തുരുന്പെടുക്കുന്നതിന് മുന്പ്...
പ്രദീപ് പുറവങ്കര
യന്ത്രവത്കൃതമായ ഒരു ലോകത്താണ് ഇന്ന് നാം ജീവിക്കുന്നതെന്ന് പരാതി പറയുന്നവരാണ് മിക്കവരും. മനുഷ്യർക്ക് കൊടുക്കേണ്ട വിലയെക്കാൾ യന്ത്രങ്ങൾക്ക് നാം വില കൽപ്പിക്കുന്നു എന്നതാണ് ആ പരാതിയുടെ ധ്വനി. മനുഷ്യന് പ്രായമായാൽ വൃദ്ധസദനത്തിൽ എത്തിക്കാൻ കാണിക്കുന്ന തിരക്ക് യന്ത്രങ്ങളോട് പൊതുവെ ഉണ്ടാകാത്തതും ഈ ഒരു കാരണം കൊണ്ടായിരിക്കണം. നമ്മുടെ ബാല്യ കാലത്ത് ഉപയോഗിച്ച കള്ളിപ്പാട്ടങ്ങൾ വർഷങ്ങളോളം നമ്മൾ സൂക്ഷിച്ച് വെയ്ക്കുന്നത് ഇതിന്റെ ഉദാഹരണമാണ്. എത്ര ഉപയോഗശൂന്യമായി ഇത്തരമൊരു സാധനം മാറിയാലും അതിനെ കളയാൻ എന്തോ നമ്മുടെ മനസ് അനുവദിക്കില്ല.
ഇരുപോലെ തന്നെ റോഡരികിലെ തുരുന്പ് പിടിച്ചു കിടക്കുന്ന വാഹനങ്ങൾ നമുക്ക് പുതുമയല്ല. പ്രത്യേകിച്ച് എല്ലാ പോലീസ് േസ്റ്റഷന്റെ മുന്പിലും ബിഎംഡബ്ല്യു മുതൽ ഗരുഡ ഓട്ടോറിക്ഷ വരെ തുരുന്പെടുത്ത് നശിക്കുന്നത് എന്നും കണ്ടു കൊണ്ടിരിക്കുന്ന കാഴ്ച്ചയാണ്. ഇവയൊക്കെ ഇടയ്ക്കിടെ ലേലം ചെയ്ത് വിറ്റാൽ ലഭിക്കുന്ന പണം മതി നാട്ടിലെ ജനങ്ങൾക്ക് അത്യാവശ്യം സന്തോഷത്തോടെ ജീവിക്കാൻ എന്നതാണ് സത്യം. സർക്കാർ ആശുപത്രികളിലെ പഴകിയ കട്ടിലുകൾ മുതൽ ഓഫീസുകളിലെ പൊടി പിടിച്ച അലമാരകൾ വരെ ഒരു സമയം കഴിഞ്ഞാൽ ലേലം ചെയ്തു വിൽക്കാൻ സാധിക്കുന്നതേയുള്ളൂ. പക്ഷെ ദൗർഭാഗ്യവശാൽ പരിസര ശുചീകരണം എന്നാൽ കേവല ശൗചാലയ നിർമ്മാണം മാത്രമായി ഒതുങ്ങുന്ന അവസ്ഥയാണ് ഇപ്പോൾ നിലനിൽക്കുന്നത്.
വരാനിരിക്കുന്നത് പ്രവാസിയുടെ അവധിക്കാലമാണ്. ഗൾഫിൽ പഠിക്കുന്ന കുട്ടിയോട് നാട്ടിൽ വരാൻ ഇഷ്ടമില്ലാത്തത് എന്ത് കൊണ്ടാണ് എന്ന് ചോദിച്ചാൽ വൃത്തിയില്ല എന്നതായിരിക്കും മിക്കവാറും ഉത്തരം. ഈ ധാരണയാണ് മാറേണ്ടത്. നമ്മുടെ നാടും ജീവിക്കാൻ കൊള്ളാവുന്നതാണ് എന്ന് മലയാളികൾ തെളിയിക്കണം. വലിയ വീടുകൾ ഏറ്റവുമധികം നിർമ്മിക്കുന്നവരാണ് മലയാളികളായ മിക്ക പ്രവാസികളും. ഗൃഹപ്രവേശത്തിന്റെ അന്ന് കാണിക്കുന്ന ആവേശം അതിന് ശേഷം മിക്കവർക്കും തുടരാൻ സാധിക്കാറില്ല. അവധി കഴിഞ്ഞ് അവർ തിരികെ പോകുന്പോഴേയ്ക്കും വലിയ വീടിന്റെ കൂറ്റൻ വാതിലിനും താഴ് വീഴുന്നു. എപ്പോഴെങ്കിലും ഒന്ന് അടിച്ച് വാരി വൃത്തിയാക്കുന്ന ഇടങ്ങളായി ഈ ബംഗ്ലാവുകൾ മാറുന്നു.
ഉപയോഗശൂന്യമായ എല്ലാത്തിനെയും കളയണമെന്ന് ആവശ്യപ്പെടുന്പോൾ വികാരപരമായി ചിന്തിക്കുന്ന സുഹൃത്തുക്കൾ പലരും പ്രായമായ അച്ഛനെയും അമ്മയെയും നമുക്ക് ഉപേക്ഷിക്കാൻ സാധിക്കുമോ എന്ന മുടന്തൻ ചോദ്യവുമായി രംഗത്തെത്തും. മനുഷ്യനെ മനുഷ്യനായും ഉപകരണങ്ങളെ വെറും യന്ത്രങ്ങളായും കാണാൻ സാധിക്കാത്തവരാണ് ഇത്തരം ചോദ്യങ്ങൾ ചോദിക്കുന്നത്. അനാവശ്യമായ, ഉപയോഗശൂന്യമായ സാധനങ്ങൾ ഒരു വീട്ടിൽ നിന്നു എടുത്തു മാറ്റുന്പോൾ പ്രായമായവർക്ക് അത് നൽകുന്ന ആശ്വാസം പറഞ്ഞറിയിക്കാൻ പറ്റാത്തതായിരിക്കും. പൊടിപിടിച്ച് കിടക്കുന്ന സാധനങ്ങൾ കാരണം ആസ്തമ പോലെയുള്ള ശാരീരികാസ്വസ്ഥതകൾ അവിടെയുള്ളവരെ ബുദ്ധിമുട്ടിക്കുന്നുണ്ടാകുമെന്ന് ഉറപ്പാണ്. ഇതുപോലെ തന്നെയാണ് റോഡ് വക്കിൽ കിടക്കുന്ന തുരുന്പ് പിടിച്ചു കിടക്കുന്ന വാഹനങ്ങളും, സർക്കാർ ഓഫീസുകളിലെ പഴക്കം ചെന്ന ഫർണിച്ചറുകളും എടുത്ത് മാറ്റുന്പോൾ പൊതു സമൂഹത്തിനും ഉണ്ടാകാനിരിക്കുന്ന ആശ്വാസം. ഇതെപറ്റി ഗവൺമെന്റ് ശ്രദ്ധിക്കുമെന്ന വിശ്വാസത്തോടെ...