ചക്കറി കൃഷി വ്യാപകമാക്കുന്നതിനുള്ള ഊർജിതമായ നപടികളാണ്. മിക്ക കാർഷിക വിളകൾക്കും അനുയോജ്യമാണ് നമ്മുടെ മണ്ണ്. നനയ്ക്കാനുള്ള ജലവും മറ്റു ഭൗതിക സാഹചര്യങ്ങളും സംസ്ഥാനത്ത് യഥേഷ്ടമുണ്ട്. വേണ്ടത് പാഠ്യപദ്ധതിയുടെ ഭാഗമാക്കി കൃഷിയെ മാറ്റി വളരെ ചെറുപ്പത്തിൽ തന്നെ മലയാളിയുടെ ജീവിത ശൈലിയാക്കി അതിനെ മാറ്റുക എന്നതാണ്. കർഷകൻ എന്നാൽ തൊട്ടുകൂടാത്തവനല്ലെന്നും, ഏറ്റവുമധികം ആദരിക്കപ്പെടേണ്ടവനാണെന്നുമുള്ള ചിന്തയും സംസ്കാരവും നമ്മിൽ ഇനിയെങ്കിലും വളർന്നില്ലെങ്കിൽ ഓരോ വീടുകളിലും ഈച്ച വളർത്ത് കേന്ദ്രങ്ങൾ തുടങ്ങേണ്ട അവസ്ഥയിലാകും ഓരോ മലയാളിയും എന്നത് തീർച്ച!