കാലം മാറുന്പോൾ...
പ്രദീപ് പുറവങ്കര
കാലം മാറുന്പോൾ പലതും മാറുന്നു. അത് തിരിച്ചറിയാത്തവർ എന്നും പഴയ കാലത്തെ ഓർത്ത് പരിതപിക്കുന്നു. ഇത് പറയാൻ തോന്നിയതിന്റെ കാരണം ഈയിടെ മലയാളത്തിലെ ഒരു പ്രമുഖ പത്രത്തിൽ കണ്ട വാർത്തയാണ്. കല്യാണ ബ്യൂറോകൾക്ക് ശനിദശ, പ്രണയവിവാഹം പെരുകി എന്നാണ് അതിന്റെ തലക്കെട്ട്. വിവാഹം എന്നത് ഇന്ന് കേരളത്തിന്റെ സാന്പത്തിക മേഖലയെ താങ്ങി നിർത്തുന്ന പ്രധാനപ്പെട്ട ഒരു സംഭവമാണ്. വളരെ കഷ്ടപ്പെട്ട് ജീവിതത്തിലുണ്ടാക്കിയ സന്പാദ്യം ചിലപ്പോൾ മുഴവനായും ചെലവാക്കി തീർക്കുന്ന ആർഭാടം നിറഞ്ഞ വിവാഹങ്ങൾ മലയാളിക്ക് ഇന്ന് പുത്തരിയല്ല.
നേരത്തേ സൂചിപ്പിച്ച വാർത്തയിൽ പ്രധാനമായും ചൂണ്ടികാണിക്കുന്ന ഒരു കാര്യം നാട്ടിൽ ഒരു കാലത്ത് കൂണ് പോലെ മുളച്ച് പൊന്തിയിരുന്ന കല്യാണ ബ്യൂറോകൾക്കും, ദല്ലാൾമാർക്കും ഇപ്പോൾ കഷ്ടകാലം വന്നിരിക്കുന്നു എന്നതാണ്. ഇന്ന് വിവാഹങ്ങളിൽ പകുതിയോളം മുൻപരിചയവും, സൗഹൃദവുമൊക്കെ മുൻനിർത്തിയാണത്രെ നടക്കുന്നത്. ഒന്നിച്ച് പഠിക്കുന്നവരും, ജോലി ചെയ്യുന്നവരുമൊക്കെ പരസ്പരം ഇഷ്ടപ്പെട്ട് വിവാഹം കഴിക്കുന്നതും വ്യാപകമായിട്ടുണ്ട്. കൂടാതെ ജാതി മത പരിഗണനകളില്ലാതെ രജിസ്റ്റർ വിവാഹം കഴിക്കുന്നവരുടെ എണ്ണവും വല്ലാതെ വർദ്ധിച്ചു. ഇതൊക്കെ കഴിഞ്ഞ് വിവാഹബ്യൂറോകളെ സമീപിക്കുന്നവർക്കാണെങ്കിൽ നിരവധി നിബന്ധനകളാണ് ഉള്ളത്. മുന്പൊക്കെ മാതാപിതാക്കളായിരുന്നു മക്കളുടെ പേര് രജിസ്റ്റർ ചെയ്യാൻ ബ്യൂറോകളിൽ വന്നിരുന്നതെങ്കിൽ ഇന്ന് മക്കൾ തന്നെ നേരിട്ടെത്തിയാണ് തങ്ങളുടെ സങ്കൽപ്പത്തിലെ ജീവിത പങ്കാളിയെ പറ്റി വിശദീകരിക്കുന്നത്. പെൺകുട്ടികൾക്കാണ് ഇപ്പോൾ കൂടുതൽ ഡിമാൻ്റുകൾ ഉള്ളത്. വിദ്യാഭ്യാസമില്ലാത്ത യുവാക്കൾക്ക് ഇന്ന് വിവാഹ കന്പോളത്തിൽ യാതൊരു മാർക്കറ്റുമില്ല. അതുപോലെ അഞ്ച് വയസ് വ്യത്യാസമുണ്ടെങ്കിൽ പോലും വിവാഹം കഴിക്കാൻ ന്യൂ ജനറേഷൻ പെൺകുട്ടികൾ തയ്യാറല്ല. ഗൾഫുകാർക്കും വിവാഹകന്പോളത്തിൽ വില തീരെ കുറവാണ്. സ്വകാര്യ വിവാഹ ബ്യൂറോകൾക്കേറ്റ മറ്റൊരു തിരിച്ചടി ജാതിമത അടിസ്ഥാനത്തിൽ വിവിധ മത നേതൃത്വങ്ങൾ തന്നെ ഇൻഹൗസ് കല്യാണ ബ്യൂറോകൾ ആരംഭിച്ചതാണ്. വലിയ കമ്മീഷൻ നൽകാതെ തന്നെ ഇവിടെ നല്ല ആലോചനകൾ ലഭിക്കുന്നു എന്നതാണ് ഇതിന്റെ വിജയത്തിന് കാരണം. കൂടാതെ ഓൺലൈൻ മാട്രിമോണി സൈറ്റുകളും പഴയ കാല ദല്ലാളന്മാരെയും, വിവാഹ ബ്യൂറോകളെയും വലയ്ക്കുന്നുണ്ട്.
പ്രണയിച്ച് അറേഞ്ചഡ് വിവാഹത്തിലെത്താനാണ് ഇന്ന് മിക്കവർക്കും താത്പര്യം. അതിൽ തന്നെ വലിയ റിസ്ക്കെടുക്കാതെ സാന്പത്തികം, കുടുംബം, ജോലി, ജാതി, മതം എന്നിവയൊക്കെ അന്വേഷിച്ച് പ്രണയിക്കുന്ന പ്രാക്ടിക്കൽ പ്രണയിതാക്കളും നാട്ടിൽ കൂടി വരുന്നുണ്ട്. ഇതോടൊപ്പം തന്നെ സൂചിപ്പിക്കാവുന്ന ഒരു കാര്യം പ്രണയവിവാഹങ്ങൾ ഒരു തെറ്റായി കണ്ടിരുന്ന ഒരു സമൂഹത്തിൽ നിന്നും പ്രണയിക്കാതെ വിവാഹം കഴിക്കുന്നവരെതമാശയ്ക്കെങ്കിലും കളിയാക്കുന്ന ഒരു സമൂഹമായി പതിയെ കേരളീയർ മാറികൊണ്ടിരിക്കുന്നു എന്നതാണ്. സ്വന്തമായി ഒരു ഇണയെ പോലും കണ്ടുപിടിക്കാൻ പറ്റുന്നില്ലെങ്കിൽ അവൻ അല്ലെങ്കിൽ അവൾ ഒന്നിനും കൊള്ളാത്തവരായി മാറുന്നു. പല മാതാപിതാക്കളും തങ്ങളുടെ മക്കളോട് തന്നെ അവരു
ടെ ഇണകളെ കണ്ടെത്താൻ ആവശ്യപ്പെടുന്നതും സാധാരണ കാഴ്ച്ച
യായിട്ടുണ്ട്. ഇതൊക്കെ കൊണ്ട് തന്നെ പ്രണയത്തെ രഹസ്യമാക്കി മാറ്റി നിർത്താൻ പുതിയ തലമുറയിലെ കുട്ടികൾക്ക് താത്പര്യമില്ല. തങ്ങൾക്കൊരു ബോയ്ഫ്രണ്ട്, അല്ലെങ്കിൽ ഗേൾഫ്രണ്ട് ഉണ്ടെന്ന് അവർ സോഷ്യൽ മീഡിയകളിലൂടെ തുറന്ന് പറയാനും മടികാണിക്കുന്നില്ല.
ബഹ്റിനടക്കം പല രാജ്യങ്ങളിലും വിവാഹം കഴിക്കുന്നതിന് മുന്പ് കുറച്ച് നാൾ ഒന്നിച്ച് താമസിക്കുന്നവരുടെ എണ്ണം കൂടി വരികയാണ്. ലിവ് ഇൻ റിലേഷൻഷിപ്പിലൂടെ പരസ്പരം മനസ്സിലാക്കിയതിന് ശേഷമാണ് ഇവർ നിയമപരമായി ഒന്നിക്കുന്നത്. ഏകദേശം ഈ ഒരു അവസ്ഥ കൊച്ചി പോലെയുള്ള മെട്രോ നഗരങ്ങളിൽ വളരെ സാധാരണമായ ഒരു കാഴ്ച്ചയായി മാറിയിരിക്കുന്നു. വിവാഹമോചനങ്ങൾ വളരെയധികം വർദ്ധിച്ചിരിക്കുന്ന ഇന്ന് ലിവ് ഇൻ റിലേഷൻ പോലുള്ള ബന്ധങ്ങൾക്ക് ഇനി വരുന്ന കാലത്ത് പ്രസക്തി വർദ്ധിക്കുമോ എന്ന് കാത്തിരുന്ന് കാണേണ്ട കാര്യമാണ്. ആദ്യം പറഞ്ഞത് പോലെ കാലം മാറുന്പോൾ പലതും മാറുന്നു. ചിലത് നമുക്ക് സ്വീകരിക്കാൻ പറ്റില്ലെങ്കിൽ പോലും...